കൊച്ചി: ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി കേരളത്തിലെത്തി. മകള്‍ പ്രതിഭ അഡ്വാനിയുടെ ഒപ്പമാണ് അദേഹം കേരളത്തിലെത്തിയത്. ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഇവരുടെ താമസം. അഡ്വാനി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. തിങ്കളാഴ്‌ച്ച വൈകിട്ട് 5.40 നാണ് അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് പി എം വേലായുധന്‍, ദേശീയ കൗണ്‍സില്‍ അംഗം നെടുമ്പാശ്ശേരി രവി, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍ പി ശങ്കരന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി. ആലപ്പുഴ മാരാരിക്കുളത്തെ മാരാരി ബീച്ച് റിസോര്‍ട്ട് വില്ലയിലാണ് അദ്ദേഹത്തിന് താമസം ഒരുക്കിയിട്ടുള്ളത്. ഈ മാസം എട്ടാം തീയതിയാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുന്നത്.
















