ശബരിമല വിശ്വാസികളെ അപമാനിക്കാനും അടിച്ചമര്‍ത്താനും ഇടതുമുന്നണി സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതി നെടുകെ പിളരുന്നു എന്നത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഹിന്ദുവിരുദ്ധ രാഷ്ട്രീയത്തിനേല്‍ക്കുന്ന തിരിച്ചടിയാണ്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ബലംപ്രയോഗിച്ച് യുവതികളെ കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി വനിതാമതില്‍ നിര്‍മിക്കുന്നതിനുവേണ്ടിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ചില സമുദായസംഘടനകളെ ഉള്‍പ്പെടുത്തി നവോത്ഥാന മൂല്യസംരക്ഷണസമിതി രൂപീകരിച്ചത്. ഇതില്‍നിന്നാണ് സര്‍ക്കാരുമായും സിപിഎമ്മുമായുള്ള അഭിപ്രായഭിന്നതമൂലം പകുതിയിലേറെ സംഘടനകള്‍ പുറത്തുവരുന്നത്. സമിതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വിശാലഹിന്ദു ഐക്യത്തിന് തടസ്സമാണെന്ന് ഹിന്ദുപാര്‍ലമെന്റ് എന്ന സംഘടന മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു. സമിതിയില്‍നിന്ന് പിന്മാറുന്ന പല സംഘടനകള്‍ക്കും ഇതേ അഭിപ്രായമാണുള്ളത്.
ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനുവേണ്ടി ജാതീയമായ ഭിന്നതകള്‍ക്കും, രാഷ്ട്രീയമായ ചേരിതിരിവുകള്‍ക്കും അതീതമായി ഒറ്റക്കെട്ടായി രംഗത്തുവന്ന ഹിന്ദുക്കളെ വിഘടിപ്പിക്കുകയാണ് നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ ലക്ഷ്യമെന്ന് അത് രൂപീകരിച്ചപ്പോള്‍തന്നെ ഹിന്ദുസംഘടനകള്‍ ചൂണ്ടിക്കാട്ടിയതാണ്. സ്ഥാനമാനങ്ങളും സാമ്പത്തികമുള്‍പ്പെടെ മോഹനവാഗ്ദാനങ്ങളും നല്‍കിയാണ് പല സമുദായ സംഘടനാ നേതാക്കളെയും സര്‍ക്കാര്‍ നവോത്ഥാനസമിതിക്കൊപ്പം നിര്‍ത്തിയത്. എന്നാല്‍ സ്വസമുദായങ്ങളില്‍ ഒറ്റപ്പെട്ടുപോവുകയാണ് തങ്ങളെന്ന് നേതാക്കളില്‍പലരും അധികംവൈകാതെ തിരിച്ചറിഞ്ഞു. നേതാക്കള്‍ക്കൊപ്പം നില്ക്കാന് സമുദായാംഗങ്ങള്‍ തയ്യാറായില്ല. വനിതാമതില്‍ പൊളിഞ്ഞെന്നും വിശ്വാസികളെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും നവോത്ഥാന സമിതിയുടെ ചെയര്‍മാനും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍തന്നെ പരസ്യപ്രസ്താവന നടത്തിയത് ഇതിനാലാണ്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പരാജയഭീതിപൂണ്ട സിപിഎമ്മും ഇടതുമുന്നണിയും കബളിപ്പിക്കല്‍ തന്ത്രവുമായി രംഗത്തുവന്നു. തങ്ങള്‍ വിശ്വാസികള്‍ക്കെതിരല്ലെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ഈ കാപട്യം ജനങ്ങള്‍ അംഗീകരിച്ചില്ല എന്നതിന് തെളിവായി.
വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയാണ് സിപിഎം നവോത്ഥാനത്തെ പാടിപ്പുകഴ്ത്തുന്നത്. അയ്യാ വൈകുണ്ഠ സ്വാമികളും ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയുമൊക്കെ കരുപ്പിടിപ്പിച്ച നവോത്ഥാനത്തെ ഹൈജാക്കുചെയ്യുകയും അട്ടിമറിക്കുകയുംചെയ്ത പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. ഇതിനായി അവര്‍ ചട്ടമ്പിസ്വാമികളെ വര്‍ഗീയവാദിയും ഗുരുദേവനെ വെറും ബൂര്‍ഷ്വാ പരിഷ്കര്‍ത്താവുമായി ചിത്രീകരിച്ചു. തങ്ങള്‍ക്ക് ജാതിയും മതവുമില്ലെന്ന് പറഞ്ഞുനടന്നവര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ പരമാവധി വിഭജിച്ചു. അധഃസ്ഥിത ജനവിഭാഗങ്ങളുടെ മുന്നേറ്റത്തെ തടയാന്‍ ഇഎംഎസ് നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ പ്രത്യയശാസ്ത്ര ക്കസര്ത്തുകള് കാണിച്ചു. ചരിത്രരചനകളില്നിന്ന് അയ്യങ്കാളിയെപ്പോലുള്ളവരെ തുടച്ചുനീക്കാന്‍ ശ്രമിച്ചു. സാംസ്കാരിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് വളര്‍ന്നുവന്ന സമുദായ സംഘടനകളെ ജാതിസംഘടനകളാക്കി അധഃപതിപ്പിക്കുന്നതില്‍ ഇടതുപാര്‍ട്ടികള്‍ വഹിച്ച പങ്ക് അധികം പഠനവിധേയമായിട്ടില്ല.
തെരഞ്ഞെടുപ്പില്‍ കിട്ടിയ തിരിച്ചടിയില്‍ നടുങ്ങിവിറച്ച സിപിഎം വീടുകള്‍തോറും കയറിയിറങ്ങി വിശ്വാസികളോട് ഐക്യം പ്രഖ്യാപിച്ച് പാര്‍ട്ടിയുടെ വികൃതമായ മുഖം വെള്ളപൂശാന്‍ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടു. ചോദ്യശരങ്ങളുമായി നേരിട്ട സാധാരണക്കാര്‍ക്ക് മറുപടി നല്കാനാവാതെ ഈ പരിപാടി ഇടയ്ക്കുവച്ച് അവസാനിപ്പിക്കേണ്ടിവന്നു. ഈ പശ്ചാത്തലത്തിലാണ് നവോത്ഥാനമൂല്യ സംരക്ഷണസമിതിയും പിളര്‍പ്പിലേക്ക് നീങ്ങുന്നത്. നേതാക്കളില്‍ കിടമത്സരം വളര്‍ത്തി സമുദായങ്ങളെ തമ്മിലടിപ്പിച്ച് ഹിന്ദുസമൂഹത്തെ തകര്‍ക്കുകയെന്നത് ഇടതുപാര്‍ട്ടികളുടെ പ്രഖ്യാപിത നയമാണ്. ഇതിനുവേണ്ടിത്തന്നെയാണ് നവോത്ഥാനമൂല്യ സംരക്ഷണസമിതിയും രൂപീകരിച്ചത്. വൈകിയ വേളയിലാണെങ്കിലും ഈ സത്യം സമുദായസംഘടനാ നേതാക്കള്‍ തിരിച്ചറിയുന്നത് ശുഭോദര്‍ക്കമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: