ഗുരു എന്നാല്‍ അദ്ധ്യാപകന് (ടീച്ചര്‍) എന്ന് സങ്കുചിതമായി ചിന്തിക്കുന്നവരാണ് ഭാരതത്തിലെ പുതുതലമുറയിലെ ബഹുഭൂരിപക്ഷവും. ഗുരുസാക്ഷാല്‍ പരബ്രഹ്മം എന്ന കവിവാക്യത്തിന്റെ ആന്തരാര്ത്ഥമെന്നത് അവര്‍ യഥാര്‍ത്ഥമായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമുണ്ട്.
ഒരു അദ്ധ്യാപകദിനംകൂടി സമാഗതമായി. ഇന്ത്യയുടെ സൂര്യതേജസായ സര്‍വ്വേപ്പള്ളി രാധാകൃഷ്ണന് എന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം. ചാച്ചാജിയുടെ ഇഷ്ടതോഴന്‍, സ്നേഹനിധിയായ രാഷ്ട്രപതി, സ്വാമി വിവേകാനന്ദനേയും ടാഗോറിനേയും അനുഗമിച്ച മുനികുമാരന്, 1948-ലും 1954-ലും വിദ്യാഭ്യാസ കമ്മീഷനുകളുടെ തലവന്‍, വിദ്യാര്‍ത്ഥികളുടെ പ്രിയ ഗുരു, ഭാരതരത്നം നേടിയ അതുല്യപ്രതിഭ, ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി, രണ്ടാമത്തെ രാഷ്ട്രപതി അങ്ങനെ അണിയാനും അണിയിക്കാനുമായി ഈ ആചാര്യന് എത്രയെത്ര വിശേഷണങ്ങള്‍!
ഉള്ളിലുള്ള ആത്മീയാംശത്തെ പുറത്തേക്കെടുക്കുന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് സ്വാമി വിവേകാനന്ദന് സമര്‍ത്ഥിക്കുമ്പോള്‍, യഥാര്‍ത്ഥ മനുഷ്യനെ രൂപപ്പെടുത്തുകയാണ് പരമമായ ലക്ഷ്യമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പുറന്തോട് പൊട്ടിച്ച് ഉള്ളിലുള്ളതിനെ കാണിച്ചുകൊടുക്കുകയാണ് ഗുരുവിന്റെ യഥാര്‍ത്ഥ കര്‍മ്മമെന്ന് അരിസ്റ്റോട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഗുരു എന്ന പദത്തിന് മനുഷ്യ മനസ്സില്‍നിന്ന് അവിദ്യയാകുന്ന ഇരുട്ടിനെ അകറ്റി വിദ്യയാകുന്ന വെളിച്ചം പ്രദാനം ചെയ്യുന്നവന് എന്ന നിര്‍വചനം പ്രസിദ്ധമാണ്. ഗുരു എന്നാല്‍ അദ്ധ്യാപകന് (ടീച്ചര്‍) എന്ന സങ്കുചിതമായി ചിന്തിക്കുന്നവരാണ് ഭാരതത്തിലെ പുതുതലമുറയിലെ ബഹുഭൂരിപക്ഷവും. ഗുരു സാക്ഷാല്‍ പരബ്രഹ്മം എന്ന കവിവാക്യത്തിന്റെ അന്തരാര്ത്ഥമെന്നത് അവര്‍ യഥാര്‍ത്ഥമായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഗുരുത്വം എന്ന മഹോന്നതമായ ആദര്‍ശം ഉള്ച്ചേരണമെങ്കില് സര്‍വ്വാത്മനാ സര്വ്വഗുരുക്കന്മാരെയും ബഹുമാനിക്കുന്ന മനോഭാവംഉണ്ടാവേണ്ടതുണ്ട്. പ്രഗത്ഭനായ അദ്ധ്യാപകന്, ഉജ്ജ്വല വാഗ്മി, പക്വതയാര്‍ന്ന വിദ്യാഭ്യാസ വിചക്ഷണന്‍, ക്രാന്തദര്‍ശിയായ ഭരണതന്ത്രജ്ഞന്‍, ഉത്തമനായ ഭരണാധികാരി, മികച്ച ഗ്രന്ഥകാരന്, ദാര്ശനികന് എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം വജ്രശോഭ പരത്തിയ ആ പണ്ഡിത മഹാമേരു സ്വപ്രയത്നം കൊണ്ട് ഇതിഹാസം സൃഷ്ടിക്കുകയുണ്ടായി. ഡോ. രാധാകൃഷ്ണന്റെ അഭിപ്രായത്തില്‍ രോഗാതുരമായ സമൂഹത്തിന്റെ മാറ്റത്തിന് ചാലകശക്തിയാവേണ്ടത് നല്ല വിദ്യാഭ്യാസ വ്യവസ്ഥയാണ്.
