രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ചവരുടെ ചരിത്രമെഴുതുന്ന തിരക്കിലാണ് രാഹുല്‍ ബ്രിഗേഡ്. തലയും വാലുമില്ലാത്ത ആ ചരിത്രത്തില്‍ നെഹ്റുജി, ഇന്ദിരാജി, രാജീവ്ജി എന്നിവരുടെ പോരാട്ടത്തിന്റെ കഥകളാണ് നിറഞ്ഞുനില്ക്കുന്നത്. ‘അവസാനത്തെ തുള്ളി ചോരയും രാജ്യത്തിന് വേണ്ടി’ എന്ന് പാടിപ്പഴകിയ മാസ് ഡയലോഗുമുണ്ട് ഒരു എന്‍ട്രി പഞ്ചിന്.
പ്രധാനമന്ത്രിയാകാനുള്ള മരണപ്പാച്ചിലില്‍ രാഹുല്‍ നടത്തിയ പ്രസംഗങ്ങളിലൊക്കെയും ഈ ഏങ്ങലടിയുണ്ടായിരുന്നു. അച്ഛന്, അമ്മൂമ്മ, അമ്മൂമ്മേടച്ഛന്‍ എന്നിങ്ങനെ വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തുമാണ് രാഹുല്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ആളെക്കൂട്ടാനിറങ്ങിയത്. ഈ മൂന്ന് രാജ്യസ്നേഹികളെ മാത്രമേ രാഹുലിന് അറിയൂ. അതുകൊണ്ടാണ് സര്‍ദാര്‍ വല്ലഭഭായ് പട്ടേലും സുഭാഷ്ചന്ദ്രബോസുമൊക്കെ ബിജെപിക്കാരാണെന്ന മട്ടില്‍ പാവം പ്രതികരിക്കുന്നത്.
രാജ്യത്ത് നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ട പേര് ഗാന്ധിജിയുടേതാണ്. ഏതാണ്ടെല്ലാ ജനക്ഷേമപദ്ധതികളും ഗാന്ധിജിയുടെ ജീവിതദര്‍ശനത്തെ ആധാരമാക്കിയുള്ളതായിരുന്നു. പട്ടേലിനെക്കുറിച്ചും സുഭാഷ്ചന്ദ്രബോസിനെക്കുറിച്ചും മോദി പറയുന്നതുകൊണ്ടാണ് തന്റെ വല്യപ്പൂപ്പനെ മരണാനന്തരം ഒതുക്കാനുള്ള നീക്കമാണതെന്ന് രാഹുല്‍ ധരിച്ചത്.
തന്റെതന്നെ പേരിന്റെ വാലില്‍ ഗാന്ധി എവിടുന്ന് വന്നെന്ന് അറിയാതെ കൊണ്ടുനടക്കുമ്പോള്‍ മോദിക്കെന്ത് കാര്യമെന്ന് ചിന്തിക്കുന്ന ജനുസാണ് കോണ്‍ഗ്രസ് നേതാവിന്റേത്. മുമ്പൊരിക്കല്‍ ഗുജറാത്തിലെ കോളേജ് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ജീന്‍സും ടീഷര്‍ട്ടുമിട്ട് യുവാവിന്റെ വേഷംകെട്ടലുമായി രാഹുല്‍ എന്എസ്യു റിക്രൂട്ട്മെന്റിന് പോയി. അന്ന് സദസ്സിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി അഭിമാനത്തോടെ രാഹുലിനോട് വിളിച്ചുപറഞ്ഞു, ‘നിങ്ങള്‍ എന്ത് പറഞ്ഞാലും ഒരു കാര്യം ഞങ്ങള്‍ക്കുറപ്പുണ്ട്, ഇന്ത്യന്‍ നാണയത്തില്‍ മുഖം അച്ചടിച്ച് വരാന്‍ പോകുന്ന രണ്ടാമത്തെ ഗുജറാത്തി നരേന്ദ്രമോദിയായിരിക്കും’ എന്ന്. ഇതുകേട്ട് രാഹുല്‍ അടുത്തുനിന്ന ആളോട് ചോദിച്ചത് അപ്പോള്‍ ആദ്യത്തെ ഗുജറാത്തി ആരാണ് എന്നായിരുന്നുവത്രെ. അതിനപ്പുറമൊന്നും രാഹുലില്‍നിന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
രാജ്യമേതെന്ന് പോലും നിശ്ചയമില്ലാത്ത ഒരാളില്‍നിന്ന് രാജ്യസുരക്ഷയെക്കുറിച്ചും രാജ്യസ്നേഹത്തെക്കുറിച്ചുമൊക്കെ എന്ത് പ്രതീക്ഷിക്കാനാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റുതൊപ്പിയിട്ടതോടെ കിളിപോയ മട്ടിലാണ് കോണ്‍ഗ്രസ് യൂത്ത് ഐക്കണിന്റെ പെരുമാറ്റം. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് തന്നെ പിടിച്ചിരുത്തിക്കളയുമെന്ന് പേടിച്ച് പാത്തും പതുങ്ങിയും നടപ്പായിരുന്നു. അമ്മയല്ലാതൊരു നേതാവിനെ പാര്‍ട്ടിയില്‍ വേറെ കിട്ടാനില്ലാത്തതുകൊണ്ട് അതുവെച്ച് അഡ്ജസ്റ്റ് ചെയ്ത് ആടിയാടിയാണ് ഇപ്പോള്‍ പോക്ക്. അതിനിടയിലാണ് പാര്‍ട്ടിക്കുള്ളില്‍ ഒരു മോദിവിഭാഗം രൂപം കൊള്ളുന്നത്. മാധവറാവു സിന്ധ്യയുടെ മകന് ജ്യോതിരാദിത്യസിന്ധ്യ മുതല്‍ ജയറാംരമേശും മനു അഭിഷേക് സിങ്വിയും ശശിതരൂരുമൊക്കെ കോണ്‍ഗ്രസിലെ മോദിവിഭാഗമായി മാറിയ മട്ടാണ്.
വയനാട്ടില്‍ വന്ന് ലീഗുകാരുടെയും സിപിഎമ്മുകാരുടെയും വോട്ടുവാങ്ങി തടി രക്ഷപ്പെടുത്തിയെടുത്തതിന്റെ നന്ദി കാണിക്കുന്ന തിരക്കില്‍ മുത്തലാഖ് മുതല്‍ മുന്നൂറ്റി എഴുപത് വരെ രാഹുല്‍ ഇടത്തുവാക്കിന് നിന്ന് പച്ചക്കൊടി വീശുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് നടന്ന് പ്രസംഗിച്ചതിനെല്ലാം മാപ്പുപറഞ്ഞ് ഒരു വഴിക്കായിട്ടും പാഠംപഠിച്ചിട്ടില്ല. ബാലാക്കോട്ടും ഉറിയും തൊട്ട് മോദി തൊട്ടതെല്ലാം മോശമെന്ന് പറയാനാണ് മാര്‍ക്സിസ്റ്റ് മാഷന്മാര് ഓതിക്കൊടുത്തത്. രാഹുലിന്റെ മോദിവിരുദ്ധ പ്രസംഗങ്ങളൊക്കെ കേട്ട് കോള്മയിര് കൊള്ളുകയാണ് പാക്കിസ്ഥാന്. ഇന്ത്യയില്‍ ഒന്നും ഭദ്രമല്ലെന്ന് ലോകത്തെ അറിയിക്കാന്‍ പറ്റിയ ഇനമാണ് രാഹുലെന്ന് ഇമ്രാന്ഖാന് മനസ്സിലാക്കിയിരിക്കുന്നു.
കശ്മീരില്‍ ജനങ്ങള്‍ കൊല്ലപ്പെടുകയാണെന്ന രാഹുലിന്റെ വായ്ത്താരി ചൂണ്ടിക്കാട്ടി പാക് മനുഷ്യാവകാശവകുപ്പ് മന്ത്രി ഡോ. ഷിറിന് എം. മാസാരിയാണ് ഐക്യരാഷ്ട്രസഭയെ സമീപിച്ചത്. അമേഠിയില്‍നിന്ന് ഒളിച്ചോടി വയനാട്ടില്‍ വന്നപ്പോള്‍ രാഹുലിന് ചുറ്റുംനിരന്ന പച്ചക്കൊടിയുടെ ഇംപാക്ടാണ് അതെന്ന് കേരളമൊഴിച്ചുള്ള എല്ലാ നാട്ടുകാര്‍ക്കും മനസ്സിലായിട്ടുണ്ട്. യുദ്ധത്തിന് നാളും തീയതിയും കുറിച്ച് ഇമ്രാന്ഖാന് കീനേരി അച്ചു കളിക്കുമ്പോഴാണ് രാഹുല്‍ ഒപ്പം ചേരുന്നത്. ജയചന്ദ്രന്മാര് ചരിത്രത്തിന്റെ ആവര്‍ത്തനമാകുന്നത് ഇങ്ങനെയൊക്കെയാണ്.
പക്ഷേ കാലം മാറിയല്ലോ. ഒറ്റുകാരെ തിരിച്ചറിയാനുള്ള മൂന്നാം കണ്ണ് ഇന്ന് രാജ്യത്തിനുണ്ട്. ചന്ദ്രന്റേതുപോലും അത്ര സുന്ദരമായ മുഖമല്ലെന്ന് ഫോട്ടം പിടിച്ച് നാട്ടിലേക്ക് അയയ്ക്കുന്ന, വിരുത് നേടിയ ഒരു രാജ്യത്തിരുന്നാണ് രാഹുല്‍ പാക്കിസ്ഥാനുവേണ്ടി കുഴലൂതുന്നത്. സംഗതി നാലാള് അറിഞ്ഞതോടെ വീണ്ടും രാഹുല്‍ രാജ്യസ്നേഹിയുടെ വേഷം കെട്ടിയാണ് ജാള്യത മറയ്ക്കാന്‍ പരിശ്രമിക്കുന്നത്. ദുരൂഹതകളുടെ നടുക്കാണ് കാലം മുതലേ കുടുംബമെന്ന് അറിഞ്ഞാല്‍ തീരാവുന്നതേയുള്ളൂ മധ്യവയസ്കനായ ഇളമുറക്കാരന്റെ ഇളകിയാട്ടത്തോട് ഇനിയും ചിലര്‍ക്ക് ബാക്കിനില്ക്കുന്ന ആരാധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: