തിരുവനന്തപുരം: ഇടിമുറികള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന കാര്യമല്ലെന്നും മറ്റു ചില കോളേജുകളിലും ഇത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഷംസുദീന്‍ കമ്മീഷന്‍. വിദ്യാര്‍ത്ഥികളാണ് കമ്മീഷന് ഇത്തരത്തില്‍ പരാതി നല്‍കിയതെന്ന് ജസ്റ്റിസ് ഷംസുദീന്‍ കമ്മീഷന്‍ അറിയിച്ചു. ആര്‍ട്‌സ് കോളേജിലും മടപ്പള്ളി കോളേജിലും ഇടിമുറികള്‍ സജീവമാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപെട്ടുവെന്ന് ജസ്റ്റിസ് ഷംസുദീന്‍ കമ്മീഷന്‍ അറിയിച്ചു. ഇതിനേക്കുറിച്ച് കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ‘സേവ് യൂണിവേഴ്‌സിറ്റി കോളേജ് ക്യംപെയ്ന്‍ കമ്മിറ്റി’യാണ് ഈ സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷനെ രൂപീകരിച്ചത്. കമ്മീഷന്‍ സംസ്ഥാനത്തെ വിവിധ ക്യാംപസുകളിലും പുറത്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിലെ ക്യാംപസുകളില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നിരന്തരം ഉണ്ടാകുന്നുവെന്നും മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ഇത്തരം അക്രമങ്ങള്‍ തടയാനുള്ള യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും കമ്മീഷന്‍ പറയുന്നു. ക്യാംപസിലെ രാഷ്‌ട്രീയം അതിരുകടക്കുന്ന രീതിയിലേക്ക് മാറികൊണ്ടിരിക്കുകയാണെ്. റാഗിംങ് വിരുദ്ധ നിയമം ഉള്‍പ്പടെയുള്ളവ ഉപയോഗിച്ചുകൊണ്ട് ഇത്തരം ആക്രമങ്ങളെ തടയാം. എന്നാല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരും അധ്യാപകരും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഒപ്പം നില്‍ക്കുന്ന നിലപാടാണുള്ളത്. ഇത് കര്‍ശനമായി തടയണമെന്നുള്ള നിര്‍ദ്ദേശവും കമ്മീഷന്‍ മുന്നോട്ട് വയ്‌ക്കുന്നുണ്ട്. ജനാധിപത്യം കലാലയങ്ങളില്‍ സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തയ്യാറാകണമെന്നും കമ്മീഷന്‍ പറയുന്നു.
















