ഭക്തരോട് ബാബയ്ക്കുണ്ടായിരുന്ന ദയാവായ്പിന് അതിരുണ്ടായിരുന്നില്ല. ബഹ്റാംപൂരില്‍ വിനുത എന്ന പേരില്‍ ബാബയുടെ ഒരു ഭക്തയുണ്ടായിരുന്നു. തപാല്‍ വകുപ്പിലായിരുന്നു അവരുടെ ഭര്‍ത്താവിന് ജോലി. സാമ്പത്തികഭദ്രതയുള്ള, ആവലാതികളൊന്നും അലട്ടാത്ത കുടുംബം. പക്ഷേ ലൗകികസുഖങ്ങളേക്കാളേറെ ബാബയോടുള്ള ഭക്തിയായിരുന്നു വിനുതയ്ക്ക് മുഖ്യം.
ഒരിക്കല്‍ വിനുതയൊരു സ്വപ്നം കണ്ടു. ബാബ തന്റെ വീട്ടുപടിക്കല്‍ വന്നിരിക്കുന്നു. വിശന്നുവലഞ്ഞാണ് വന്നിരിക്കുന്നത്. കൈയിലെ പാത്രം നീട്ടി ക്കൊണ്ട് കിച്ചടി വേണമെന്ന് പറഞ്ഞു. പെട്ടെന്ന് വിനുത ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു. വാതില്ക്കല് പോയി നേക്കിയപ്പോള്‍ അവിടെ ആരെയും കണ്ടില്ല. വിനുത ഓടിച്ചെന്ന് തന്റെ സ്വപ്നത്തെക്കുറിച്ച് ഭര്‍ത്താവിനോടു പറഞ്ഞു.
ഷിര്‍ദിയില്‍ പോയി ബാബയെ കാണാനുള്ള ആഗ്രഹവും അറിയിച്ചു. വൈകാതെ ഷിര്‍ദിയില്‍ പോകാമെന്ന് അദ്ദേഹം ആശ്വസിപ്പിച്ചു. അതിനിടെയാണ് ഷിര്ദിയ്ക്ക് അടുത്തുള്ള അകോലയിലേക്ക് വിനുതയുടെ ഭര്‍ത്താവിന് സ്ഥലം മാറ്റമായത്. അകോലയിലെത്തി ഏറെ നാള് വൈകാതെ ഇരുവരും ബാബയെ കാണാനായി ഷിര്‍ദിയിലേക്ക് പുറപ്പെട്ടു. യാത്രയ്ക്കിടെ ഗോമതി തീര്‍ഥവും സന്ദര്‍ശിച്ചു. അങ്ങനെയവര്‍ ഷിര്‍ദിയിലെത്തി. രണ്ടുമാസം അവിടെ താമസിച്ചു.
ഷിര്‍ദിയില്‍ എത്തിയതില്‍ പിന്നെ എന്നും അതിരാവിലെ ബാബയെ സന്ദര്‍ശിക്കാനായി ദ്വാരകാമായിയിലേക്ക് ഇറങ്ങും. എല്ലാ ദിവസും കിച്ചടിയുണ്ടാക്കിയാണ് ബാബയെ കാണാനിറങ്ങുക. ഒരിക്കല്‍ പോലും ആ നൈവേദ്യം ബാബയ്ക്ക് നല്കാന് വിനുതയ്ക്ക് അവസരം കിട്ടിയില്ല. ഭക്തരുടെ തിരക്കു കാരണം കിച്ചടി നല്കാനാവാതെ അവര്‍ തിരിച്ചു പോരും. അങ്ങനെ 14 നാളുകള്‍ കഴിഞ്ഞു.
പതിനഞ്ചാം നാള് ബാബയെ കാണാനിറങ്ങുമ്പോള്‍ വിനുത മനസ്സിലുറപ്പിച്ചു. ‘ ഇന്ന് ഈ നൈവേദ്യം ( പച്ചരിയും പരിപ്പും ചേര്‍ത്തുണ്ടാക്കിയ കിച്ചടി ) നല്‍കാതെ ഞാന്‍ മടങ്ങില്ല. ‘ ഒരു കര്‍ട്ടനു പിറകില്‍ ബാബ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിനുതയും ഭര്‍ത്താവും അവിടെ എത്തിയത്. വിനുത മടിച്ചു നില്‍ക്കാതെ അങ്ങോട്ടു ചെന്നു. കര്ട്ടന് അകറ്റി മാറ്റി ബാബയ്ക്ക് അരികിലെത്തി. അപ്പോള്‍ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. ബാബയ്ക്ക് ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുകയാണ് ശിഷ്യര്‍. അദ്ദേഹത്തത്തിനു പക്ഷേ അതൊന്നും വേണ്ട. വേണ്ടത് കിച്ചടി! കിച്ചടി വേണമെന്ന് കൊച്ചു കുട്ടികളെ പോലെ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. വിനുതയെ പ്രതീക്ഷിച്ചിരുന്നതു പോലെ! നിറഞ്ഞ മനസ്സോടെ നിറകണ്ണുകളോടെ ബാബയ്ക്ക് വിനുത കിച്ചടി വിളമ്പി, ആത്മസാക്ഷാത്ക്കാരമറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: