ജന്മവും കര്‍മവും അതിന്റെ ധര്‍മവും കൊണ്ട്, ഏറെ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ള കഥാപാത്രം മഹാഭാരതത്തിലെ കര്‍ണനാണ്. വ്യാസന്റെ മഹാഭാരതത്തില്‍നിന്ന് പുറത്തിറക്കിയപ്പോള്‍ അത് കാലത്തെ കല്‍പ്പനകളിലൂടെ, വ്യാഖ്യാതാവിന്റെ കാഴ്ചപ്പാടുകളിലൂടെ, കര്‍ണന്‍ എന്തൊക്കെയോ, ആരൊക്കെയോ ആയി. കൈയില്‍ കിട്ടിയാല്‍ ഉടന്‍ കുന്തിയമ്മ പെട്ടിയിലടച്ച് ഒഴുക്കിവിട്ട കര്‍ണനെ വളര്‍ത്തിയത് അധിരഥനും ദുര്യോധനനും മാത്രമല്ല; എഴുത്തുകാരായ പോറ്റച്ഛനമ്മമാര്‍ ഏറെയുണ്ടായി കര്‍ണന്! അവരെല്ലാം അവരവരുടെ കര്‍ണന്മാരെ വളര്‍ത്തി വലുതാക്കി. കൗരവര്‍ക്കും പാണ്ഡവര്‍ക്കും തിരിച്ചറിയാനാവാത്തതുപോലെ യഥാര്‍ത്ഥ കര്‍ണനെ ആരും കാണാതായി.
ഇങ്ങനെ യഥാര്‍ഥ വിഗ്രഹം ഉടച്ച് പുതുത് സ്ഥാപിച്ച പല പരിശ്രമങ്ങളിലും വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ടായിരുന്നു പലര്‍ക്കും; അത് കക്ഷിരാഷ്‌ട്രീയ തലത്തിലേക്ക് താണുപോയിട്ടുമുണ്ട് ചില ഘട്ടത്തില്‍. കര്‍ണകഥകളില്‍, കര്‍ണനെ അധിരഥന്റെ, സൂതന്റെ മകനാക്കി, ആ പക്ഷത്തുനിര്‍ത്തി, സവര്‍ണ-അവര്‍ണ വര്‍ഗഭേദവും ജാതീയ പീഡനവും കേന്ദ്രീകരിച്ച് വ്യാഖ്യാനിക്കാന്‍ ശ്രമങ്ങള്‍ അധികം നടന്നു. ഒരുപരിധിവരെ അത് സാഹിത്യത്തിലെ കക്ഷിരാഷ്‌ട്രീയത്തിന്റെ സ്വാധീനംകൊണ്ടുകൂടിയായിരുന്നു. സൂര്യപുത്രനെ സൂതപുത്രനാക്കി, പിന്നീട് സൂതപക്ഷം ചേര്‍ന്ന് വാദിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ പ്രചാരണ സൂത്രവിദ്യയും അതിനു പിന്നിലുണ്ടായിരുന്നു.
പ്രതിനായകന്മാരെ നായകരാക്കി നായകനെ എതിര്‍സ്ഥാനത്ത് നിര്‍ത്തി, വിചാരണ ചെയ്യുന്ന പ്രവണത ഒരിക്കല്‍ ശക്തമായിരുന്നു; ഇന്നുമുണ്ട്. സാഹിത്യത്തിന്റെ ‘സങ്കല്‍പ്പ വായുവിമാനത്തിലെ’ ഈ യാത്ര ആവിഷ്‌കാര സ്വാതന്ത്ര്യമാകാം. പക്ഷേ, അടിസ്ഥാന വിഷയത്തില്‍നിന്ന്, സത്യത്തില്‍നിന്നുള്ള അപഭ്രംശമാണത്, വായനയുടെ വഴിതെറ്റിക്കലുമാണ്. ഈ കുഴികളില്‍നിന്ന് കര്‍ണനെ കരകയറ്റാന്‍ വ്യാസഭാരതത്തില്‍നിന്ന് ആര്‍. ഹരി നിരത്തുന്ന യുക്തികള്‍ ഉദ്ധരിക്കാന്‍ തുടങ്ങിയാല്‍ പുസ്തകം മുഴുവന്‍ പകര്‍ത്തേണ്ടിവരും. എങ്കിലും ഒന്നുരണ്ടെണ്ണം: ”എതിര്‍ത്തു പൊരുതിയാല്‍ ബ്രാഹ്മണനേയും വധിക്കാം. (189-9), ”അപരാധം ചെയ്തവരാണെങ്കിലും ബ്രാഹ്മണര്‍ എന്നും രക്ഷിക്കപ്പെടേണ്ടവരാണ്,” (189-36). വസ്ത്രാക്ഷേപ സദസില്‍ കര്‍ണന്‍ അലറി, ”… ഒറ്റത്തുണിയില്‍ ഇവളെ സഭയില്‍ കൊണ്ടുവരുന്നത് അധര്‍മമാണത്രേ. മണ്ടത്തരം! ഇവള്‍ പതിവ്രതയല്ല. പതിവ്രതകള്‍ക്ക് ഒരൊറ്റ കണവനേ കാണൂ- പലര്‍ക്കു വശപ്പെട്ടവള്‍ വേശ്യതന്നെ. വേശ്യ തുണി ചുറ്റിയാലെന്ത്, ഇല്ലെങ്കിലെന്ത്?… അടിമകളുടേയും അവരുടെ പെണ്ണിന്റേയും ഉടുവസ്ത്രം ഊരിമേടിക്കൂ..” (സഭാപര്‍വം 68, ശ്ലോകം 27 മുതല്‍ 39 വരെ) പലരും അലങ്കരിച്ചവതരിപ്പിച്ച കര്‍ണനില്‍നിന്ന് ഇത് കേള്‍ക്കാനാവില്ല.
ഉദ്യോഗ പര്‍വത്തില്‍ (141, 5-12) കര്‍ണ-കൃഷ്ണ സംവാദത്തില്‍ കര്‍ണന്‍ ആത്മകഥ പറയുന്നുണ്ട്. പുനരാഖ്യാനങ്ങളില്‍ പലതിലും കാണാത്ത കര്‍ണന്‍. ഒരുപക്ഷേ പുനഃസ്രഷ്ടാക്കള്‍ കണ്ടിട്ടും വിട്ടതാകണം. സത്യവും ധര്‍മവും സ്ഥാപിക്കലല്ലായിരുന്നല്ലോ, വിഗ്രഹങ്ങള്‍ തകര്‍ക്കലായിരുന്നല്ലോ അവരുടെ ലക്ഷ്യം. ആര്‍. ഹരിയുടെ ഉദ്ദേശ്യം അതല്ലാതാനും. ഇനി പുസ്തകത്തെ കുറിച്ച് വിമര്‍ശിച്ചെന്തെങ്കിലും പറയണമെങ്കില്‍ ചില അച്ചടിപ്പിശകുകളും ഏറെ ചുരുങ്ങിപ്പോയതും മാത്രമേ ഉള്ളുവെന്ന് തോന്നുന്നു.
‘കൈരളിയുടെ കര്‍ണപുണ്യ’മെന്ന് സഞ്ജയന്‍ വിശേഷിപ്പിച്ച കര്‍ണഭൂഷണത്തിലൂടെ ഉള്ളൂര്‍ ഉജ്ജ്വലനാക്കിയ ‘കര്‍ണന്‍, കരാഞ്ചിത കാളപൃഷ്ടന്‍’, ‘പാത്രത്തില്‍ ദാനമെന്നോതുന്ന ത്യാഗി’യാണ്. ഉള്ളൂരിന്റെ വാക്കുകളുടെ ഗരിമയിലും കല്‍പനയുടെ ഗഹനതയിലും വളര്‍ന്ന കര്‍ണന്‍ കവിതാരംഗത്തെ കുലീനമായ കെട്ടുകാഴ്ചയാണ്. വി.ടി. നന്ദകുമാറിന്റെ ‘എന്റെ കര്‍ണന്‍’, നോവല്‍ ശാഖയില്‍ കര്‍ണന് പതിച്ചുകൊടുത്ത അംഗരാജ്യമല്ല, സൂര്യസാമ്രാജ്യം തന്നെയാണ്. അലങ്കരിച്ചലങ്കരിച്ച്, ആകര്‍ഷിക്കുകയും അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്നു ആ സാഹിത്യ ശൃംഗം. അടുത്തിടെ ‘എന്റെ കര്‍ണന്‍’ പുതിയ പതിപ്പിറങ്ങി, ബൃഹദ് ഗ്രന്ഥമായി (സാഹിത്യ അക്കാദമി). പിന്നെ എത്രയെത്ര കര്‍ണകഥകള്‍, വിവിധ സാഹിത്യമേഖലയിലെ സൃഷ്ടികള്‍. അവയൊക്കെയും സൃഷ്ടിച്ച കര്‍ണ വിഗ്രഹങ്ങള്‍!!
ഇവയ്‌ക്കിടയില്‍ മറഞ്ഞുപോയ വ്യാസന്റെ കര്‍ണനെ കൃത്യമായി കണ്ടെത്തി അവതരിപ്പിക്കുകയാണ് ആര്‍. ഹരി, ‘വ്യാസഭാരതത്തിലെ കര്‍ണന്‍’ എന്ന പുസ്തകത്തിലൂടെ. മറ്റുള്ള കര്‍ണന്മാരെ ഇകഴ്‌ത്താനോ, യഥാര്‍ത്ഥ കര്‍ണനല്ലെന്ന് പറയാനോ അല്ലേയല്ല ഈ എഴുത്ത്. വ്യാസന്റെ കര്‍ണനെ കാട്ടിത്തരാനാണ്.
എന്തിന്, എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് കാമ്പ്. ‘യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ ഭവതി ഭാരത’ എന്ന് യുദ്ധരംഗത്താണ് ശ്രീകൃഷ്ണന്‍ പറഞ്ഞതെങ്കിലും സര്‍വരംഗത്തും ബാധകമാണ്; ധര്‍മഗ്ലാനി സാഹിത്യത്തില്‍ സംഭവിക്കുമ്പോള്‍ സംസ്‌കാരത്തിലും അതുവഴി സമൂഹത്തിലും രാഷ്‌ട്രത്തിലും കാലക്രമത്തില്‍ ദോഷം വരുത്തും. ‘ദേശത്തിന്റെ പൂജാരിക്ക്’ അപ്പോള്‍ നിര്‍മാല്യം നടത്താതെ വയ്യെന്നു വരും.
അതാണ് എന്തിന് എന്നതിന്റെ ഉത്തരം. എന്തുകൊണ്ട് എന്ന ചോദ്യത്തിന്, അത് മറ്റാരും ചെയ്യാത്തതുകൊണ്ട് എന്നുതന്നെ മറുപടി. പുരാണവും ഇതിഹാസവും ധര്‍മമാര്‍ഗ ഗ്രന്ഥങ്ങളും അടിസ്ഥാന ലക്ഷ്യം എന്തായിരുന്നു എന്ന അടിത്തറ മറന്ന് പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ധര്‍മവിരുദ്ധമാണ്, മൂല്യനിരാസമാണ്. ‘കാവ്യം യശസേര്‍ഥകൃതേ, വ്യവഹാര വിദേ, ശിവേതരക്ഷതയേ’ എന്ന മമ്മട ഭട്ടന്റെ തത്ത്വത്തിലെ, പ്രശസ്തിയും പണവും മാത്രം ലാക്കാക്കുകയും ജീവിതം പഠിപ്പിക്കുകയും അമംഗളത്തെ ക്ഷയിപ്പിക്കുകയും ചെയ്യുകയെന്ന മുഖ്യധര്‍മം മറയ്‌ക്കുകയും മറക്കുകയും ചെയ്യുമ്പോള്‍ അടിസ്ഥാനലക്ഷ്യം സാധ്യമല്ലാതാകുന്നു. മഹാഭാരതത്തെ വിശ്ലേഷണം ചെയ്ത കുട്ടികൃഷ്ണ മാരാരും ഒരു പരിധിക്കപ്പുറം ഈ ധര്‍മസംസ്ഥാപനത്തെക്കുറിച്ച് നിഷ്‌കര്‍ഷ പാലിച്ചില്ല.
ന്യായാന്യായ വിചാരണയില്‍, അക്കൂട്ടത്തില്‍ ഒന്നാന്തരമായി ശേഷിക്കുന്നത് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ ‘മഹാഭാരതപര്യടന’മാണ് എന്ന് ആരും സമ്മതിക്കും. ആ ശാഖയില്‍ ഒപ്പമോ അതിനുമപ്പുറമോ നില്‍ക്കുന്ന നിരൂപണ വിമര്‍ശന കര്‍മമാണ് ആര്‍. ഹരിയുടേത്. കാരണം പ്രൊഫ. തുറവൂരിന്റെ വൈഭവത്തിനപ്പുറം സാമൂഹ്യ പരിഷ്‌കരണമെന്ന കാഴ്ചപ്പാടും കൂടി ലാക്കിടുന്നതാണ് ആര്‍.ഹരിയുടെ മാര്‍ഗം.
