തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ രാഖി കെട്ടി വന്ന പെണ്‍കുട്ടിയെ എസ്എഫ്ഐ നേതാവ് തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവം ഒത്തുതീര്‍പ്പാക്കി. അധ്യാപകര്‍ ഇടപെട്ടത്തോടെ എസ്എഫ്ഐ നേതാവ് പെണ്‍കുട്ടിയോട് മാപ്പുപറഞ്ഞു.
കഴിഞ്ഞാഴ്ചയാഴ്ച കോളേജിലെ ചരിത്രവിഭാഗത്തില്‍ ഉച്ചയ്‌ക്കാണ് സംഭവം. പിജി വിദ്യാര്‍ത്ഥിനിയാണ് കൈയില്‍ രാഖി കെട്ടി എത്തിയത്. ഇതില്‍ പ്രകോപിതരായ എസ്എഫ്ഐ നേതാക്കള്‍ സംഘടിച്ചെത്തി പെണ്‍കുട്ടിയുടെ ക്ലാസ്സില്‍ കയറി ബഹളമുണ്ടാക്കുകയായിരുന്നു. വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും, നേതാക്കളിലൊരാള്‍ ക്ലാസ് റൂമിന്റെ ജനല്‍ ചില്ല അടിച്ചുപൊട്ടിക്കുകയും ചെയ്തു.
അധ്യാപകര്‍ക്കു മുന്നില്‍ വെച്ച് പെണ്‍കുട്ടിക്ക് മുന്നറിയിപ്പ് നല്‍കിയാണ് നേതാക്കള്‍ ക്ലാസ് വിട്ടത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഭീഷണിപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകനും അഡ്‌ഹോക്ക് കമ്മിറ്റി അംഗമായ അമലിനെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ഭീഷണി മുഴക്കിയ വിദ്യാര്‍ഥി മാപ്പ് പറഞ്ഞെന്നും പെണ്‍കുട്ടി നല്‍കിയ പരാതി പിന്‍വലിചെന്നും പ്രിന്‍സിപ്പല്‍ കഴിഞ്ഞ ദിവസം കോളജ് സ്റ്റാഫ് കൗണ്‍സിലിനെ അറിയിച്ചു. ഇടത് അനുകൂല അധ്യാപക സംഘടന പെണ്‍കുട്ടിയില്‍ സമ്മര്‍ദം ചെലുത്തി പരാതി പിന്‍വലിച്ചെന്നാണ് ആക്ഷേപം.
ഈ സാഹചര്യത്തില്‍ എസ്എഫ്‌ഐ നേതാവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിനുള്ള തീരുമാനവും പ്രിന്‍സിപ്പല്‍ പ്രഖ്യാപിച്ചു. സംഭവ ദിവസം കോളജിലെ ജനല്‍ചില്ല് അടിച്ചുതകര്‍ത്തതിന് വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്ന് പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസവും കോളജില്‍ എസ്എഫ്‌ഐക്കാര്‍ വീണ്ടും തമ്മിലടിച്ചു. കെമിസ്ട്രി വിഭാഗത്തിലെ ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിനിടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്.
















