നാടന്‍ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രിയങ്ക നായര്‍. വിലാപങ്ങള്ക്കപ്പുറത്തിലൂടെ മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ പ്രിയങ്ക തമിഴകത്തും കന്നഡയിലുമെല്ലാം സ്വീകാര്യത നേടിയിരുന്നു. സിനിമകളില്‍ നിന്ന് കുറച്ചു കാലം വിട്ടുനിന്ന താരം ഇപ്പോള്‍ തമിഴകത്ത് രണ്ടാം വരവിനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ ‘ജലം’ എന്ന സിനിമയുടെ തമിഴ് പതിപ്പിലൂടെയാകും പ്രിയങ്കയുടെ രണ്ടാം വരവ്.
മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ‘വിലാപങ്ങള്‍ക്കപ്പുറം’, ഭൂമി മലയാളം, ലീല എന്നീ സിനിമകള്‍ പോലെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ജലത്തിലെ സേതുലക്ഷ്മിയെന്നാണ് പ്രിയങ്കാ നായര്‍ പറയുന്നത്. ജലത്തിലെ സീതലക്ഷ്മിയെന്ന പ്രിയങ്കയുടെ കഥാപാത്രത്തിന് വലിയ നിരൂപക പ്രശംസ നേടാനായിരുന്നു. മലയാളത്തിലെ മികച്ച സംവിധായക ഗണത്തില്‍പെടുന്ന എം പദ്മകുമാര്‍ സംവിധാനം ചെയ്ത ജലം നിരവധി ദേശീയ അന്തര്‍ദേശിയ ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിരുന്നു.
ഏരീസ് പ്രൊഡക്ഷനില്‍ സോഹന്‍ റോയ് നിര്‍മിച്ച ‘ജലം’ സെപ്റ്റംബര്‍ രണ്ടാം വാരം ‘കാനല്‍ നീര്’ എന്ന പേരിലാണ് തമിഴകത്തെത്തുന്നത്. എസ് സുരേഷ് ബാബുവിന്റെ തിരക്കഥയില്‍, ഔസേപ്പച്ചന് സംഗീതം പകര്‍ന്ന് ഒരുങ്ങിയ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വിനോദ് ഇല്ലംപള്ളിയാണ്. രാജ ഗജിനി സംവിധാനം ചെയ്ത ‘ഉട്രന്‍ ‘ ആണ് പ്രിയങ്കയുടെ റിലീസാവാനുള്ള മറ്റൊരു തമിഴ് ചിത്രം. .ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തില്‍ കോളേജ് അധ്യാപികയുടെ വേഷത്തിലാണ് പ്രിയങ്ക എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: