കിണറ്റില്‍ കരയില്‍ വെള്ളം കോരി നില്‍ക്കുമ്പോഴാണ് ശ്രദ്ധിച്ചത്, പ്ലാവിന് ചില്ലയില്‍ ജീവന്റെ ഒരു തുടിപ്പ്. വിശ്വസിക്കാനാവാതെ കോരിയ വെള്ളം കൈവിട്ടു പോയി.
അടുത്തു ചെന്നു നോക്കി.
ജീവന് പൊടിച്ചു വരുന്നതേയുള്ളൂ.
ആദ്യ ഫലം!
അത് ഗുരുവായൂരപ്പനാണെന്ന് ചെടി നടുമ്പോള്‍ത്തന്നെ നേര്‍ന്നിരുന്നു. നാസിക്കിലെ പരീഖിന്റെ കമ്പനിയില്‍ പ്രശ്നം വെപ്പിനു പോയപ്പോള്‍ പരിശായി കിട്ടിയതായിരുന്നു ആ പ്ലാവിന് തൈ.
നാലഞ്ചുകൊല്ലം മുമ്പാണ്. അന്നൊക്കെ പ്രശ്നഫലചിന്തനത്തില്‍ നല്ല പ്രാവീണ്യമുള്ള കാലമായിരുന്നു. സംഘം ചേര്‍ന്നും ഒറ്റയ്ക്കും പല ദിക്കുകളില്‍ പ്രശ്നം വെപ്പിനുപോയിരുന്നു. വേങ്ങശ്ശേരിയിലെ വിശ്വനാഥ പണിക്കരാണ് നാസിക്കിലേക്ക് പോകേണ്ടിയിരുന്നത്. അദ്ദേഹത്തിന് ഒഴിവാക്കാനാവാത്ത എന്തോ തിരക്ക് വന്നപ്പോള്‍ ആ പൊറുപ്പ് സുഹൃത്തായ രാമശേഷനില്‍ വന്നു പെട്ടു.
നാസിക്കില്‍ മാത്രം ഏഴു കമ്പനികള്‍. മുംബൈയിലും പൂനയിലും അതിന്റെ ശാഖകള്‍. മറ്റു പല കമ്പനികളിലും ഓഹരികള്‍… അങ്ങനെ പണത്തിനു മേല്‍ പണം മൂടി എന്തു ചെയ്യണമെന്നറിയാതിരുന്ന കാലത്താണ് കമ്പനിയുടെ ഒരു ചെറിയ യൂണിറ്റില്‍ സമരം പൊട്ടിപ്പുറപ്പെട്ടത്. പതുക്കെപ്പതുക്കെ അത് മറ്റ് കമ്പനികളിലേക്കും പടര്‍ന്നു. അതോടെ നിര്‍മാണം നിന്നു. വരുമാനത്തില്‍ ഇടിച്ചിലായി. സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. കൂനിന്മേല് കുരു എന്നപോലെ ഓഹരി നിക്ഷേപമുള്ള കമ്പനികളുടെ പ്രവൃത്തിവിജയം ബാധിക്കപ്പെട്ടു. ആ ഓഹരികള്‍ കൂപ്പുകുത്തി. ഇതിനിടെ വ്യക്തിജീവിതത്തിലും പ്രശ്നങ്ങള്‍ ഉടലെടുത്തു. മുന്നോട്ടു പോകേണ്ടതറിയാതെ ഇരുട്ടില്‍ തപ്പുന്ന സമയത്താണ് പ്രശ്നഫലചിന്തനത്തെക്കുറിച്ച് വിശ്വസ്തര്‍ നിര്‍ദ്ദേശിച്ചത്. നാസിക്ക് ഭാഗത്തൊന്നും പ്രശ്നം ചിന്തിക്കാനുള്ള കേമന്മാരില്ലായിരുന്നു. അങ്ങനെ വേങ്ങശ്ശേരി പണിക്കര്‍ക്ക് നറുക്ക് വീണു. അദ്ദേഹത്തിന് ഒഴിവില്ലാതെ വന്നപ്പോള്‍ രാമശേഷനും.
പ്രശ്നം വെപ്പില്‍ ആരൂഢം തടുക്കുകയും വ്യാഴം മറയുകയും ചെയ്തു.
