ബ്രാഹ്മണങ്ങളിലെ യജ്ഞാഭിമുഖമായ തീവ്രവാദങ്ങള്‍ക്കെതിരെ ഉണ്ടായ ഉത്പതിഷ്ണുക്കളുടെ പ്രതികരണങ്ങളാണ് ബി. സി. ഇ. ആറാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ കിഴക്കന്‍ രാജ്യങ്ങളിലെ ക്ഷത്രിയരുടെ നേതൃത്വത്തിലുണ്ടായ ജൈന,ബൗദ്ധമതങ്ങളെന്നും ഗ്രന്ഥകാരന്‍ പറയുന്നു. അവയില്‍ ബൗദ്ധമതം പരമ്പരാഗതമായ ഹൈന്ദവമിത്തുകളെ ഏതാണ്ടു പൂര്‍ണ്ണമായി ഉപേക്ഷിച്ചപ്പോള്‍ ജൈനമതം അവയെ പുതിയവേഷമണിയിച്ച്‌സ്വായത്തമാക്കാനാണ് മുതിര്‍ന്നത് എന്നും ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഒരേ കുടുംബത്തില്‍ തന്നെ ഹിന്ദുമതാനുയായികളും ജൈനമതാനുയായികളും ഉണ്ടായിരുന്നു എന്നും ഘോഷയാത്രകളില്‍ ഹൈന്ദവ-ജൈനവിഗ്രഹങ്ങളെ ഒരേ സമയത്ത്എളുന്നള്ളിച്ചിരുന്നു എന്നും ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധേയമാണ്
വിഷ്ണുവിന്റെ ത്രിവിക്രമമിത്തിനേയും ജൈനമതത്തിന്റെ വൈദികമതവുമായുള്ള തുല്യതയേയോ, അല്ലെങ്കില്‍ അതിന്റെ മേന്മക്കൂടുതലിനേയോ സ്ഥാപിക്കാന്‍ ഇത്തരത്തില്‍ പുതുക്കി അവതരിപ്പിച്ചിട്ടുണ്ട്. ജൈനകഥകളില്‍ ചിലതില്‍ ബലി എന്ന കഥാപാത്രം വരുന്നുണ്ടെങ്കിലും അവരുടെ ത്രിവിക്രമമിത്തും ബലിമിത്തും തമ്മില്‍ ബന്ധമില്ല എന്നും രവിവര്‍മ്മ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിഹാസങ്ങളായ മഹാഭാരതത്തിലും രാമായണത്തിലും ആണ് ത്രിവിക്രമമിത്തിനേയും ബലിമിത്തിനേയും കൂട്ടിയിണക്കി അവതരിപ്പിച്ചിരിക്കുന്നത്. അവയില്‍ കൂടുതല്‍ പഴക്കമുണ്ടെന്നു കരുതുന്ന മഹാഭാരതത്തില്‍ വാമന-ബലിമിത്തുകളുടെ വിവിധതരം അവതരണങ്ങള്‍ കാണാം. രാമായണത്തിലാകട്ടെ ഒറ്റ ആഖ്യാനം മാത്രമേ ഉള്ളൂ. ഇവയില്‍ ബലിയെ അസുരന്മാരുടെ പ്രതാപശാലിയായ രാജാവായിട്ടാണ് അവതരിപ്പിക്കുന്നത്. ബ്രാഹ്മണങ്ങളും ഇന്നത്തെ മഹാഭാരതപ്പതിപ്പും തമ്മില്‍ ഏതാണ്ട് ആയിരം കൊല്ലത്തെ പഴക്കമുണ്ടെന്ന് ഗ്രന്ഥകാരന്‍ അനുമാനിക്കുന്നു. ഈ കാലഘട്ടത്തിനിടയില്‍ ദശാവതാരകല്‍പന പ്രചാരത്തില്‍ വന്നു. മഹാഭാരതം വൈഷ്ണവമതഗ്രന്ഥമാക്കപ്പെട്ടു. മഹാഭാരതത്തില്‍ വാമനന്‍ മാത്രം വരുന്നവ, ബലി മാത്രം വരുന്നവ, വാമനനും ബലിയും ഒരുമിച്ചു വരുന്നവ എന്ന മൂന്നു തരം ആഖ്യാനങ്ങള്‍ കാണാം. മഹാഭാരതത്തിലെ വാമനന്‍ ബ്രാഹ്മണനാണെന്നു മാത്രമല്ല ബാലബ്രഹ്മചാരിയുമാണ്. മഹാഭാരതത്തിലെ ബ്രാഹ്മണവിരോധിയായ ബലിയുടെ സ്വഭാവത്തിനു നേര്‍വിപരീതസ്വഭാവമാണ് രാമായണത്തിലെ ബലിക്കു നല്‍കിക്കാണുന്നത്.
ബലിയുടെ ആചാര്യന്‍ ബ്രാഹ്മണനായ ശുക്രാചാര്യരാണ്. ബലിയാകട്ടെ തികഞ്ഞ വിഷ്ണുഭക്തനും. രാമായണത്തിലെ ഈ ബലിയ്‌ക്കും പില്‍ക്കാല പുരാണങ്ങളിലെ ബലിയ്‌ക്കും തമ്മില്‍ വളരെ സാദൃശ്യം കാണാം. ഹിന്ദുമതഗ്രന്ഥങ്ങളില്‍ ഏറ്റവും ആധുനിക (സി. ഇ. 400-1400) മായവ പുരാണങ്ങളാണെന്നാണ് പണ്ഡിതമതം. പുരാണങ്ങളില്‍ പതിനെട്ടെണ്ണത്തെ മഹാപുരാണങ്ങളായും മറ്റുള്ളവയെ ഉപപുരാണങ്ങളായും കരുതിവരുന്നു. ഹരിവംശത്തേയും പുരാണമായി ഗണിച്ചുവരുന്നു. ഗരുഡ, ബ്രഹ്മവൈവര്‍ത്ത, മാര്‍ക്കണ്ഡേയ, ലിംഗ, വരാഹ, വിഷ്ണു പുരാണങ്ങളില്‍ വാമന-ബലി മിത്തിന്റെ ആഖ്യാനമില്ല. പുരാണങ്ങള്‍ വിഷ്ണുവാമനനെ നായകനായും ബലിയെ സദ്ഗുണസമ്പന്നനായ ഉപനായകനുമായിട്ടാണ് അവതരിപ്പിക്കുന്നത്്.
ഇതിഹാസ, പുരാണങ്ങള്‍ രചിക്കപ്പെട്ട കാലത്തുതന്നെ ബലിയുടെ ആരാധന ജനങ്ങളുടെ ഇടയില്‍ പ്രചരിച്ചിരുന്നു. ബലിയുടെ വിഗ്രഹം വെച്ചുള്ള ആരാധന തന്നെ നിലവിലുണ്ടായിരുന്നു. വരാഹമിഹിരന്‍ തന്റെ ബൃഹത്സംഹിതയില്‍ ദശരഥപുത്രനായ രാമന്റെയും വിരോചനപുത്രനായ ബലിയുടെയും ബിംബങ്ങള്‍ക്ക് നൂറ്റിഇരുപത് അംഗുലം ഉയരം വേണം എന്നു പറയുന്നുണ്ട്. ഈ സംഹിതയ്‌ക്കു ഒന്നുരണ്ടുനൂറ്റാണ്ടുകള്‍ക്കു ശേഷമെന്നു കരുതാവുന്ന മത്സ്യപുരാണത്തിലും രാമന്‍, വിരോചനപുത്രനായ ബലി, വരാഹം, നരസിംഹം എന്നിവരുടെ ബിംബങ്ങള്‍ ദശതാലത്തിലും വാമനന്റേത് സപ്തതാലത്തിലും വേണമെന്നു നിര്‍ദ്ദേശിക്കുന്നു. ബലിരാജാവിന്റെ ആഭരണവിശേഷങ്ങളെ വായുപുരാണത്തില്‍ വര്‍ണ്ണിക്കുന്നുണ്ട്. എട്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതെന്നു കരുതുന്ന വൈഖാനസാഗമത്തില്‍ ഹിന്ദുദൈവങ്ങളുടെ ബിംബനിര്‍മ്മാണം വിവരിക്കുന്നിടത്ത് ദൈത്യരാജന്റെയും യക്ഷ, നാഗ, ഗന്ധര്‍വന്മാരുടെയും വിഗ്രഹനിര്‍മ്മാണത്തെയും പറയുന്നുണ്ട്. അതിലെ ദൈത്യരാജന്‍ ബലി ആണെന്നാണ് രാമവര്‍മ്മ അനുമാനിക്കുന്നത്. സി. ഇ. ഏഴാം നൂറ്റാണ്ടു മുതല്‍ക്കുള്ള ബലി ആരാധനാസമ്പ്രദായങ്ങളെക്കുറിച്ച് തെളിവുകള്‍ ലഭ്യമാണ്. നിത്യാരാധനയായിട്ടല്ല മറിച്ച് വാര്‍ഷികമായി നടത്തുന്ന നൈമിത്തികാരാധന ആയിട്ടാണ് അത് നടത്തിയിരുന്നത്. അതും ഭക്തിയുടെ പരിവേഷത്തിലല്ല താനും. ഉല്ലാസത്തിനും ആഘോഷത്തിനും വേണ്ടിയുള്ള അവസരമായിട്ടാണ് ജനങ്ങള്‍ അതിനെ കണ്ടിരുന്നത്.
ഗ്രന്ഥകാരന്റെ തന്നെ വാക്കുകളില്‍ ‘പഴയകാലത്തെ ആചാരങ്ങളുടെ അവലോകനത്തില്‍ നിന്നും നമുക്കു ഗ്രഹിക്കാന്‍ കഴിഞ്ഞ വസ്തുതകള്‍ ചുരുക്കി പറയാം. യക്ഷാരാധനയേയും ഇന്ദ്രോത്സവത്തെയും മാതൃകയാക്കി ബലിയെന്നൊരു വീരപുരുഷന്റെ പേരില്‍ ജനങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ ഒരാഘോഷം നടത്തിയിരുന്നു. അതിന് ദീപപ്രതിപദം, വീരപ്രതിപദം, കൗമുദിമഹോത്സവം എന്നൊക്കെ പേരുകളുണ്ടായിരുന്നു. ഹിന്ദുമതം ഈഅനുഷ്ഠാനത്തിന് അംഗീകാരം നല്‍കുകയും വാമനന്റെ പ്രതിയോഗിയായ ബലിയാണ് ആരാധിക്കപ്പെടുന്നതെന്നു വരുത്തുകയും ചെയ്തു’. അതോടുകൂടി അനുഷ്ഠാനം ബലിരാജ്യദിനമായി. പിന്നീട് ദീപാവലി, ബലിപ്രതിപദം എന്നീ പേരുകളുണ്ടായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: