തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് ഏറെ വിവാദമായ ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേസ് അന്വേഷിച്ച വിജിലന്‍സിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എന്നിവര്‍ കേസില്‍ ആരോപണവിധേയരാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ടൈറ്റാനിയത്തില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ്. ഉദ്യോഗസ്ഥരുള്‍പ്പെടെ ആറുപേരാണ് ഇപ്പോള്‍ പ്രതികള്‍. വിദേശ കമ്പനി ഉള്‍പ്പെടുന്ന കേസായതിനാല്‍ സിബിഐക്ക് കൈമാറണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു.
2006ലാണ് ടൈറ്റാനിയം അഴിമതിക്കേസെന്റെ അന്വേഷണം ആരംഭിച്ചത്.ടൈറ്റാനിയം പ്ലാന്റിന്റെ നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന മന്ത്രി കെ.കെ. രാമചന്ദ്രനില്‍ അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല സമ്മര്‍ദം ചെലുത്തിയാണ് മെക്കോണ്‍ കമ്പനി വഴി ഫിന്‍ലാന്‍ഡിലെ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നാണ് ആരോപണം. 256 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം.
