1888 സെപ്റ്റംബര്‍ 5ന് ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ സര്‍വ്വേപ്പള്ളി ഗ്രാമത്തിലായിരുന്നു ജനനം. പിതാവ് സര്‍വ്വേപ്പള്ളി വീരസ്വാമി (വീരശാമയ്യ), അമ്മ സീതാമ്മാള്‍. കുടുംബം പിന്നീട് തമിഴ്നാട്ടിലെ തിരുത്തണിയിലേക്ക് താമസം മാറ്റി. ദാരിദ്ര്യദുഃഖത്തിന്റെ പെരുമഴയില്‍ പെട്ടുപോയി, പ്രതികൂല ജീവിതസാഹചര്യങ്ങളെ ജീവിച്ചുതോല്പിച്ച താഴ്മയുടെ വിജയചരിതമാണ് ഡോക്ടര്‍ രാധാകൃഷ്ണന്റേത്. പുസ്തകങ്ങളായിരുന്നു ബാലന്റെ കളിച്ചെപ്പ്. പഠനത്തില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചു. അതിന്റെ തണലിലായിരുന്നു ആ കൊച്ചുകുടുംബം പുലര്‍ന്നത്. അതിലൊരംശംകൊണ്ട് ദരിദ്രസഹപാഠികളെ സഹായിക്കുകയും ചെയ്തു. 1896-ല്‍ തിരുപ്പൂരിലുള്ള ഹെര്‍മാന്‍സ് ബര്‍ഗ് ഇവാഞ്ചലിക്കല്‍ ലൂഥര്‍മിഷന്‍ സ്കൂളില്‍ ചേര്‍ന്നു. ഉപരിപഠത്തിനായി വെല്ലൂര്‍ വുര്‍സ് കോളേജില്‍. പിന്നീട് അവിടെനിന്ന് മദ്രാസ് ക്രിസ്ത്യന്‍ കോളേജിലേക്ക് മാറി. അവിടെനിന്ന് ഫിലോസഫി ഐശ്ചികവിഷയമായി എടുത്ത് ബിഎ ഒന്നാംക്ലാസോടെ ജയിച്ചു. ബിരുദാനന്ത ബിരുദം നേടി. വലിയ കൂട്ടുകുടുംബത്തിന്റെ മുഴുവന്‍ ബാധ്യതയും ചുമലിലായതിനാല്‍ ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും കുടുംബത്തെ വിട്ട് ഓക്സ്ഫെഡ് സര്‍വ്വകലാശാലയില്‍ ചെന്ന് പഠിക്കാന്‍ സാധിച്ചില്ല.
