പേരാമ്പ്ര: പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് കോളജില്‍ കെഎസ്‌യു,എംഎസ്എഫ് തെരഞ്ഞെടുപ്പ് പ്രകടനത്തിനിടെ പാക്കിസ്ഥാന്‍ പതാക വീശിയതിനെതിരെ പ്രതിഷേധം ശക്തം. കോളജിനുള്ളില്‍ നടന്ന പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. പാക്കിസ്ഥാന്‍ പതാകയുമായി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
കെഎസ്‌യുവിന്റെ പതാകയും ഇതിനോടൊപ്പമുണ്ടായിരുന്നു. മീറ്ററുകള്‍ വലിപ്പമുള്ള പാക് പതാകയാണ് വിദ്യാര്‍ത്ഥികള്‍ പ്രകടനത്തില്‍ ഉപയോഗിച്ചത്. എന്നാല്‍ കൊടിയിലെ ചന്ദ്രക്കല സ്ഥാനം തെറ്റിയാണ് ഉണ്ടായിരുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ബിജെപി കോളജിലേക്ക് മാര്‍ച്ച് നടത്തി. പേരാമ്പ്ര പോലീസ് സ്വമേധയാ മുപ്പതിലധികം പേരുടെ പേരില്‍ പോലിസ് കേസെടുത്തു.
യുഡിഎസ്എഫിന്റെ കുത്തകയായ കോളജില്‍ ഭീകര ബന്ധമുള്ളവരാണ് പാക് പതാക വീശിയതെന്ന് ബിജെപി ആരോപിച്ചു. കോളേജിന്റെ ആരംഭകാലം മുതല്‍ ഭീകര സംഘടനകളുടെ സാന്നിദ്ധ്യം കാമ്പസിലുണ്ടായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. മാനേജ്‌മെന്റിന്റെ പിന്തുണ ഇതിനുണ്ടെന്നും ആരോപണമുയര്‍ന്നു. പ്രതിഷേധ മാര്‍ച്ച് ബിജെപി സംസ്ഥാന കമ്മിറ്റി മെമ്പര്‍ എം.മോഹനനന്‍ ഉദ്ഘാടനം ചെയ്തു. സംഭവത്തെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും, മാനേജ്‌മെന്റിനെ കൂടി പ്രതിചേര്‍ക്കണമെന്നും സംഭവത്തില്‍ മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും എം. മോഹനനന്‍ ആവശ്യപ്പെട്ടു.
