”ഇന്നിനി പ്രശ്നഫല ചിന്തനം സാധ്യമല്ല…” രാമശേഷന് പറഞ്ഞു. ”നാളെ വീണ്ടും നോക്കാം…”
ആരൂഢം തടുത്താല്‍ അന്നു പിന്നെ പ്രശ്നം പറയരുത് എന്നാണ്.
”ആരൂഢം തടുക്കല്‍ച്ചാല്‍ എന്താണ് സാര്‍?”, കോമളവല്ലി അതറിയാന്‍ ഉത്സാഹം കാണിച്ചു.
”ആരുഢലഗ്നത്തിന്റെ 2-6-8-12 ഭാവങ്ങളില്‍ ഉദയലഗ്നം വന്നാല്‍ ആരൂഢം തടുത്തു എന്നര്‍ത്ഥം…”
ഉദയലഗ്നം 2ല്‍ നിന്ന് ആരൂഢം തടുത്താല്‍ ധര്‍മ്മദൈവകോപമാണ് കാരണം. ആറില്‍ വന്ന് തടുത്താല്‍ ശത്രുദോഷം. 8 എങ്കില്‍ പാരമ്പര്യാദി കാരണങ്ങള്‍. പന്ത്രണ്ടാണ് ഹേതുവെങ്കില്‍ ഭയം, പ്രേതബാധ.
പരീഖിന്റെ ഗുണദോഷമറിയാന്‍ വെച്ച പ്രശ്നത്തില്‍ ആറില്‍ ഉദയലഗ്നം വന്നാണ് ആരൂഢം തടുത്തത്. ശത്രുക്കളാണ് ഹേതുവെന്ന് മനസ്സിലായി. ആരാണ് ശത്രുക്കളെന്നറിയാന്‍ വീണ്ടും പ്രശ്നം വെച്ചു. സ്വന്തം കുടുംബക്കാരാണെന്ന് ഗ്രഹങ്ങള്‍ കാണിച്ചു തന്നു.
കുടുംബത്തിലെ ഓരോരുത്തര്‍ക്കും തന്റെ കമ്പനിയില്‍ ജോലി കൊടുത്ത് രക്ഷിച്ച ആളായിരുന്നു പരീഖ്. അവസാനം അവര്‍ തന്നെ പരീഖിന് പാരയായി. സമരത്തിന് ആഹ്വാനം കൊടുത്തതും ആളിക്കത്തിച്ചതും സ്വന്തം ജ്യേഷ്ഠന്റെ മകനായിരുന്നു. അവനെ പറഞ്ഞയയ്ക്കാന് ശ്രമിച്ചതാണ് ഇത്രയും വലിയ പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഇപ്പോള്‍ അവനാണ് തനിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നത്. എന്തെങ്കിലും ചെറിയ ജോലി തന്ന് രക്ഷിക്കണമെന്ന് നിത്യവും മുന്നില്‍ വന്ന് കൈകൂപ്പി കരഞ്ഞവന്!
പിറ്റേന്ന് പ്രശ്നം വെച്ചപ്പോള്‍ ആരൂഢം തെളിഞ്ഞു. വ്യാഴം പ്രസാദിച്ചു. സമീപ ഭാവിയില്‍ തന്നെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ട് കമ്പനികള്‍ പൂര്‍വ്വാധികം ശക്തിയോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് കണ്ടു.
”അപ്പോള്‍ എന്തുകൊണ്ടായിരിക്കാം സാര്‍ ആദ്യദിനം ആരൂഢം തടുത്തതും പിറ്റേന്ന് തെളിഞ്ഞതും?”
”പ്രച്ഛകന്‍, ദൈവജ്ഞന്, ചുറ്റുമുള്ള പ്രകൃതി, പ്രപഞ്ച ശക്തികളുടെ ഇടപെടല്‍ എല്ലാം പ്രശ്നഫലത്തെ സ്വാധീനിക്കും…,” രാമശേഷന് സംശയത്തിന് മറുപടി പറഞ്ഞു. ”ആദ്യദിനം ഇതേതെങ്കിലുമൊന്ന് പ്രതികൂലമായിരുന്നിരിക്കാം… പിറ്റേന്ന് എല്ലാം അനുകൂലത്തില്‍ വന്നിട്ടുണ്ടാവും…”
”ആരൂഢംകൊണ്ട് വര്‍ത്തമാനവും ഉദയലഗ്നംകൊണ്ട് ഭാവിയും ചിന്തിക്കണമെന്ന് പറയാറുണ്ടല്ലോ,” ഹരികൃഷ്ണന് കോനത്ത്. ”പരീഖിന്റെ ഉദയലഗ്നം തന്ന സൂചനകള്‍ എന്തായിരുന്നു?”
