ദുബായ്: സാമ്പത്തിക തട്ടിപ്പു കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കിയതെന്നു സൂചന. കൂട്ടുകാരന് അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യില്‍ കിട്ടുമെന്ന് പരാതിക്കരനായ നാസില്‍ മറ്റൊരു സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശം പുറത്ത്. ദുബായിയില്‍ കേസ് കൊടുത്താല്‍ ശരിയാവില്ല എന്നും ഷാര്‍ജയില്‍ കേസ് കൊടുക്കാമെന്നും നാസില്‍ സുഹൃത്തിനോട് പറയുന്നുണ്ട്. താന്‍ നാസിലിനു ചെക് നല്‍കിയിട്ടില്ല എന്ന തുഷാറിന്റെ വാദം ശരിവയ്‌ക്കുന്നതാണ് നാസിലിന്റെ ശബ്ദ സന്ദേശങ്ങള്‍.
തുഷാറിനെതിരെ ചെക്ക് കേസ് നല്‍കുന്നതിന് ഏതാണ്ട് ഒരു മാസം മുന്‍പാണ് നാസില്‍ കേരളത്തിലെ സുഹൃത്തിനു ഈ ശബ്ദ സന്ദേശങ്ങള്‍ അയച്ചത്. തുഷാര്‍ കുടുങ്ങിയാല്‍ വെള്ളാപ്പള്ളി നടേശന്‍ പണം തരുമെന്നും നാസില്‍ പറയുന്നുണ്ട്. യുഎഇയില്‍ തുഷാര്‍ വെള്ളപ്പാള്ളി പലരേയും വിശ്വാസത്തിലെടുത്തു ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ടുകൊടുത്തുവെന്നും നാസില്‍ പറയുന്നു. തുഷാര്‍ ദുബായിലെത്തി അറസ്റ്റിലാകുന്നതിനു മുന്‍പാണ് നാസില്‍ സുഹൃത്തിനോടു സംസാരിക്കുന്നതെന്നും വാക്കുകളില്‍ നിന്ന് വ്യക്തമാണ്. തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് ഒരാളുടെ കയ്യില്‍ ഉണ്ട് എന്നും അയാള്‍ക്ക് കേസ് കൊടുക്കാന്‍ താല്പര്യമില്ല എന്നും നാസില്‍ സുഹൃത്തിനോട് പറയുന്നു. കേരളത്തില്‍ അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ ആ ചെക്ക് തന്റെ കയ്യില്‍ കിട്ടും. അതിനു പണം തന്ന് സഹായിക്കണം എന്നും നാസില്‍ അബ്ദുല്ല സുഹൃത്തിനോട് പറയുന്നു.
തുഷാര്‍ ഉടന്‍ ദുബായിയില്‍ വരും. അപ്പോഴേക്കും കേസ് കൊടുത്ത് പൂട്ടാനാണ് തന്റെ പരിപാടി. തുഷാര്‍ കുടുങ്ങിയാല്‍ വെള്ളാപ്പള്ളി പണം തരും. വെള്ളാപ്പള്ളിയുടെ കൈയില്‍ ഇഷ്ടം പോലെ പണം ഉണ്ട് എന്നത് അനുകൂല ഘടകമാണ് എന്നും നാസില്‍ പറയുന്നു. ബ്ലാങ്ക് ചെക്കില്‍ 10 മില്യണ്‍ ദിര്‍ഹം എഴുതി ചേര്‍ത്താല്‍ പരാജയപ്പെടും . ആറു മില്യണ്‍ എഴുതി, കിട്ടുന്ന പണം വാങ്ങി ഒത്തു തീര്‍പ്പാക്കാനാണു പരിപാടി എന്നും നാസില്‍ സുഹൃത്തിനയച്ഛ ശബ്ദ സന്ദേശത്തില്‍ ഉണ്ട്.
തനിക്ക് തരാനുള്ള പണം കുറെയൊക്കെ തുഷാർ തന്നിട്ടുണ്ട്. പക്ഷെ ഒരു പൈസ പോലും കിട്ടിയിട്ടില്ല ഏന്ന് താന്‍ പറഞ്ഞാല്‍ തുഷാറിന് അത് തെളിയിക്കാന്‍ കഴിയില്ല. തുഷാറിന്റെ ദൗര്‍ബല്യങ്ങള്‍ താന്‍ മനസിലാക്കിയിട്ടുണ്ട് എന്നും നാസില്‍ പറയുന്നു.
















