അടൂര്‍: ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് വ്യത്യസ്ഥത പുലര്‍ത്തുന്ന തുവയൂര്‍ വടക്ക് അന്തിച്ചിറ കോട്ടൂര്‍ ഭഗവതി ക്ഷേത്രത്തിലെ രുദ്രാക്ഷപറ വഴിപാട് ശ്രദ്ധേയമാകുന്നു.
ക്ഷേത്ര മുറ്റത്തെ രുദ്രാക്ഷ മരത്തിലെ രുദ്രാക്ഷമാണ് പറ വഴിപാടിന് ഉപയോഗിക്കുന്നത്. രുദ്രാക്ഷ പറ നടക്കുന്ന കേരളത്തിലെ ഏക ക്ഷേത്രവും ഇതുതന്നെയാണെന്നാണ് കരുതുന്നത്. ഉദ്ദിഷ്ട കാര്യം സാധിച്ചവരും ഉദ്ദേശിച്ച കാര്യങ്ങള്‍ സാധിക്കാനുമാണ് ഭക്തര്‍ രുദ്രാക്ഷപറ വഴിപാട് നടത്തുന്നത്. മഹാദേവന്റെ നേത്രത്തില്‍ ഉത്ഭവിച്ചതുകൊണ്ടാണ് ഇതിന് രുദ്രാക്ഷം എന്ന പേരുണ്ടായത്. പുരാതന കാലം മുതല്‍ ഭാരതത്തിലെ ഋഷീശ്വരന്മാര്‍ ധരിച്ചുവന്ന രുദ്രാക്ഷം പരമപവിത്രവും പുണ്യദായയുമാണ്. ക്ഷേത്രം മുന്‍പ്രസിഡന്റ് വിജയന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഗാലാന്റില്‍ നിന്നുമാണ് ഈ മരം ഇവിടെ കൊണ്ടുവന്ന് നട്ടത്.
ഏഴ് തവണ രൂദ്രാക്ഷ പറ വഴിപാട് നടത്തിയാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമെന്നാണ് വിശ്വാസം. ഉത്തരേന്ത്യയില്‍ മാത്രം കാണപ്പെടുന്ന രുദ്രാക്ഷമാണ് ഇവിടെ വളരുന്നത്. രുദ്രാക്ഷം ദര്‍ശിച്ചാല്‍ ലക്ഷം പുണ്യവും സ്പര്‍ശിച്ചാല്‍ കോടി പുണ്യവും ധരിച്ചാല്‍ ശതകോടി പുണ്യവും ലഭിക്കുമെന്നാണ് വിശ്വാസം. രുദ്രാക്ഷമരം പുണ്യ വ്യക്ഷമായാണ് പുരാതന ഭാരതത്തിലെ ഋഷീശ്വരന്‍മാര്‍ കണ്ടിരുന്നത്.
നേപ്പാളിന് പുറമെ ബിഹാര്‍, ആസാം എന്നിവിടങ്ങളിലും രുദ്രാക്ഷം വളരുന്നുണ്ട്. ലോകത്ത് 38തരം രുദ്രാക്ഷമാണുള്ളതെന്ന് പഠനങ്ങളില്‍ വ്യക്തമാ കുന്നത്. ക്ഷേത്ര മേല്‍ശാന്തി വിനീഷിന്റെ മുഖ്യകാര്‍മികത്വത്തിലാണ് രുദ്രാക്ഷ പറവഴിപാട് നടക്കുന്നത്. എല്ലാ മലയാള മാസവും ആദ്യത്തെ ഞായറാഴ്ച വൈകിട്ട് 4.30 മുതല്‍ 6 വരെ നാരങ്ങാ വിളക്ക് പൂജയും ഷഷ്ഠിവൃത പൂജ, എല്ലാ മലയാള മാസവും ഒന്നാം തീയതി വിശേഷാല്‍ ഗണപതി ഹോമവും ഉണ്ട്.
ഭദ്രാദേവിയും ദുര്‍ഗാദേവിയും തുല്യ പ്രാധാന്യ ത്തോടെ കുടികൊള്ളുന്ന ക്ഷേത്രമാണിത്. ഒപ്പം മഹാദേവനും ഉണ്ട്. ഗണപതി, മുരുകന്‍, അയ്യപ്പന്‍, രക്ഷസ്, മൂര്‍ത്തി, പേയ്, യോഗീശ്വരന്‍, യക്ഷി ഉപദേവതകളുമുണ്ട്.
എല്ലാ മലയാള മാസവും രേവതി നാളില്‍ രേവതി പൂജയും എല്ലാ മലയാള മാസവും ആയില്യം നാളില്‍ ആയില്യപൂജയും നൂറുംപാലും കാവില്‍ നടക്കും.
















