പാലക്കാട് : മന്ത്രിക്ക് സുഗമമായി യാത്ര ചെയ്യുന്നതിനായി മറ്റ് വാഹനങ്ങള്‍ തടഞ്ഞ് വന്‍ ഗതാഗത കുരുക്ക് ഉണ്ടാക്കിയതായി ആരോപണം. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെ വാഹനം കടന്നു പോകുന്നതിന് വേണ്ടി മറ്റ് വാഹനങ്ങള്‍ തടഞ്ഞതോടെ കുതിരാനില്‍ വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുകയായിരുന്നു.
കഴിഞ്ഞ ആറ് ദിവസമായി കുതിരാനില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. അതിനിടയിലാണ് മന്ത്രിക്ക് വേണ്ടിയും വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയത്. ബുധനാഴ്ച മന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനായി പോലീസ് വാഹനങ്ങള്‍ റോഡരികില്‍ ഒതുക്കാന്‍ മറ്റ് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ ആറ് കിലോമീറ്റര്‍ നീളത്തില്‍ ആണ് വാഹനങ്ങള്‍ മന്ത്രി കടന്നു പോകുന്നതിനായി കാത്തുകെട്ടിക്കിടന്നത്. കൊമ്പഴ മുതല്‍ താണിപ്പാടം വരെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
ഇതിനിടെ സ്വകാര്യ ബസുകള്‍ കുരുക്കിനിടയില്‍ തിക്കി കയറിയതും പ്രശ്നമായി. പോലീസ് രണ്ട് സ്വകാര്യ ബസുകള്‍ തടഞ്ഞിട്ടു. സ്ത്രീകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമുള്‍പ്പടെ യാത്രക്കാര്‍ നിറഞ്ഞ വാഹനം 15 മിനിട്ടിലധികം തടഞ്ഞിട്ടതോടെ നാട്ടുകാര്‍ ബസില്‍ നിന്നിറങ്ങി പ്രതിഷേധിച്ചു.
കഴിഞ്ഞ ആറ് ദിവസമായി കുതിരാനില്‍ ഗതാഗത കുരുക്ക് തുടരുകയാണ്. വഴുക്കുംപാറയിലും ഇരുമ്പുപാലത്തും കുതിരാനിലുമുള്ള വലിയ കുഴികളാണ് ദിവസവുമുള്ള ദേശീയപാതയിലെ കുരുക്കിനു പ്രധാന കാരണം.
