കാലം അടയാളമാക്കി മാറ്റും ഈ എഴുത്തുകള്‍; ‘വാല്മീകി രാമായണം അരുളും പൊരുളും’, ‘മഹാഭാരതം പറയപ്പെടാത്ത നേരുകള്‍’, ‘വ്യാസഭാരതത്തിലെ ശ്രീകൃഷ്ണന്‍’, ‘ദ്രൗപദി’ (അച്ചടിയില്‍) എന്നിവ പ്രത്യേകിച്ച്. തത്ത്വമസി വാക്യം ഏറ്റവും പ്രസക്തമായ, ജനകീയ ചര്‍ച്ചയായ കാലത്തും ഉപനിഷത്ത് വ്യാഖ്യാനിച്ച് തത്ത്വമസിയെഴുതിയ സുകുമാര്‍ അഴീക്കോട് ചര്‍ച്ചയാകാത്തതിന് കാരണമുണ്ട്. വിദേശിയായ മാര്‍ക്‌സ് മുള്ളറിലൂടെ ഭാരതീയതയും ആര്‍ഷഭാരതവും കണ്ടെത്തിയെന്ന അഹംബോധ പ്രഭാഷണങ്ങള്‍ ഇളയിടങ്ങളിലെ ഉച്ചഭാഷിണിയില്‍ അവസാനിക്കുന്നതിനും കാരണമുണ്ട്.
അവയൊക്കെ എഴുതപ്പെട്ട ഭാഷയായ സംസ്‌കൃതത്തിലുള്ള അവരുടെ വ്യുല്‍പത്തിക്കുറവ്. യഥാര്‍ത്ഥ എഴുത്തിന്റെ വാച്യ, വ്യംഗ്യ, ധ്വനി ലക്ഷ്യങ്ങള്‍ തിരിച്ചറിയാത്തതിന്റെ കുറവ്. ‘മാമകം’ (എന്റേത്) എന്ന് ഈ പുസ്തകത്തിന്റെ അവതാരികയില്‍ മാത്രം അഭിപ്രായം പറയുന്ന ആര്‍. ഹരി പറയുന്നതിങ്ങനെ: ”സവിനയം, ആത്മവിശ്വാസത്തോടെ, പറയട്ടെ; കര്‍ണന്‍ എന്ന കഥാപാത്രത്തെ സംബന്ധിച്ച ഒരു വിവരവും വിട്ടുകളഞ്ഞിട്ടില്ല, പുറമേ നിന്ന് ലഭ്യമായത് കൂട്ടിച്ചേര്‍ത്തിട്ടുമില്ല. മഹാഭാരത ഗ്രന്ഥത്തിന്റെ ചട്ടയ്‌ക്കു പുറത്ത് ഞാന്‍ ചാടിയിട്ടില്ല” ”ഇതില്‍ ഇല്ലാത്തതെങ്ങുമില്ല, ഇതിലുള്ളതേ എവിടെയുമുള്ളൂ’ എന്ന മഹാഭാരത പ്രഘോഷണം പോലെ സത്യസന്ധമാണ് ആര്‍. ഹരിയുടെ വാക്യവും.
കാരണം, രണ്ടിലും ലക്ഷ്യമൊന്നാണ്. സത്യം പറയലും ധര്‍മം പ്രചരിപ്പിക്കലും. അതാണ് അക്ഷരപൂജ. അധുനാതുനകാലത്ത് ഈ പൂജാരിക്ക് അലങ്കരിക്കലല്ല, അവയഴിച്ച് നിര്‍മാല്യ ദര്‍ശനത്തിന് വഴിയൊരുക്കലാണ് കര്‍മമെന്ന് ഭേദം. തെളിവുകള്‍ സഹിതം ഇങ്ങനെയൊരു എഴുത്തിനോ പ്രഭാഷണത്തിനോ, കുപ്രചാരകന്മാര്‍ക്കുള്ള വെല്ലുവിളികൂടിയാണ് പുസ്തകപരമ്പരയിലെ കര്‍ണന്‍. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ മലയാളത്തില്‍ ആരുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: