പെരുന്ന: എല്ലാവര്‍ക്കും തുല്യനീതി ലഭിക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷനെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നെന്ന് എന്‍എസ്എസ്. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം നിലയ്‌ക്കുന്ന അവസ്ഥയാണ്. കോര്‍പ്പറേഷന്‍ വഴി അര്‍ഹരായവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം കഴിഞ്ഞ വര്‍ഷം മുതല്‍ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
സ്‌കോളര്‍ഷിപ്പ്, കോച്ചിങ് അസിസ്റ്റന്‍സ്, സ്‌കില്‍ ഡെവലപ്പ്‌മെന്റ്, പലിശ സബ്‌സിഡി, ഭവന പുനരുദ്ധാരണം തുടങ്ങിയവയ്‌ക്കായി 35 കോടിയില്‍പരം രൂപ പ്രതിവര്‍ഷം സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ടതാണ്. ഇതനുസരിച്ച് 2018-19, 2019-20 വര്‍ഷങ്ങളില്‍ കിട്ടേണ്ട 70 കോടിയില്‍ വെറും 17 കോടി രൂപ മാത്രമാണ് കോര്‍പ്പറേഷന് ലഭിച്ചത്. രണ്ടു വര്‍ഷത്തേക്ക് അര്‍ഹരായവരുടെ അപേക്ഷകള്‍ ക്ഷണിച്ച്, പട്ടിക തയാറാക്കിയെങ്കിലും അര്‍ഹമായ തുക നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് കോര്‍പ്പറേഷന് ഇപ്പോഴുള്ളത്.
സംവരണേതര സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 2.48 കോടി രൂപ നാളിതുവരെ കോര്‍പ്പറേഷന് നല്‍കിയിട്ടില്ല. മറ്റെല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരിലെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതിന് ആവശ്യമായ വ്യവസ്ഥകളുണ്ട്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അലംഭാവം ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















