കാമാസുരന് വീണ്ടും അസുരകളെ സംഘടിപ്പിക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍ ശ്രീപരമേശ്വരന്റെ അനുഗ്രഹം കൊണ്ടേ കാര്യവിജയമുണ്ടാകൂ എന്ന് ഗുരു ശുക്രാചാര്യര്‍ കാമാസുരനെ ഉപദേശിച്ചു. മഹാദേവമന്ത്രം ഉപദേശം നല്‍കി തപസ്സിനായി കാമാസുരനെ പറഞ്ഞയച്ചു.
കഠിനതപസ്സിലൂടെ ശ്രീപരമേശ്വരനെ പ്രത്യക്ഷനാക്കി വരങ്ങള്‍ വാങ്ങിയ കാമാസുരന്‍ അസുരന്മാരുടെ നായകത്വം ഏറ്റെടുത്തു. ശുക്രാചാര്യര്‍ കാമാസുരനെ അസുരസാമാജ്ര്യത്തിന്റെ സമ്രാട്ടായി അധികാരമേല്‍പ്പിച്ചു. മഹിഷപുത്രിയായ തൃഷ്ണയെ കാമാസുരനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു.
കാമാസുരന്റെ ഭരണം തുടങ്ങിയതോടെ അസുരന്മാര്‍ നാടാകെ വിഹരിച്ചു. നാടെങ്ങും അക്രമങ്ങള്‍ പരന്നു. അസുരന്മാരുടെ വിളയാട്ടം. കൊള്ളകള്‍ക്കും കൊള്ളിവയ്‌പ്പിനും ഔദ്യോഗിക അനുമതി കിട്ടിയ പ്രതീതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ സ്ഥിരമായി കൈയേറ്റങ്ങള്‍. ബലാല്‍ക്കാരങ്ങളും ബാല പീഡനങ്ങളും വര്‍ധിച്ചു. അരാജകത്വം കൊണ്ട് നാടു നശിച്ചു തുടങ്ങി.
നാട്ടിലെ സമ്പത്തു തീര്‍ന്നപ്പോള്‍ അസുരന്മാര്‍ ദേവലോകത്തേക്കും അക്രമം വ്യാപിപ്പിച്ചു. ഭയത്തിലാണ്ട ദേവന്മാര്‍ മഹര്‍ഷിമാരുടെ മുമ്പില്‍ അഭയം തേടി. എന്നാല്‍ പല മഹര്‍ഷിമാരും തുല്യ ദുഃഖിതരായിരുന്നു. ഉരലു ചെന്നു മദ്ദളത്തോട് സങ്കടം പറയുന്ന അവസ്ഥ.
ഇതിനിടെ മഹര്‍ഷിമാര്‍ ദേവകള്‍ക്ക് കുറേ നിര്‍ദേശങ്ങള്‍ നല്‍കി. മുദ്ഗല മഹര്‍ഷിയെക്കണ്ട് അദ്ദേഹത്തിന്റെ നിര്‍ദേശം തേടുക എന്നതായിരുന്നു അതില്‍ പ്രധാനം. അതനുസരിച്ച് മുദ്ഗല മഹര്‍ഷിയെ ചെന്നുകണ്ട ദേവന്മാര്‍ക്ക് ആവശ്യാനുസൃതമായ നിര്‍ദേശങ്ങളാണ് ലഭിച്ചത്. ശ്രീഗണേശനെ ആശ്രയിച്ച് ദോഷനിവാരണത്തിനുള്ള മാര്‍ഗം തേടുക. പിന്നെ മറ്റൊരാളുടെ മുന്നില്‍ കൈനീട്ടാനുള്ള അവസരം ഗണേശനുണ്ടാക്കിയില്ല. വികടഗണേശ്വരനെ മയില്‍വാഹനനായി കണ്ട് ആരാധിക്കുക. ദേവന്മാരും മഹര്‍ഷിമാരും ചേര്‍ന്ന് വികടഗണേശ്വരനെ തപസ്സു ചെയ്തു. അധികം താമസിയാതെ തന്നെ ശ്രീഗണേശന്‍ വികട ഗണേശനായി അവതാരം കൈകൊണ്ട് മയിലിന്റെ മുകളില്‍ കയറി അവിടെ ആഗതനായി.
കാമാസുരന്റെ ഉപദ്രവം ഒഴിവാക്കിത്തരാമെന്ന് വികടഗണേശന്‍ വാക്കു നല്‍കി. അദ്ദേഹം ദേവകളെ ആശ്വസിപ്പിച്ചു.
വികടഗണേശന്‍ കാമാസുരനെ മുന്നില്‍ വരുത്തി. താന്‍ എങ്ങനെ ശ്രീഗണേശന്റെ മുന്നിലെത്തിയെന്നു പോലും കാമാസുരന് അറിയാന്‍ കഴിഞ്ഞില്ല. ശ്രീഗണേശനോട് എങ്ങനെ പെരുമാറണം എന്നു ബോധ്യപ്പെടാന്‍ തന്നെ ഏറെ സമയമെടുത്തു. ഒടുവില്‍ യുദ്ധം തുടങ്ങി. എന്നാല്‍ വികടഗണേശന്റെ വേഗത്തിനും ശക്തിക്കും മുമ്പില്‍ കാമസുരന്‍ പരാജയപ്പെടുകയായിരുന്നു.
വിവിധങ്ങളായ ആയുധങ്ങള്‍ കാമാസുരന്‍ പ്രയോഗിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഒടുവില്‍ തളര്‍ന്നു വീഴാറായ കാമാസുരനോട് ശ്രീഗണേശനു മുന്നില്‍ കീഴടങ്ങാന്‍ ശുക്രാചാര്യന്‍ തന്നെ നിര്‍ദേശം നല്‍കി. ഗുരു നിര്‍ദേശത്തെ മാനിച്ച് മാനസാന്തരം വന്ന് കാമാസുരന്‍ കീഴടങ്ങി. ഗണേശന്‍ അവന് അഭയം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക