മലയാളിയുടെ വിശ്വാസങ്ങളിലും ആഘോഷങ്ങളിലും ബലി നിറഞ്ഞുനില്ക്കുന്നു. ബലി നിത്യമനോഹരമായ ഒരു സങ്കല്പം മാത്രമാണെന്നു തിരിച്ചറിഞ്ഞിട്ടും അതില്‍ ആണ്ടുമുങ്ങി അഭിരമിക്കുകയാണ് വൈലോപ്പിള്ളി കവിത; ഓണപ്പാട്ടുകാരിലൂടെ.
”പല ദേശത്തില്‍ പല
വേഷത്തില്‍
പല പല ഭാഷയില്‍
ഞങ്ങള്‍ കഴിപ്പൂ
പാരിതിലാദിയിലുദയംകൊണ്ടു
പൊലിഞ്ഞൊരു
പൊന്നോണത്തിന് ചരിതം.”
എന്ന വരികളില്‍ ബലിസങ്കല്പത്തിന്റെ പൊരുള്‍ വൈലോപ്പിള്ളി ശാസ്ത്രീയമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. സമ്പദ് സമൃദ്ധവും അസമത്വരഹിതവുമായ ഒരു ഭൂതകാലത്തെക്കുറിച്ചുള്ള സ്വപ്നം എല്ലാ ജനസമൂഹവും പേറുന്നുണ്ട്. ഈജിപ്തിലും മെസപ്പൊട്ടാമിയയിലും ഗ്രീസിലും മയാ-ഇന്‍കാ സംസ്കാരങ്ങളിലുമെല്ലാം അത്തരം സങ്കല്പങ്ങളുണ്ടെന്നും, ആ സങ്കല്പങ്ങളില്നിന്ന് ഊര്‍ജം ആവാഹിച്ചാണ് മലയാളിയും ഓണമാഘോഷിക്കുന്നതെന്നുമാണ് കവി തിരിച്ചറിയുന്നത്.
ഉര്‍വ്വരതാ സങ്കല്‍പ്പങ്ങള്‍ എല്ലാ വസന്തോത്സവങ്ങള്ക്കു പിറകിലുമുണ്ടെങ്കിലും മനുഷ്യതുല്യതയെ ഓണംപോലെ അടയാളപ്പെടുത്തുന്ന മറ്റാഘോഷങ്ങള്‍ ഉണ്ടോ എന്നു സംശയം.
”അവകള്‍ കിനാവുകളെന്നാം ശാസ്ത്രം
കളവുകളെന്നാം ലോകചരിത്രം
ഇവയിലുമേറെ യഥാര്‍ത്ഥം ഞങ്ങടെ
ഹൃദയനിമന്ത്രിത സുന്ദരതത്ത്വം”
വെറും സങ്കല്പമാണെന്നറിഞ്ഞിട്ടും ഞങ്ങള്‍ ഇതിനെ ഹൃദയത്തോടു ചേര്‍ത്തു ബന്ധിച്ചിരിക്കുന്ന സുന്ദരതത്ത്വമാക്കി മാറ്റിയിരിക്കുന്നുവെന്നു കവി തിരിച്ചറിയുന്നുണ്ട്. ശാസ്ത്രാധ്യാപകനായിരുന്ന കവി സൗന്ദര്യത്തെ ശാസ്ത്രീയമായിത്തന്നെ അളന്നു സ്ഥാപിക്കുന്നത് എല്ലാ കവിതകളിലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയും.
അളവറ്റ മനുഷ്യത്വത്തിനു വേണ്ടിയുള്ള നിലവിളി വൈലോപ്പിള്ളിയുടെ മറ്റു കവിതകളിലെന്നപോലെ ഓണപ്പാട്ടുകാരിലും സര്‍വ്വത്ര തെളിഞ്ഞു കാണാം.
”പൃഥ്വിയിലന്നു മനുഷ്യര്‍ നടന്ന പ-
ദങ്ങളിലിപ്പൊഴധോമുഖ വാമനര്‍
ഇത്തിരിവട്ടം മാത്രം കാണ്മവര്
ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍
മൂവടിമണ്ണിനിരന്നുകവന്നുവ-
ധിച്ചു നശിച്ചപ്പോ, രല്പസുഖത്തിന്
പാവകളിച്ചതു തല്ലിയുടച്ചുക-
രഞ്ഞുമയങ്ങീടുന്നോര്”
ഈ വരികളില്‍ കവിയുടെ ഭൂതകാല പ്രേമവും പുതുകാലത്തെ ചൊല്ലിയുള്ള വ്യാകുലതയും ഓണസങ്കല്പത്തിന്റെ വിശകലനവും കാണാം. ‘ദേവകള്‍ തന് പരിഹാസം പോലെ’യെത്തുന്ന ഓണനിലാവിനെ വായിച്ചെടുക്കാന്‍ വൊലോപ്പിള്ളിക്കല്ലാതെ മറ്റൊരു കവിക്കു കഴിയുമെന്നു തോന്നുന്നില്ല. ‘സാനുതലങ്ങളിലൂടെ നിവര്‍ന്നു നടന്നുവരുന്ന തേജോരൂപം’ മാബലിയല്ല, മറിച്ച് മലയാളികളുടെ സ്വപ്നമാണ്. കവിയുടെ ആഗ്രഹംപോലെ ആ സ്വപ്നം വൈകാതെ സാക്ഷാത്കരിക്കാന്‍ മലയാളികള്‍ക്കു കഴിയുമെന്നു നമുക്ക് പ്രത്യാശിക്കാം.
(കവിയും തപസ്യ സംസ്ഥാന
വൈസ് പ്രസിഡന്റുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: