കോട്ടയം: പാല ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കില്ലെന്നു വ്യക്തമാക്കി പി.ജെ. ജോസഫ്. കേരള കോണ്‍ഗ്രസ് ഇയാളെ പുറത്താക്കിയതാണ്. ജോസ് ടോമിന്റെ പത്രികയില്‍ താന്‍ ഒപ്പിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോസ് ടോമിനെ പിന്തുണയ്‌ക്കും. വിജയപ്രതീക്ഷയെ പറ്റി ഒന്നും പറയാനില്ലെന്നും ജോസഫ്. ഇതോടെ പാല ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടിവരും. ഇതു പാര്‍ട്ടിക്കുള്ളില്‍ വീണ്ടും വന്‍കലാപത്തിനു വഴിവയ്‌ക്കും. നാളെയാണ് ജോസ് ടോം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. രണ്ടില ചിഹ്നം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി എന്ന നിലയ്‌ക്കും സ്വതന്ത്ര ചിഹ്നം ചോദിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന നിലയ്‌ക്കും പത്രികകള്‍ നല്‍കുമെന്നു ജോസ് ടോം നേരത്തേ വ്യക്തമാക്കിയിരുന്നു. രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് ടോം നേരത്തെ പറഞ്ഞിരുന്നു. ഇതിനായുള്ള തുടര്‍നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിഹ്നത്തിന്റെ പേരില്‍ പി.ജെ. ജോസഫുമായുള്ള പ്രശ്‌നം യുഡിഎഫ് ഇടപെട്ട് തീര്‍ക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞത്. രണ്ടില ചിഹ്നത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ഈ വിഷയത്തില്‍ ആരുമായും തര്‍ക്കത്തിനില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസ് പക്ഷം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവകാശം സ്റ്റിയറിംഗ് കമ്മിറ്റിക്കാണെന്നും അതിനാല്‍ രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ നിയമ തടസ്സമില്ലെന്നുമാണ് ജോസ് പക്ഷത്തിന്റെ വാദം. ഇതാണ് ജോസഫ് പക്ഷത്തെ ചൊടിപ്പിച്ചതെന്നാണ് സൂചന.
ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാന്‍ പി.ജെ. ജോസഫിന്റെ അനുമതി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി അനൗദ്യോഗികമായി ചര്‍ച്ച നടത്തിയെന്നും മീണ വ്യക്തമാക്കിയിരുന്നു.
















