തിരുവനന്തപുരം: കിഫ്ബിയുടെ സമഗ്ര ഓഡിറ്റിങ്ങില്‍ നിന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി (സിഎജി)നെ ഒഴിവാക്കിയതിന്റെ വിവാദം അവസാനിക്കും മുന്‍പ് വീണ്ടും കള്ളക്കളയുമായി സര്‍ക്കാര്‍. ഇത്തവണ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ സിഎജി ഓഡിറ്റിങ്ങാണ് സര്‍ക്കാര്‍ തടഞ്ഞത്. 51 ശതമാനത്തിലധികം പൊതുമേഖല ഓഹരിയുള്ള കമ്പനികളുടെ ഓഡിറ്റ് നിര്‍വ്വഹിക്കേണ്ടത് സിഎജിയുടെ നിയമപരമായ ഉത്തരവാദിത്തമാണ്. 2015-2016 വരെ കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കിയാലിന്റെ ഓഡിറ്റ് നടത്തിയിരുന്നത് സിഎജിയാണ്. എന്നാല്‍, 2017 മുതല്‍ കിയാല്‍ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റിങ്ങിന്റെ ആവശ്യമില്ലെന്നുമുള്ള വിചിത്രവാദമാണ് സര്‍ക്കാരും കിയാലും മുന്നോട്ടുവയ്‌ക്കുന്നത്. അറുപത്തഞ്ച് ശതമാനം സര്‍ക്കാര്‍, പൊതുമേഖലാ ഓഹരി ഉണ്ടായിട്ടും സര്‍ക്കാര്‍ കമ്പനിയല്ലെന്ന വാദമാണ് കിയാല്‍ മുന്നോട്ടുവയ്‌ക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന് 35 ശതമാനം ഓഹരിയും മൂന്നില്‍ ഒന്ന് ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അവകാശവും മാത്രമേ ഉള്ളുവെന്നും നിലവിലുള്ള കമ്പനി നിയമപ്രകാരം സര്‍ക്കാര്‍ കമ്പനിയല്ലെന്നുമായിരുന്നു തടസവാദം. എന്നാല്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള 33 ശതമാനവും പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയുള്ള 32 ശതമാനവും ചേര്‍ത്ത് 65 ശതമാനം സര്‍ക്കാര്‍ ഓഹരിയുണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ കമ്പനിയാണെന്നും സിഎജി മറുപടി നല്‍കി.
എന്നിട്ടും വഴങ്ങാതായതോടെ സിഎജി കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തോട് വ്യക്തത തേടി. നിയമപ്രകാരം കിയാല്‍ സര്‍ക്കാര്‍ കമ്പനി തന്നെയാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. എന്നിട്ടും സിഎജി ഉദ്യോഗസ്ഥരുടെ നിയമപരമായ കൃത്യനിര്‍വഹണം തുടര്‍ച്ചയായി തടസ്സപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയര്‍മാനായ വിമാനത്താവള കമ്പനി.
ഓഡിറ്റിനുള്ള ഭരണഘടനാപരമായ അവകാശം നടപ്പാക്കിത്തരണമെന്നാവശ്യപ്പെട്ട് 2019 ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറിക്കും മാര്‍ച്ചില്‍ മുഖ്യമന്ത്രിക്കും സിഎജി കത്ത് നല്‍കി. മറുപടിയില്ലാത്തിനാല്‍ കഴിഞ്ഞ ജൂലൈയില്‍ ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തെഴുതി. കിയാലിന്റെ നിയമവിരുദ്ധ നടപടികള്‍ കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തെയും കമ്പനി രജിസ്ട്രാറെയും സിഎജി അറിയിച്ചു കഴിഞ്ഞു .
















