സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി. റഷ്യയിലെ വ്ളാഡിവോസ്റ്റോക്കിലെ വിമാനത്താവളത്തില്‍ എത്തിയ മോദിയെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.
റഷ്യയുടെ വിദൂര കിഴക്കന്‍ മേഖലയായ വ്ളാഡിവോസ്റ്റോക് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ഈ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാകും. കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തിലേക്ക് എത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്ളാഡിവോസ്റ്റോക്കില്‍ നടക്കുന്ന അഞ്ചാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ ക്ഷണപ്രകാരം മോദി മുഖ്യാതിഥിയാകും. പുടിനുമൊത്ത് 20ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയിലും മോദി പങ്കെടുക്കും. 25 ഓളം കരാറുകളിലും പ്രധാനമന്ത്രി മോദിയും, പുടിനും ഒപ്പുവെക്കും. നിക്ഷേപം, വ്യവസായികം, വ്യാപാരം, ഊര്‍ജം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണ വര്‍ധിപ്പിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ ഇരു നേതാക്കളും തമ്മില്‍ അന്താരാഷ്‌ട്ര-ആഭ്യന്തര വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
റഷ്യയിലെ സ്വെസ്ദാ കപ്പല്‍ നിര്‍മാണശാലയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. കപ്പല്‍ നിര്‍മാണമേഖലയില്‍ റഷ്യന്‍ വൈദഗ്ധ്യം മനസ്സിലാക്കുകയും സഹകരണസാധ്യതകള്‍ തേടുകയുമാണ് ലക്ഷ്യം. സാംസ്‌കാരിക സഹകരണത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ 150-ാം ജയന്തിയോടനുബന്ധിച്ചുള്ള സ്റ്റാമ്പിന്റെ പ്രകാശനവും മോദി നിര്‍വ്വഹിക്കും.
















