കോട്ടയം: സിഎസ്ഐ മധ്യകേരള ഇടവകയിലെ ഭൂമി കുംഭകോണത്തിനെതിരെ 31 ദളിത കുടുംബാംഗങ്ങള്‍ സമരം ചെയ്യുമെന്ന് ഭൂസമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടവകയുടെ കീഴിലുള്ള സോഷ്യോ ഇക്കണോമിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഭൂമി കുംഭകോണത്തിനെതിരെയാണ് സമരം. 1979ല്‍ ഇടവക, നീലംപേരൂര്‍ പഞ്ചായത്തില്‍ വിദേശധനസഹായം ഉപയോഗിച്ച് സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ട്രസ്റ്റ് അസോസിയേഷന്റെ പേരില്‍ വാങ്ങിയ സ്ഥലം ഭൂരഹിതരായ 31 കുടുംബാംഗങ്ങള്‍ക്ക് നല്കി.
45 സെന്റ്നിലവും അഞ്ച് സെന്റ്ചിറയും ഉള്‍പ്പെടെ 50 സെന്റ് ഏക്കറിന് 13,000 രൂപാ വിലയ്ക്കാണ് നല്‍കിയത്. ഭൂമി വിലയുടെ ആദ്യഗഡുവായി 6,500 രൂപാ ഓരോകുടുംബത്തോടും സഭ വാങ്ങി. ആദ്യഗഡു അടയ്ക്കുമ്പോള്‍ ഭൂമി ആധാരം ചെയ്തുതരാം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഈ സ്ഥലം ഇതുവരെ ഇവരുടെ പേരില്‍ ആധാരം ചെയ്തുകൊടുക്കാന്‍ സഭ തയാറായിട്ടില്ല.
അതിനാല്‍, സര്‍ക്കാരില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് റവന്യു രേഖകള്‍ ഇല്ലാത്തതിനാല്‍ വീടിനുള്ള ധനസഹായം ലഭിച്ചില്ല. വീട് നഷ്ടപ്പെട്ടവര്‍ സഭയുടെ ആസ്ഥാനത്ത് എത്തി ആധാരം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടതിന് ഇവര്‍ക്കെതിരെ പോലീസില്‍ കേസ് നല്കി. ഇവര്‍ സഭയുടെ സ്ഥലത്ത് അനധികൃതമായി താമസിക്കുന്നുവെന്നാണ് സഭ ഇപ്പോള്‍ പറയുന്നത്. കോട്ടയം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ദളിതരെ സഭ ഇത്തരത്തില്‍ കബളിപ്പിച്ചതായും ഇവര്‍ ആരോപിച്ചു.
31ന് രാവിലെ 10ന് ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ സഭയുടെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ട്രസ്റ്റ് അസോസിയേഷന്റെ ഓഫീസിലേക്ക് മാര്‍ച്ചും സമരപ്രഖ്യാപനവും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.പി.ഒ. ജോണ്‍, കെ.എം. സാബു, കെ.എം. ജോണ്‍, അജയന്.വി.ജെ, കെ.സി. സാമുവല്‍, സുധീര്‍ ദയാനന്ദന്, രമേശ് അഞ്ചലശ്ശേരി എന്നിവര്‍ പങ്കെടുത്തു.
















