കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ പ്രതികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ വിജിലന്‍സ് ഇന്ന് അപേക്ഷ നല്‍കും.
പാലം നിര്‍മിച്ച ആര്‍ഡിഎസ് പ്രോജക്ട്‌സ് ലിമിറ്റഡ് ഉടമ സുമിത് ഗോയലിനെ ഒന്നാം പ്രതിയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എജിഎം എം.ടി. തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍, മുന്‍ പൊതു മരാമത്തെ സെക്രട്ടറി ടി.ഒ. സൂരജ് എന്നിവരെ രണ്ടു മുതല്‍ നാലുവരെ പ്രതികളുമാക്കിയാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കരാറുകാരനും മൂന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗുണനിലവാരമില്ലാത്ത പാലം പണിതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിലൂടെ മൂവരും വന്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. മൂവാറ്റുപുഴ സബ് ജയിലില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും. അതിനിടയില്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങി കേസില്‍ വിശദമായ അന്വേഷണം നടത്താനാണ് വിജിലന്‍സ് തീരുമാനം.
















