സമൂഹത്തെ സ്വാധീനിക്കുന്നതില്‍ നവമാധ്യമങ്ങളെന്നറിയപ്പെടുന്ന സാമൂഹ്യ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വിലപ്പെട്ടതാണ്. ഒരുകാലത്ത് നമ്മുടെ സാമൂഹ്യ സാംസ്‌കാരിക രാഷ്‌ട്രീയ സംവാദങ്ങളുടെ വേദിയായിരുന്നത് ഗ്രാമീണവായനശാലകളും ബാര്‍ബര്‍ഷോപ്പും ചായക്കടകളും ചാരായക്കടയും അമ്പലപ്പറമ്പും നാല്‍ക്കവലകളുമൊക്കെയായിരുന്നു. സാധാരണക്കാരന്റെ സാംസ്‌കാരിക ബോധത്തെ വിളക്കി തെളിച്ചെടുക്കുന്നതില്‍ ഈ കേന്ദ്രങ്ങള്‍ വഹിച്ച പങ്ക് കേരളത്തിന്റെയെങ്കിലും സാംസ്‌കാരിക ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് നിസ്സംശയം പറയാം. ധാരാളം ഗുണകരമായ ചര്‍ച്ചകള്‍ക്കും വായനയ്‌ക്കും വേദികളായി ഇവിടങ്ങളെല്ലാം. അതിരാവിലെ ചായക്കടയിലിരുന്ന് പത്രം വായിക്കുന്ന സാധാരണക്കാരനും അതുകേട്ട് വിശകലനം നടത്തുന്നവരും കേരളീയ ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു അടുത്ത കാലംവരെ. ‘മനുഷ്യന്‍’ എന്ന സാമൂഹ്യ ജീവിയെ വളര്‍ത്തിയെടുത്തത് ഇവയിലെല്ലാം കൂടിയാണ്.
എന്നാല്‍ ഇന്ന് അത്തരം ഇടങ്ങള്‍ ഇല്ലാതായെങ്കിലും ആശയസംവാദം എന്ന മനുഷ്യന്റെ സഹജവാസനകളെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. ചായക്കടകളും ചാരായക്കടകളും വായനശാലകളും നാല്‍ക്കവലകളുമെല്ലാം ചെയ്തിരുന്ന കര്‍ത്തവ്യം ഇന്ന് ഏറ്റെടുത്തിരിക്കുന്നത് ഫെയ്‌സ്ബുക്കും വാട്‌സാപ്പും ട്വിറ്ററുമടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളാണ്. ചായക്കടകളിലേതുപോലെ നേരിട്ടുള്ള സംവാദങ്ങള്‍ക്ക് വേദിയാകുന്നില്ല സാമൂഹ്യമാധ്യമങ്ങളെങ്കിലും ചൂടുള്ള ചര്‍ച്ചകളുടെ ഇടമായി മാറാന്‍ വേഗത്തില്‍ കഴിഞ്ഞു എന്നതാണ് അതിന്റെ പ്രത്യേകത. നേരിട്ടുള്ള സംവാദങ്ങള്‍ക്ക് വേദിയാകുന്നില്ല എന്നതു തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളുടെ ന്യൂനതയും. അതംഗീകരിച്ചുകൊണ്ടുതന്നെ നമുക്കു പറയാന്‍ കഴിയും, ലോകമെങ്ങുമുള്ള സമൂഹത്തെയാകെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞു ഫെയ്‌സ്ബുക്കും വാട്‌സാപ്പുമെല്ലാം. എപ്പോഴും സഹജീവികള്‍ക്കൊപ്പം ആശയവിനിമയം ചെയ്തുകൊണ്ടിരിക്കുക എന്ന മനുഷ്യന്റെ സ്വഭാവത്തെ ചൂഷണം ചെയ്യുകയാണ് നവമാധ്യമങ്ങള്‍ അനുവര്‍ത്തിച്ചുവരുന്നത്.
