ന്യൂദല്‍ഹി: ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തെ തന്നെ ഗവര്‍ണറാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നുവെന്ന് നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ എത്തിയാല്‍ ഉടന്‍ പ്രളയബാധിത മേഖലകളും ദുരിതബാധിതരെയും സന്ദര്‍ശിക്കുമെന്നും അദേഹം വ്യക്തമാക്കി. കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രളയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാെണന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ജസ്റ്റിസ് പി.സദാശിവത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചത്. ഷാബാനു കേസിലെ വിധിമറികടക്കാന്‍ നിയമംകൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് രാജീവ്ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചയാളാണ് ആരിഫ് ഖാന്‍.
ഉത്തര്‍ പ്രദേശ് സ്വദേശിയായ ആരിഫ് വ്യോമയാനം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കേരളം കൂടാതെ, ഹിമാചല്‍ ഗവര്‍ണറായ കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി നിയമിച്ചു. ഭഗത് സിങ് കോഷ്യാരി ആണ് മഹാരാഷ്‌ട്ര പുതിയ ഗവര്‍ണര്‍. ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹിമചല്‍ ഗവര്‍ണര്‍. തമിഴിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ജനതാദള്‍, ബിഎസ്പി, ബിജെപി എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ആരിഫ് മുസ്ലിം വിഭാഗത്തിന്റെ പുരോഗനത്തിനായി വാദിക്കുന്ന പ്രമുഖനാണ്.
