”മിടുക്കന്,” രാമശേഷന് ഹരിയുടെ സമീപം വന്നു. ”ആരൂഢംകൊണ്ട് ഇപ്പോഴത്തെ സ്ഥിതിയും ഉദയംകൊണ്ട് ഭാവിസ്ഥിതിയുമാണ് ചിന്തിക്കേണ്ടത്… പരീഖിന് നല്ല ഭാവിയാണ് കണ്ടത്…”
”സാര്‍ ഉദയലഗ്നംച്ചാല്‍?,” പ്രസന്ന
”പ്രശ്നസമയത്ത് ഉദിച്ചു നില്ക്കുന്ന ലഗ്നം…”
പിറ്റേന്ന് പരീഖ് എസ്റ്റേറ്റിലേക്ക് കൊണ്ടുപോയി. ഏക്കറുകള്‍ പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍… നടന്നു നടന്ന് ക്ഷീണിച്ചപ്പോള്‍ ചെത്തിയിറക്കിയ ഇളനീരുകള്‍ ദാഹമകറ്റി. ബംഗ്ലാവില്‍ വിശ്രമിക്കുമ്പോള്‍ തീര്‍ത്തും സ്വകാര്യപ്പെട്ട നിമിഷത്തില്‍ പരീഖ് സമീപം വന്നു.
”അല്പം എടുക്കട്ടെ?”
രാമശേഷന് ദൈവജ്ഞനാണെന്ന കാര്യം അയാള്‍ മറന്നുവോ? അതോ പരീക്ഷിച്ചതോ?
കശുവണ്ടി വാറ്റിയ ഒന്നാന്തരം സാധനമാണെന്ന മുഖവുരയോടെ മൂടി തുറന്ന് ഒന്നു മണപ്പിച്ചു. പെട്ടെന്ന് മനസ്സിന്റെ കെട്ടഴിഞ്ഞു. ഒന്ന്, രണ്ട്, മൂന്ന്… രാമശേഷന് ഭാവനയുടെ ഒരു ലോകത്തില്‍ അഭിരമിച്ചു. കൂടെ കഴിക്കാന്‍ പരീഖ് കൊണ്ടുവെച്ചത് എസ്റ്റേറ്റില്‍ നിന്നു തന്നെ പറിച്ച ചക്കയുടെ ചെമ്പകപ്പൂ നിറമുള്ള ചുളകളായിരുന്നു. തേന്‍ തോറ്റുപോകുന്ന ഇനിപ്പ്. വരിക്കയ്ക്ക് അവരവിടെ മറ്റെന്തോ പേരാണ് പറയുന്നത്. വല്ലഭിയുടെ എക്കാലത്തേയും ദൗര്‍ബല്യമാണ് വരിക്ക. ഒരു തൈ കിട്ടുമോ എന്നു ചോദിക്കേണ്ട താമസം പരീഖ് അതിനുള്ള സൗകര്യമൊരുക്കി. തൈ ഉണങ്ങാതിരിക്കാന്‍ ട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്ത് കോയമ്പത്തൂര്‍ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു.
പിന്നീട് ഇടക്കിടെ വിളിച്ചു ചോദിക്കുമായിരുന്നു. നട്ടുവോ, രണ്ടുനേരം നനയ്ക്കുന്നുണ്ടോ, പുതിയ ഇല കിളിര്‍ത്തുവോ?
രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ട് കമ്പനികള്‍ സജീവമായെങ്കിലും ഹൃദയത്തിന്റെ പമ്പിങ് പ്രശ്നം പരീഖിനെ മരണത്തിലേക്ക് നയിച്ചു.
പക്ഷേ പരീഖിനെ ഓര്‍മിപ്പിച്ചുകൊണ്ട് പ്ലാവില്‍ ജീവന്റെ ആദ്യ പൊടിപ്പ് വിടര്‍ന്നിരിക്കുന്നു.
ഒരു മനുഷ്യനെ ഓര്‍ക്കാന്‍ ഒരു മരം മതി.
രാമശേഷന് പ്ലാവിന്റെ തടിയില്‍ ഒന്നു തൊട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: