തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുഎന്‍എയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം. അക്കൗണ്ടുകളില്‍ നിന്ന് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം ആവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് കത്തു നല്‍കിയത്.
2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ അക്കൗണ്ടിലേക്ക് വന്ന മൂന്ന് കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് മുന്‍ യുഎന്‍എ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതി നല്‍കിയിരുന്നത്. ദേശീയ പ്രസിഡന്റ് ജാസ്മിന് ഷാ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാതിയിലുണ്ട്. 2019 ജനുവരി 31 ന് അക്കൗണ്ട് പരിശോധിക്കുമ്പോള്‍ വെറും 8.55 ലക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. അംഗത്വ ഫീസിനത്തില്‍ പിരിച്ച 68 ലക്ഷം രൂപയടക്കം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങള്‍ക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുള്ള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മൂന്നരക്കോടിയോളം രൂപ സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലരുടെ പോക്കറ്റുകളിലേക്ക് പോയതെന്നാണ് ആക്ഷേപം.
നേരത്തേ കേസ് അന്വേഷിച്ച തൃശൂര്‍ ക്രൈം ബ്രാഞ്ച് എസ്പിയുടെ ‘സാമ്പത്തിക ക്രമക്കേട് ഉണ്ടായിട്ടില്ല’ എന്ന ഇടക്കാല റിപ്പോര്‍ട്ടിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിന് ഷാ അടക്കം നാലു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു.
