വാര്‍ത്താവിതരണത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ നവമാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സെന്‍സര്‍ ചെയ്യാത്ത വാര്‍ത്തകള്‍ അവയുടെ യഥാര്‍ത്ഥ രൂപത്തെയാണ് നമുക്ക് കാട്ടിത്തരുന്നത്. പത്രങ്ങളും ടിവി ചാനലുകളും എഡിറ്റ് ചെയ്ത വാര്‍ത്തകള്‍ അവര്‍ക്ക് രസിക്കുന്ന തരത്തില്‍ നമുക്കുമുന്നിലെത്തിക്കുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വാര്‍ത്തകളുടെ നേര്‍ക്കാഴ്ചകളുമായാണ് സമൂഹത്തെ സ്വാധീനിക്കുന്നത്. ഇത്രത്തോളം പ്രചാരം ഫെയ്‌സ്ബുക്കിനുമെല്ലാം വേഗത്തില്‍ ലഭിക്കാനുള്ള കാരണവും മറ്റൊന്നല്ല. എഡിറ്റുചെയ്ത വാര്‍ത്തകളുടെ വ്യാപനവും അതെക്കുറിച്ചുള്ള സംവാദവുമാണ് ചായക്കടയിലെ വായനയിലൂടെ സാധ്യമായതെങ്കില്‍ വാര്‍ത്തകളുടെ, സംഭവങ്ങളുടെ യഥാര്‍ത്ഥരൂപമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിതരണം ചെയ്യപ്പെടുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ സത്യസന്ധമായ പ്രവര്‍ത്തനം ലോകമെങ്ങും വലിയമാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അധികാര വര്‍ഗ്ഗത്തിന്റെ ദുഷ്‌ചെയ്തികളെ ലോകത്തിനുമുന്നില്‍ തുറന്നുകാട്ടാന്‍ ഈ മാധ്യമങ്ങളെ പലരും ഉപയോഗിച്ചു. അതിനാലാണ് സാമൂഹ്യ മാധ്യമങ്ങളെ തന്നിഷ്ടക്കാരായ ഭരണാധികാരികള്‍ വെറുക്കുകയും ഭയക്കുകയും ചെയ്തത്. ചില ഇസ്ലാമിക രാജ്യങ്ങളും ചൈനയുമെല്ലാം ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും നിയന്ത്രണവും നിരോധനവും കൊണ്ടുവന്നതിനും കാരണം മറ്റൊന്നല്ല. ട്വിറ്ററും ഫേസ്ബുക്കും നിരോധിക്കപ്പെട്ടിരിക്കുന്ന ചൈനയ്‌ക്ക് ‘വെയ്‌ബോ’ എന്ന സ്വന്തം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് അനുവദിക്കേണ്ടിവന്നു. എന്നാല്‍ അത് സ്വതന്ത്രമായ ഇടമാണെന്ന് ആര്‍ക്കും പറയാനാകില്ല. ചൈനീസ് ഭരണകൂടത്തിന്റെ കണ്ണും, കാതും, കരുത്തും അതിനുമേല്‍ എപ്പോഴുമുണ്ട്.
അറബ് ലോകത്ത് 2010 അവസാനത്തില്‍ തുടങ്ങിയ അറബ് വസന്തം എന്ന് വിളിക്കപ്പെട്ട പ്രക്ഷോഭ പരമ്പരകള്‍ വിജയിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ടുണീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലും പിന്നീട് ലിബിയയിലും വ്യാപിച്ച പ്രക്ഷോഭങ്ങള്‍ അവിടങ്ങളിലെ ഭരണകൂടങ്ങളുടെ പതനത്തിലാണ് കലാശിച്ചത്. പ്രതിഷേധങ്ങള്‍ ബഹ്‌റൈന്‍, സിറിയ, യെമന്‍, ജോര്‍ഡാന്‍, മൊറോക്കൊ, അള്‍ജീരിയ, കുവൈറ്റ്, ലെബനാന്‍, മൗറിത്താനിയ, സൗദി അറേബ്യ, സുഡാന്‍, പശ്ചിമ സഹാറ എന്നിവിടങ്ങളിലും ഏറിയും കുറഞ്ഞും വ്യാപിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ജനകീയ കൂട്ടായ്മകളുടെ ഒത്തുചേരലാണ് വലിയ പ്രക്ഷോഭങ്ങളായി മാറിയത്. ഇന്നുവരെ ഒരു പ്രസ്ഥാനത്തിനും എത്തിനോക്കാനാവാതിരുന്ന ഇസ്ലാമിക രാജ്യങ്ങളിലെ സ്വേഛാധികാരവ്യവസ്ഥകളെ അട്ടിമറിക്കാന്‍ കഴിയുന്ന ജനസഞ്ചയത്തെ അണിനിരത്താന്‍ സോഷ്യല്‍ മീഡിയക്ക് കഴിഞ്ഞു.
പൊതുദുരന്തങ്ങളില്‍ ഇരകള്‍ക്ക് അതിവേഗം സഹായവും പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കാനും സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള ശേഷി നമ്മള്‍ കേരളീയര്‍ക്കും ബോധ്യപ്പെട്ടതാണ്. കേരളത്തിലുണ്ടായ പ്രളയകാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പലരും സഹായങ്ങള്‍ നേടിയെടുത്തത്. അമേരിക്കയിലടക്കം ചുഴലിക്കാറ്റിലും പ്രകൃതി ദുരന്തത്തിലും പെട്ടവര്‍ക്ക് തുണയായതും സാമൂഹ്യ മാധ്യമങ്ങളാണ്. ഇന്ത്യയില്‍ അഴിമതിക്കെതിരെയുണ്ടായ മുന്നേറ്റത്തിനും ദില്ലിയിലെ ബലാല്‍സംഗത്തിനെതിരെയുണ്ടായ ദേശീയപ്രതിരോധത്തിനും വഴിയൊരുക്കിയതും സാമൂഹ്യ മാധ്യമ ഇടപെടലുകളാണ്.
ഇത്രയുമൊക്കെ കേട്ടുകഴിയുമ്പോള്‍ ലോകത്തിലെ ഏറ്റവും സുതാര്യവും നിയന്ത്രിക്കപ്പെടേണ്ടതില്ലാത്ത ഇടവുമാണ് സാമൂഹ്യ മാധ്യമങ്ങളെന്ന് തെറ്റിധരിക്കേണ്ടതില്ല. നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ ഇരട്ടിയിലധികം മടങ്ങ് കൂടുതല്‍ മോശപ്പെട്ടതിനായി ഇവയെ ഉപയോഗിക്കുന്നുണ്ടെന്ന സത്യം നമുക്കുമുന്നിലുള്ളതിനാലാണ് നിയന്ത്രിക്കപ്പെടേണ്ട ഇടമാണ് സാമൂഹ്യ മാധ്യമങ്ങളെന്ന ബോധ്യം ഉറപ്പിക്കുന്നത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുകയും സമൂഹത്തെ തെറ്റിലേക്ക് നയിക്കാനും ഈ മാധ്യമങ്ങളെ ദുരുപയോഗിക്കുന്നുണ്ടെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
സാമൂഹ്യ മാധ്യമങ്ങളും ഇന്റര്‍നെറ്റും ദുരുപയോഗം ചെയ്ത് യുവാക്കളെ തീവ്രവാദത്തിലേക്ക് വഴിതിരിച്ചുവിടുന്നുണ്ടെന്ന് നേരത്തെതന്നെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ പ്രവര്‍ത്തനത്തിന് കശ്മീരിലും ഇങ്ങ് കേരളത്തിലുമടക്കം തീവ്രവാദ ശക്തികള്‍ സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു വ്യാജ വാര്‍ത്ത പുറത്തെത്തുമ്പോള്‍ അത് പ്രചരിക്കുന്നത് വളരെ വേഗത്തിലാണ്. അത്തരം സന്ദേശങ്ങളില്‍, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതോ, ജനങ്ങളില്‍ അരക്ഷിതത്വം പടര്‍ത്തുന്ന വ്യാജവാര്‍ത്തയോ, ഒരാളെക്കുറിച്ചുള്ള വ്യാജ പ്രചരണങ്ങളോ അങ്ങനെ എന്തുമാകാം അത്. സമൂഹത്തെ സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ ഇത്തരം നടപടികള്‍ കാരണമായത് നമുക്കുമുന്നിലുണ്ട്. വാട്‌സാപ്പിലൂടെ പ്രചരിച്ച വിശ്വാസ്യതയില്ലാത്ത സന്ദേശങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ആള്‍ക്കൂട്ടം മൂന്നുപേരെ തല്ലിക്കൊന്നത് അടുത്തിടെയാണ്. വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയാണ് തീവ്രവാദികള്‍ രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തില്‍ രാഷ്‌ട്രീയ പ്രചരണത്തിന് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കുന്നവരും വ്യാജപ്രൊഫൈലുകള്‍ സൃഷ്ടിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്‌ട്രീയ ലാഭത്തിനായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഫെയ്‌സബുക്കിലെ ‘പോരാളിഷാജിമാര്‍’ സമൂഹത്തിന് വലിയ ദ്രോഹമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്നവരും അപഹസിക്കുന്നവരും ഒളിഞ്ഞിരുന്നാണ് അത്തരം പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാം നിയന്ത്രണം കൊണ്ടു വരേണ്ടത് അത്യാവശ്യം തന്നെയാണ്. കേന്ദ്രസര്‍ക്കാര്‍ അതിനായി നടത്തുന്ന നീക്കങ്ങള്‍ രാജ്യതാല്പര്യത്തിനും ജനനന്മയ്‌ക്കും വേണ്ടതുതന്നെയാണ്.
കേന്ദ്രസര്‍ക്കാര്‍ നടപടികളെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കുന്നവര്‍ക്ക് രാഷ്‌ട്രീയ ലക്ഷ്യവും സ്വാര്‍ത്ഥതയും രാജ്യവിരുദ്ധതയും മാത്രമാണുള്ളത്. സ്വാതന്ത്ര്യത്തിനും അതിര്‍വരമ്പ് നിശ്ചയിക്കാതെ രാജ്യത്തിന് ഗുണകരമായി മുന്നോട്ട് സഞ്ചരിക്കാനാകില്ല. ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിന്‍ തുമ്പിലാണ് അവസാനിക്കുന്നത്. മൂക്കില്‍ സ്പര്‍ശിക്കുന്ന നിമിഷം ആ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ഓര്‍മ്മപ്പെടുത്തലാണ് വീണ്ടും ഉണ്ടാകേണ്ടത്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശത്തെ സമാധാന, ജനാധിപത്യ വാദികള്‍ക്കെല്ലാം സ്വാഗതം ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: