കൊച്ചി: പള്ളിത്തര്‍ക്ക കേസില്‍ കോടതി വിധി വിശ്വാസികളുടെ വികാരവും മതപരമായ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ പിറവം പോലിസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മലങ്കരസഭയുടെ 1934ലെ ഭരണഘടന അംഗീകരിക്കുന്നവരെ മാത്രമേ പിറവം പള്ളിയില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സുപ്രീം കോടതി വിധി അനുസരിച്ച് പള്ളിയില്‍ പ്രവേശിക്കുന്നതിന് അനുമതി തേടി ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജിയിലാണ് പോലിസ് നിലപാട് അറിയിച്ചത്. ആരാധനാ ചടങ്ങുകള്‍ തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പു മാത്രമേ പള്ളിയിലേക്കു പ്രവേശനം അനുവദിക്കൂവെന്ന് പൊലീസ് പറയുന്നു. ചടങ്ങുകള്‍ കഴിഞ്ഞ് പതിനഞ്ചു മിനിറ്റിനകം പള്ളിയില്‍നിന്നു പുറത്തുപോവണം. ഒരേസമയം ഇരുന്നൂറ്റി അന്‍പതിലേറെ പേര്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദിക്കില്ല. വികാരി ഉള്‍പ്പെടെ പത്തു പേര്‍ക്കു മാത്രമാവും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുന്നതിനു പ്രവേശനം നല്‍കുകയുള്ളൂ.
















