ഓണവുമായി ബന്ധപ്പെട്ട് ഉത്തരകേരളത്തില്‍ നിലനിന്നിരുന്ന രണ്ട് കലാരൂപങ്ങളാണ് ഓണത്താറും ഓണപ്പൊട്ടനും. ഈ രണ്ട് കലാരൂപങ്ങളും അനുഷ്ഠാനപൂര്‍വ്വം നിര്‍വ്വഹിക്കുന്നത് തെയ്യംകെട്ട് സമുദായങ്ങളായ വണ്ണാന്‍മാരും മലയന്മാരുമാണ്. ഉത്രാടം, തിരുവോണം നാളുകളില്‍ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ചും വളപട്ടണം പുഴയ്‌ക്ക് വടക്കായി, വണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് ഓണത്താറിന്റെ വേഷംകെട്ടി വീടുകള്‍ തോറും എത്തുന്നത്. ചെറിയ ആണ്‍കുട്ടികളാണ് ഈ വേഷം കെട്ടുന്നത്. മുഖത്ത് തേപ്പ്, ചുവന്ന ഉടുത്തുകെട്ട്, വലതുകൈയില്‍ മണി, ഇടതുകൈയില്‍ ഓണവില്ല് എന്നിങ്ങനെയാണ് ഓണത്താറിന്റെ വേഷവിധാനം. കൂടെയുള്ള മുതിര്‍ന്നയാള്‍ ചെണ്ടയുടെ അകമ്പടിയോടെ ബലിവാമന പുരാവൃത്തം വിവരിക്കുന്ന പാട്ടുപാടി വീടുകള്‍ കയറിയിറങ്ങും. ആദരപൂര്‍വ്വം ഓണത്താറിനെ സ്വീകരിക്കുന്ന വീട്ടുകാര്‍ ദക്ഷിണ നല്‍കി യാത്രയയ്‌ക്കുന്നു.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ ഓണക്കാലത്ത് മലയവിഭാഗത്തില്‍ പെട്ടവര്‍ ഓണപ്പൊട്ടനെ കെട്ടിയാടുന്നു. ഓണേശ്വരനെന്നും പേരുണ്ട്. ഓണത്താറെ പോലെ തന്നെ ഓണപ്പൊട്ടനും വീടുകള്‍ കയറി ഇറങ്ങുന്നു. കുരുത്തോല തൂക്കിയിട്ട ഓലക്കുട ചൂടിയാണ് ഓണപ്പൊട്ടന്‍ വരുന്നത്. കൈമണിയുമുണ്ടാകും. മൂക്കിന് താഴെ വായമറച്ചുകൊണ്ട് കൈതനാരുകൊണ്ടുള്ള താടി നെഞ്ചുവരെ നീണ്ടുനില്‍ക്കും.
ഈ രണ്ട് കലാരൂപങ്ങളും ഇന്ന് ഏതാണ്ട് പൂര്‍ണമായും അന്യംനിന്നു കഴിഞ്ഞു. അനുഷ്ഠാനമെന്ന നിലയില്‍ ചിലയിടങ്ങളില്‍ അത്യപൂര്‍വ്വമായി മാത്രം ഓണക്കാലത്ത് പ്രത്യക്ഷപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: