തിരുവനന്തപുരം: കേരളത്തിന്റെ 22ാമത് ഗവര്‍ണറായി ചുമതലയേറ്റു ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തിലാണ് ആരിഫ് മുഹമ്മദ് സത്യപ്രതിജ്ഞ ചെയ്തത്.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഗവര്‍ണറാക്കിയതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹം നന്ദി അറിയിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. മന്ത്രിമാരായ എ.കെ. ബാലന്‍, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി. ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിച്ചത്.
ഉത്തര്‍പ്രദേശുകാരനായ ആരിഫ് മുഹമ്മദ് ഖാന്‍ അലിഗഢ് സര്‍വകലാശാലയിലും ലഖ്നൗ സര്‍വകലാശാലയിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. മുന്‍ യുപി മുഖ്യമന്ത്രി ചരണ്‍ സിങ് രൂപീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടിയായ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് നിരവധി രാഷ്‌ട്രീയ പാര്‍ട്ടികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
