അദ്ധ്യാപകനാകുന്നു
1909-ല്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ അദ്ധ്യാപകനായി. 1918-ല്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ഉദ്യോഗക്കയറ്റം. ദി ഫിലോസഫി ഓഫ് രബീന്ദ്രനാഥ ടാഗോര്‍ എന്ന പുസ്തകം രചിച്ചത് ഈ കാലയളവിലാണ്. രണ്ടാമത്തെ പുസ്തകമായ സമകാലിക തത്വശാസ്ത്രത്തില്‍ മതത്തിന്റെ വാഴ്ച പൂര്‍ത്തിയാക്കിയത് 1920-ലാണ്. ഈ പുസ്തകം അദ്ദേഹത്തെ ലോക ദാര്‍ശനികരുടെ മുന്‍നിരയിലെത്തിച്ചു. 1921-ല്‍ കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ ഫിലോസഫി പ്രൊഫസര്‍. 1926 ജൂണില്‍ ഹാവാഡ് സര്‍വ്വകലാശാലയില്‍ നടന്ന ഇന്റര്‍ നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഫിലോസഫി സമ്മേളനത്തില്‍ കൊല്‍ക്കത്ത സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ചു. 1929-ല്‍ ഓക്സ്ഫെഡിലെ മാഞ്ചസ്റ്റര്‍ കോളേജില്‍ നിയമനം ലഭിച്ചു. ഓക്സ്ഫെഡ് സര്‍വ്വകലാശാലയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രഭാഷണങ്ങള്‍ നടത്തി. താരതമ്യപഠനത്തെക്കുറിച്ച് ഓക്സ്ഫെഡില് ഒട്ടനവധി പ്രഭാഷണങ്ങള്‍. 1931-ല്‍ ബ്രട്ടീഷ് സര്‍ക്കാര്‍ നൈറ്റ് ബഹുമതി. അതോടെ സര് സര്‍വേപ്പള്ളി രാധാകൃഷ്ണന് എന്നറിയപ്പെട്ടു. 1931-ല്‍ ആന്ധ്രസര്വ്വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍. 1936-ല്‍ ഓക്സ്ഫെഡ് സര്‍വ്വകലാശാലയില്‍ ചെയര്‍ അദ്ധ്യക്ഷനായി. 1939-ല്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍. സ്വതന്ത്ര ഇന്ത്യയുടെ യുണസ്കോപ്രതിനിധി. തുടര്‍ന്ന് സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ അംബാസഡര്‍. പിന്നീട് ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായി. വി.സി. ആയിരുന്നപ്പോഴും ആഴ്ചയില്‍ 2 മണിക്കൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ സമയം കണ്ടെത്തി.
വിദ്യാര്‍ത്ഥികള്‍ ഉള്ളുതുറന്നു സ്നേഹിച്ച അധ്യാപകനായിരുന്നു ഡോ. രാധാകൃഷ്ണന്. കേവലം 2 കൊല്ലവും എട്ടുമാസവും മൈസൂര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസറായിരുന്നു. 1921-ല്‍ ഇവിടെ നല്കിയ യാത്രയയപ്പ് ചരിത്രസംഭവമായിരുന്നു. റെയില്‍വേ സ്റ്റേഷനിലേക്ക് കുതിരിവണ്ടിയിലാണ് അദ്ദേഹം യാത്രചെയ്യാനൊരുങ്ങിയത്. എന്നാല്‍ കുതിരകളെ അഴിച്ചുമാറ്റി ശിഷ്യന്മാര് വണ്ടി വലിച്ചു. പ്ലാറ്റ്ഫോമിലുടനീളം പൂക്കള്‍ വിതറി. ട്രെയനില്‍ പനിനീര്‍പ്പൂക്കള്‍ കൊണ്ട് നിറച്ചു. ശിഷ്യന്മാരും പൗരപ്രമാണിമാരും ചേര്‍ന്ന് യാത്രയയച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മീഷനുകള്‍ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചു. മാനവികതയ്ക്കു പ്രാധാന്യം നല്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് ഭാരതത്തിന് അനിവാര്യമെന്ന് നിര്‍ദ്ദേശിച്ചു. പാണ്ഡിത്യവും ഭരണനൈപുണ്യവും അന്തര്‍ദേശീയ പ്രശസ്തിയും ഒത്തിണങ്ങിയ ആ വിശ്വപൗരന് ഭാരതത്തിലെ പ്രഥമപൗരനായി 1962-ല്‍ നിയോഗിക്കപ്പെട്ടു. അങ്ങനെ, ദാര്ശനികന് ഭരണാധികാരിയാകുമ്പോള്‍ രാഷ്ട്രീയഉന്നതി പ്രാപിക്കുന്നുവെന്ന പ്ലേറ്റോയുടെ സങ്കല്പം സാക്ഷാത്കരിക്കപ്പെട്ടു. ബര്‍ട്രാന്റ് റസ്സല്‍ തുടങ്ങിയ ലോകോത്തര ചിന്തകന്മാര് ആ വചസ്സുകളെ ചൂണ്ടിക്കാട്ടി ഡോ. രാധാകൃഷ്ണനെ അഭിനന്ദിച്ചു.
അംഗീകാരങ്ങള്‍
ബ്രിട്ടീഷ് സര്‍ക്കാരിന്റെ സര് ബഹുമതി (1931), ബ്രിട്ടീഷ് അക്കാദമിഅംഗത്വം (1938), ഭാരതരത്ന (1954), ഓര്‍ഡര്‍ ഓഫ് മെറിറ്റ് (1963), ടെമ്പിള്ടണ് പുരസ്കാരം (1975) തുടങ്ങി നിരവധി ബഹുമതികള്‍ കസ്ഥമക്കി. വിദ്യാര്‍ത്ഥി സമൂഹത്തെ പ്രചോദിപ്പിക്കുക, മോട്ടിവേറ്റ് ചെയ്യുക, അവരെ ആകര്‍ഷിക്കുക, വളര്‍ത്തിക്കൊണ്ടുവരിക, പുതുമ മങ്ങാതെ പഠിപ്പിക്കുക, വഴികാട്ടിയാവുക ഇതൊക്കെയാണ് അധ്യാപനത്തില്‍ സംഭവിക്കേണ്ടത്. അധ്യാപനം തപസ്യയായി എടുത്തവര്‍ക്കേ ഈ ബാധ്യത നിറവേറ്റാന്‍ സാധിക്കൂ. അതുകൊണ്ടാണ് അധ്യാപകന് നിത്യവിദ്യാര്ത്ഥിയായിരിക്കണമെന്ന് പറയുന്നത്.
സ്നേഹവും സഹാനുഭൂതിയുമാണ് അധ്യാപകന്റെ മുഖമുദ്ര. അര്‍പ്പണബോധമുള്ള അധ്യാപകന് ധാരാളം വായിക്കാനും തയ്യാറെടുക്കാനും സമയം വേണമെന്നിരിക്കെ ബിസിനസ്സി നും രാഷ്ട്രീയത്തിനും സമയം കണ്ടെത്താനാവില്ല. സിലബസില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല അധ്യാപനം. മറിച്ച് ആഴമേറിയ അറിവും വിശാലമായ ദര്‍ശനവും അനിവാര്യമാണ്. അധ്യാപനം ഒരു ഈശ്വര സേവനമാണ്. അത് ശ്രേഷ്ഠതയോടെ നിര്‍വഹിക്കാന്‍ ഡോ. രാധാകൃഷ്ണന്റെ ധന്യമാതൃക ഈ അധ്യാപകദിനത്തില്‍ നമുക്ക് കരുത്തേകട്ടെ.
ജീവിതരേഖ
1888 സെപ്റ്റംബര്‍ 5ന് ജനനം. 1896-ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചു. 16-ാം വയസ്സില്‍ വിവാഹം. മകന് സര്‍വ്വേപ്പള്ളി ഗോപാല്‍ അറിയപ്പെടുന്ന ചരിത്രകാരനാണ്. 1909-ല്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ അദ്ധ്യാപകനായി. 1925-ല്‍ ആപ്ടണ്‍ പ്രഭാഷണം. 1929-ല്‍ ഓക്സ്ഫെഡിലെ മാഞ്ചസ്റ്റര്‍ കോളേജില്‍ നിയമനം. 1931-ല്‍ ആന്ധ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍. 1939-ല്‍ ബനാറസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍. 1948-ല്‍ യുണസ്കോ ചെയര്മാന്, ഇന്ത്യന്‍ സര്‍വ്വകലാശാല കമ്മീഷന് ചെയര്മാന്. 1949 റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍. 1952-ല്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി. 1954-ല്‍ ഭാരതരത്നം. 1962-ല്‍ ഇന്ത്യയുടെ രാഷ്ട്രപതി. 1967-ല്‍ രാഷ്ട്രപതിപദം ഒഴിയുന്നു. 1975 ഏപ്രില്‍ 17ന് അന്തരിച്ചു.
(പട്ടം സെന്റ് മേരീസ് റ്റിറ്റിഐ മുന്‍ പ്രിന്‍സിപ്പലും, ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ് അസ്സോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: