തിരുവനന്തപുരം: ദേവസ്വം മന്തി കടകംപളളി സുരേന്ദ്രന്റെ സ്വന്തം നാട്ടില്‍ അന്‍പതോളം കുടുംബങ്ങള്‍ ദുരിതത്തില്‍. വെളളക്കെട്ടും ഡ്രെയിനേജ് പൊട്ടലുമാണ് ദുരിതം വിതയ്ക്കുന്നത്. ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇതുവരെ പരിഹാരം കണ്ടെത്താന്‍ മന്ത്രിക്കോ കൗണ്‍സിലര്‍ക്കോ ബന്ധപ്പെട്ട അധികാരികള്‍ക്കോ കഴിഞ്ഞിട്ടില്ല. ആനയറ ഭഗത് സിംഗ് റോഡില്‍ സിഐഡി ലെയ്നിലേയും പുലിക്കോട് ലെയ്നിലേയും നിവാസികളാണ് ദുരിതത്തിലായിരിക്കുന്നത്.
സിഐഡി ലെയ്നില്‍ മഴപെയ്താല്‍ വെളളക്കെട്ടിലൂടെ നീന്തിക്കയറേണ്ട സ്ഥിതിയാണ്. വെളളം വറ്റണമെങ്കില്‍ മാസങ്ങളെടുക്കും. വെള്ളക്കെട്ട് മാറിയാല്‍ ഇവിടം ചതുപ്പാകും. വെളളക്കെട്ടുണ്ടാകുന്നതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ചിലര്‍ വെളളക്കെട്ട് കാരണം സ്വന്തം വീട് വിട്ട് വാടകയ്ക്ക് കഴിയുന്നു. വെളളക്കെട്ട് പരിഹരിക്കുന്നതിനായി ഓട നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മുന്‍ കൗണ്‍സിലര്‍മാര്‍ ഒഴിഞ്ഞുമാറുന്നു. ഇപ്പോള്‍ സിപിഎം കൗണ്‍സിലറുടെ ആവശ്യം ഓട നിര്‍മിക്കുന്നതിന് നാട്ടുകാര്‍ സ്ഥലം വിട്ടുകൊടുക്കണമെന്നാണ്. സമീപത്തെ സ്വകാര്യപുരയിടത്തില്‍ ഈ ഇടവഴി അവസാനിക്കുന്നതുകൊണ്ട് ആമയിഴഞ്ചാന്‍ തോടിലേക്ക് ഓട ബന്ധപ്പെടുത്തുന്നതിന് തടസ്സങ്ങളുണ്ട്.
എന്നാല്‍ നാട്ടുകാരുടെ ആവശ്യമനുസരിച്ചരിച്ച് സ്വകാര്യവ്യക്തി സ്ഥലം വിട്ടുനല്‍കാന്‍ തയാറായി. ഓട നിര്‍മിക്കുന്നതിന് ഈ വ്യക്തിയുടെ സ്ഥലത്തുളള മതില് പൊളിക്കേണ്ടിവരുന്നതിനാല്‍ ഓട നിര്‍മാണത്തിന് ശേഷം മതില് പുനര്‍നിര്‍മിച്ച് നല്‍കാമെന്ന ഉറപ്പും നാട്ടുകാര്‍ നല്കി. 1.6 ലക്ഷം രൂപ മതില് നിര്‍മാണത്തിന് ചെലവും കണ്ടെത്തി. വാര്‍ഡ് കൗണ്‍സിലറും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സാക്ഷിയായി പത്ത് കുടുംബങ്ങളുമായി ഉടമ്പടിപത്രത്തില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് ഉടമ്പടിയുണ്ടാക്കിയത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഓട നിര്‍മാണം നടന്നിട്ടില്ല. വിവരം അന്വേഷിക്കുമ്പോഴൊക്കെ നടപടി പുരോഗമിക്കുകയാണെന്നാണ് കൗണ്‍സിലറുടെ വാദം. നഗരസഭാ ഭരണം അവസാനിക്കാന്‍ ഇനി മാസങ്ങള്‍ ബാക്കിനില്‍ക്കേ ഓടനിര്‍മാണം നടക്കുമോയെന്നത് സംശയമാണ്.
വര്‍ഷങ്ങളായി പുലിക്കോട് ലെയ്നിലെ ഡ്രെയിനേജ് പൊട്ടിയൊഴുകുകയാണ്. മഴപെയ്താലും ഇല്ലെങ്കിലും ഇത് നിത്യസംഭവമാണ്. മഴക്കാലമാണെങ്കില്‍ സമീപത്തെ വീടുകള്‍ ഡ്രെയിനേജ് മാലിന്യത്തില്‍ മുങ്ങും. ഇവിടം താഴ്ന്ന പ്രദേശമായതും ഇതുവഴിയുളള ഡ്രെയിനേജ് ലൈന്‍ ആമയിഴഞ്ചാന്‍ തോടിന് സമീപം നിലയ്ക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. കണ്ണമ്മൂലയിലെ ഡ്രെയിനേജ് പമ്പ് ഹൗസുമായി ഇവിടത്തെ ഡ്രെയിനേജ് പൈപ്പ് ലൈന്‍ ബന്ധപ്പെടുത്തിയാല്‍ ശാശ്വതപരിഹാരം കണ്ടെത്താന്‍ കഴിയും. ഇതുസംബന്ധിച്ച് അധികൃതര്‍ സര്‍വെയും നടത്തിയിട്ടുണ്ട്. മാത്രവുമല്ല പൈപ്പ്ലൈന് സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുകൊടുക്കാന്‍ നാട്ടുകാരും തയാറാണ്.
എന്നാല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. നാട്ടുകാരുടെ പരാതികള്‍ വ്യാപകമായതോടെ ഡ്രെയിനേജ് ലൈനിന്റെ മാന്‍ഹോള്‍ സിമന്റ് കൊണ്ട് ഉയര്‍ത്തിയുളള തട്ടിക്കൂട്ട് പരിപാടികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. എന്നാലും പൊട്ടിയൊഴുകുന്നതിന് പരിഹാരമുണ്ടായിട്ടില്ല. പ്രദേശവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സിപിഎം പ്രാദേശിക നേതാക്കള്‍വഴി മന്ത്രിയെ ധരിപ്പിച്ചെങ്കിലും മന്ത്രി തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: