കൊച്ചി : ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ നയങ്ങള്‍ക്ക് ബലിയാടാകേണ്ടിവന്ന സമരഭടന്മാരിലെ ധീര നായകനായിരുന്നു വൈക്കം ഗോപകുമാര്‍. കൊടിയ മര്‍ദ്ദനങ്ങളുടെ തീരാദുരിതം പേറി ജീവിക്കുകയായിരുന്ന അദ്ദേഹം, മരിക്കുന്നതുവരെ പ്രവര്‍ത്തകരുടെ കൂട്ടായ്‌മകളില്‍ സജീവ സാന്നിധ്യമായിരുന്നു.
ജൂണ്‍ 25 അര്‍ധരാത്രിയിലാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജയപ്രകാശ് നാരായണനും മോറാര്‍ജിയും അടല്‍ ബിഹാരി വാജ്പേയിയും അദ്വാനിയും കൃപലാനിയും അടക്കമുള്ള ദേശീയ നേതാക്കള്‍ അഴിക്കുള്ളിലായി. ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. അടിയന്തിരാവസ്ഥയുടെ മറവില്‍ ആലപ്പുഴ ജില്ലയില്‍ ആര്‍എസ്എസ് പ്രചാരകനായിരിക്കെ 1976 ആഗസ്റ്റ് 1നാണ് ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന അന്ന് 24 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന കെ.പി. ഗോപകുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. രാജനുള്‍പ്പെടെ 30ല്‍പരം പേര്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കാലഘട്ടത്തിലാണ് വൈക്കം ഗോപകുമാറിനേയും അറസ്റ്റ് ചെയ്യുന്നത്.
പിന്നീട് കൊടിയ പോലീസ് മുറകളാണ് അദ്ദേഹത്തിനുമേല്‍ പ്രയോഗിക്കപ്പെട്ടത്. നിരന്തരമായ ഉരുട്ടലില്‍ കാലിന്റെ മുട്ടുചിരട്ടകള്‍ തെന്നിമാറി. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ ശരീരം തകര്‍ന്നു നീരുവച്ച ഗോപകുമാറിനെ സ്‌ട്രെച്ചറില്‍ കിടത്തിയാണ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയത്.
അതിനുശേഷം 1976 ആഗസ്റ്റ് 12ന് കണ്ണാട്ടു പുരയിടം എന്ന സ്ഥലത്തുവച്ചു അറസ്റ്റു ചെയ്തു എന്ന കള്ളരേഖയുണ്ടാക്കി പിറ്റേദിവസം തിരുവനന്തപുരം ജയിലിലേക്ക് കൊണ്ടുപോയി. 1977 മാര്‍ച്ച് 22ന് തിരുവനന്തപുരം ജയിലില്‍ അവശേഷിച്ചിരുന്ന ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകരോടൊപ്പം ഏറ്റവും ഒടുവിലാണ് ഗോപകുമാര്‍ ജയില്‍ മോചിതനായത്.
അടിയന്തിരാവസ്ഥയുടെ ഭീകരമുഖത്തിന്റെ ആദര്‍ശബിംബമാണ് വൈക്കം ഗോപകുമാര്‍. രാഷ്‌ട്രീയ സ്വയം സേവകസംഘം താലൂക്ക് പ്രചാരക്, ജില്ലാ പ്രചാരക്, വിഭാഗ് കാര്യവാഹ്, ബിജെപി സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ച വൈക്കം ഗോപകുമാര്‍ പ്രമുഖ വാഗ്മിയും മികച്ച സംഘാടകനുമായിരുന്നു.
















