വാത, പിത്ത, കഫജ്വരങ്ങള് ഒരാളില്‍ ഒരുമിച്ചുണ്ടാവുന്നതാണ് സന്നിപാതജ്വരം. ഇടവിട്ട്, പനിക്കുക, ചിലസമയങ്ങളില്‍ അതിഭീകരമായി പനിക്കുക, അടുത്ത ക്ഷണത്തില്‍ പനി വിട്ടുമാറുക, ഒരു ദിവസം പനി പൂര്‍ണമായും ഭേദമായി തൊട്ടടുത്ത ദിവസം വീണ്ടും പനിക്കുക, പിച്ചും പേയും പറയുന്ന ഉന്മാദാവസ്ഥ, അസ്ഥികളും സന്ധികളും വിട്ടു പോകുന്നതു പോലെയുള്ള വേദന, നെഞ്ചില്‍ കഫം കെട്ടുക, ഒച്ചയടയ്ക്കുക, കണ്ണു ചുവന്ന് വെള്ളമൊലിക്കല്, കലശലായ ഛര്‍ദി, വിശപ്പും ദാഹവും ഇല്ലാതിരിക്കുക, വയറിളക്കം, തലപിളരുന്നതുപോലെ തലവേദന ഇവയെല്ലാം സന്നിപാത ജ്വരത്തിന്റെ ലക്ഷണങ്ങളാണ്.
വിശപ്പില്ലാതെ, ശരീരം തളര്‍ന്ന് മലമൂത്ര വിസര്‍ജനം നിയന്ത്രണാതീതമാകുക തുടങ്ങിയ അതല്ലെങ്കില്‍ വിസര്‍ജനം തീരെയില്ലാത്ത അവസ്ഥയിലെത്തുക തുടങ്ങിയ ലക്ഷണങ്ങള്‍ ഈ അസുഖത്തിന്റെ പാരമ്യത്തെ സൂചിപ്പിക്കുന്നു. ഈയവസരത്തില്‍ നെഞ്ചിലും പുറത്തും കുഴമ്പിട്ടും കഷായം കുടിക്കാന്‍ നല്‍കിയും രോഗിയെ പരിചരിച്ചാല്‍ ഗുരതരാവസ്ഥ തരണം ചെയ്യാം.
നെഞ്ചില്‍ തേയ്ക്കാന്‍ കുഴമ്പിന്: ജാതിക്ക, ജാതി, ഗ്രാമ്പൂ, ഇരട്ടിമധുരം, മുത്തങ്ങ,അക്കിക്കറുക, ആശാളി, ചുക്ക്, കുരുമുളക്, ഏലത്തരി, തിപ്പലി, പുഷ്ക്കരമൂലം, ഇവയെല്ലാം ചതച്ചെടുത്ത് കരിക്കിന് വെള്ളത്തില്‍ പുഴുങ്ങണം. ചതച്ചിട്ട വസ്തുക്കള്‍ മൂടാന്‍ പാകത്തില്‍ കരിക്കിന് വെള്ളം ഉണ്ടായിരിക്കണം. വെള്ളം വറ്റാറാകുന്നതു വരെ വേവിക്കണം. പിന്നീട് അവ പാത്രത്തില്‍ അവശേഷിക്കുന്ന കരിക്കിന് വെള്ളത്തില്‍ മയത്തില്‍ അരച്ചെടുത്ത് തേനും ചാരായവും ( റം അല്ലെങ്കില്‍ ബ്രാന്ഡിയായലും മതി) ചേര്‍ത്ത് ചാലിച്ച് രോഗിയുടെ നെഞ്ച്, കഴുത്ത്, പുറം എന്നിവിടങ്ങളില്‍ മൂന്നു മണിക്കൂര്‍ ഇടവിട്ട് ലേപനം ചെയ്യണം. രണ്ട് ദിവസം കൊണ്ട് കഫക്കെട്ട് പൂര്‍ണമായും ശമിക്കും.
കഷായത്തിന്: കടുക് രോഹിണി, ചെറുവഴുതന വേര്, വന്‍വഴുതന വേര്, പുഷ്ക്കരമൂലം, ചെറുതേക്കിന് വേര്, കച്ചോലക്കിഴങ്ങ്, കര്‍ക്കടകശൃംഗി, കാട്ടുപടവലം, കൊടിത്തൂവ വേര്, കുടകപ്പാലയരി, ചുക്ക്, കുരുമുളക്, തിപ്പലി,മുത്തങ്ങ എന്നിവ ഓരോന്നും അഞ്ചുഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, 400 മില്ലിയായി വറ്റിച്ച് 100 മില്ലിവീതം അഞ്ചുഗ്രാം വീതം തേന്‍ മേമ്പൊടി ചേര്‍ത്ത്, ദിവസം രണ്ടു നേരം സേവിക്കുക. ഈ കഷായം സേവിച്ചാല്‍ വാത, പിത്ത, കഫജ്വരങ്ങള് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: