ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും. കള്ളത്തരവും കാപട്യവും ഒരിക്കല്‍ പിടിക്കപ്പെടുമെന്നത് പ്രകൃതിദത്തമായ കള്ളത്തരത്തിന്റെ ദുര്ബ്ബലതയും സത്യസന്ധതയുടെ നീതിശാസ്ത്രവുമാണ്. സമൂഹമനസ്സ് എന്നും സത്യസന്ധതയുടെ കൂടെയാണ്. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതയും. 2019 ജനുവരി മുതല്‍ ദല്‍ഹി ഹൈക്കോടതിയുടെ പരിരക്ഷയിലായിരുന്ന ചിദംബരത്തിന് ഏതാണ്ട് ഇരുപത് പ്രാവശ്യം കോടതിയുടെ ആനുകൂല്യം ലഭിക്കുകയുണ്ടായി. നിയമപരിരക്ഷ ലഭിച്ച് എട്ടുമാസത്തിന് ശേഷമാണ് ജാമ്യഹര്‍ജി കോടതി തള്ളുന്നത്. വിധിന്യായത്തില്‍ സൂചിപ്പിച്ചിട്ടുള്ള വരികള്‍ പ്രഥമദൃഷ്ടിയില്‍ കേസിന്റെ ഗൗരവത്തെ സമൂഹമനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കാന്‍ ഇടയാക്കുംവിധം ബൃഹത്തായ കള്ളപ്പണ ഇടപാടെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് മാത്രമല്ല ഈ ക്രമക്കേടിന്റെ യഥാര്‍ത്ഥ ആണി ഹര്ജിക്കാരന് തന്നെയാണെന്നും സൂചിപ്പിച്ചിട്ടുണ്ട്.
അമിത് ഷായുടെ പകയോ?
ചിദംബരത്തിന്റെ അറസ്റ്റിനെ വേട്ടയാടലും അമിത്ഷായുടെ പകരംവീട്ടലുമാണെന്ന കോണ്‍ഗ്രസ്സിന്റെ വാദങ്ങള്‍ അസംബന്ധവും ദുര്‍ബ്ബലവുമാണ്. മനുഷ്യസഹജമായ വികാരവിചാരങ്ങളില്ലെന്ന് പറയുന്നില്ലെങ്കിലും ലഭിക്കാവുന്ന തെളിവുകളും സാഹചര്യങ്ങളും ഈ വാദങ്ങളെ ഘണ്ഡിക്കുന്നു. ചിദംബരം ആറുകേസ്സുകളില് പ്രതിയാണ്. രണ്ട് കേസുകളില്‍ കൊടുത്ത മുന്‍കൂര്‍ ജാമ്യ അപേക്ഷകളില്‍ ആഗസ്റ്റ് 20ന് നിയമപരിരക്ഷ കിട്ടിയത് ഐഎന്‍എക്സ് മീഡിയ കേസില്‍ മാത്രമാണ്. പകപോക്കാനായിരുന്നെങ്കില് നിയമപരിരക്ഷ ഇല്ലാത്ത കേസില്‍ അറസ്റ്റ് ചെയ്യുകയോ കഴിഞ്ഞ അഞ്ചുവര്‍ഷം മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാമായിരുന്നു. താന്‍ കുഴിച്ച കുഴിയില്‍ സ്വയം വീണ ചിദംബരത്തെ സംരക്ഷിക്കാനും മുഖം മിനുക്കാനുമായി കോണ്‍ഗ്രസ്സ് ഉയര്‍ത്തുന്ന പൊള്ളയായ വാദങ്ങാണിതെല്ലാം.
ചിദംബരം എന്തിന് ഒളിച്ചു
വേട്ടയാടലും പകപോക്കലുമാണെങ്കില് മുന്‍ ആഭ്യന്തരമന്ത്രി മുപ്പത്തിരണ്ട് മണിക്കൂര്‍ എന്തിന് ഒളിവില്‍പോയി എന്നതാണ് പ്രധാനചോദ്യം. ജനാധിപത്യസമൂഹത്തില്‍ തെറ്റും ശരിയും നേര്‍ക്കുനേര്‍ നിന്ന് വാദിക്കുമ്പോള്‍ അതിന്റെ ആരോഗ്യകരമായ സത്തയെ സമൂഹം ഉള്‍ക്കൊള്ളുമെന്ന തിരിച്ചറിവ് കോണ്‍ഗ്രസ്സിനും ചിദംബരത്തിനും നഷ്ടപ്പെട്ടുപോയോ? മൊബൈല്‍ ഓഫ് ചെയ്ത് ഡ്രൈവറെ വഴിയില്‍വിട്ട് മുന്‍ ആഭ്യന്തരമന്ത്രി ഒളിവില്‍ പോയതും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ വികാരപ്രകടനത്തില്‍ മുഖം രക്ഷിക്കാന്‍ നോക്കിയതും ചിദംബരത്തിനും കോണ്‍ഗ്രസ്സിനും മാത്രമല്ല നാടിനുപോലും നാണക്കേടായിരിക്കുന്നു.
10 വര്‍ഷത്തിനു ശേഷം കേസ്
2007 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ എന്തുകൊണ്ട് ഐഎന്‍എക്സ് മീഡിയക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. സുപ്രീംകോടതിയില്‍ ചിദംബരം സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലെ അഞ്ച് വാദങ്ങളില്‍ പ്രധാന വാദവും ഇതാണ്. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരുന്നു. സ്റ്റാര്‍ ന്യൂസ് ടെലിവിഷന്‍ ചാനലില്‍നിന്നും മാറിയ ദമ്പതിമാരായ പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും സ്വന്തമായി തുടങ്ങിയ പുതിയ മാധ്യമസ്ഥാപനമാണ് ഐഎന്‍എക്സ് മീഡിയ എന്ന കമ്പനി. ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശനിക്ഷേപങ്ങള്‍ പ്രധാനമായും എഫ്ഡിഐ വഴി നേരിട്ടോ, പോര്‍ട്ട് ഫോളിയോ നിക്ഷേപം സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെയോ ആണ് സ്വീകരിക്കുന്നത്. എഫ്ഡിഐ വഴി നേരിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ എഫ്ഐപിബിയുടെ (വിദേശ നിക്ഷേപ പ്രമോഷന് ബോര്‍ഡ്) അംഗീകാരവും അനുവാദവും വേണം.
2007ല്‍ ചിദംബരം ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ ഐഎന്‍എക്സ് മീഡിയയുടെ 10 രൂപ മുഖവിലയുള്ള 46 ലക്ഷം ഷെയറുകള്‍ മൗറിഷ്യസ്സിലെ മൂന്ന് കമ്പനികള്‍ക്ക് കൈമാറാനും ഫണ്ട് സ്വരൂപിക്കാനും അപേക്ഷ നല്‍കുകയും അനുമതി നേടുകയുമുണ്ടായി. പത്ത് രൂപ മുഖവിലയുള്ള 46 ലക്ഷം ഷെയറുകള്‍ കൊടുത്ത് 4.68 കോടി രൂപയാണ് പരമാവധി വിദേശത്തുനിന്ന് നിക്ഷേപം സ്വീകരിക്കാന്‍ അനുവാദം ലഭിച്ചത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കുന്ന പ്രധാന ഇടപാടു രാജ്യമായ മൗറീഷ്യസില്‍നിന്ന് 305 കോടി രൂപയാണ് ഐഎന്‍എക്സ് മീഡിയ ഈ ഇടപാടിലുടെ നേടിയത്. 2007ല്‍ ഈ തട്ടിപ്പിനെതിരെ സ്വന്തം സ്ഥാപനത്തില്‍നിന്നുതന്നെ അന്നത്തെ വാര്‍ത്താവിതരണ വകുപ്പുമന്ത്രി പ്രിയരഞ്ജന് ദാസ് മുന്‍ഷിക്ക് പരാതി ലഭിക്കുകയുണ്ടായി. പരാതി ഇന്‍കംടാക്സ് മന്ത്രാലയത്തിന് വിടുകയും പരിശോധനയില്‍ വിദേശഫണ്ടായതിനാല് പരാതി എന്‍ഫോഴ്സ്മെന്റിനു കൈമാറുകയും ചെയ്തു. പ്രശ്നം ഗുരുതരമാകുമെന്ന് കണ്ടപ്പോള്‍ മുഖര്‍ജി ദമ്പതികള്‍ ധനമന്ത്രി ചിദംബരത്തെ സമീപിക്കുകയും ചിദംബരം തന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ കമ്പനിയായ ”ചെസ്സ് മാനേജ്മെന്റ് സര്‍വ്വീസ് കമ്പനി”ക്ക് ഇടപെടാന്‍ അവസരം ഒരുക്കുകയും ചെയ്തു. ഇതോടെ പത്തു രൂപ മുഖവിലയുള്ള ഷെയറിന്റെ വാല്യൂ 862.31 രൂപയായി ഉയര്‍ത്തിയ കാര്‍ത്തി ചിദംബരത്തിന്റെ കമ്പനി ധനമന്ത്രിയെ കണ്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. അതിന്റെ ഭാഗമായി ധനമന്ത്രാലയം പത്തുരൂപ മുഖവില മാറ്റി 862.31 രൂപ മുഖവിലയാക്കി. ബോര്‍ഡില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് പരാതി രമ്യമായി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചു.
ധനമന്ത്രാലയത്തിന്റെ സഹായത്തോടെ കാര്‍ത്തി ചിദംബരത്തിന് പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞതോടെ അന്വേഷണം മരവിച്ചു. ഇതിനിടയിലാണ് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എയര്‍സെല്‍ മാക്സിസ് കമ്പനിയുടെ 3500 കോടി രൂപയുടെ ഫണ്ട് വെട്ടിപ്പുമായ അന്വേഷണത്തില്‍ കാര്‍ത്തി ചിദംബരത്തിന്റെ ചീഫ് മാനേജര്‍ ജയരാമണ്ണയുടെ സ്ഥാപനത്തില്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയില്‍ ഐഎന്‍എക്സ് മീഡിയയില്‍നിന്നും 7 കോടി രൂപ കാര്‍ത്തി ചിദംബരത്തിന് ലഭിച്ചതായി തെളിവ് ലഭിച്ചു. മരവിച്ചു കിടന്ന കേസില്‍ അന്വേഷണം പുനരാരംഭിക്കുകയും അധികാരദുര്വിനിയോഗമടക്കം നടന്നതിന്റെ അടിസ്ഥാനത്തില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ച് 2017 മേയ് 15ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
അധികാരദുര്‍വിനിയോഗവും അഴിമതിയും നടന്നതിന്റെ തെളിവുകള്‍ ശേഖരിക്കപ്പെട്ടതോടെയാണ് ധനമന്ത്രിയായിരുന്ന ചിദംബരം പ്രതിപട്ടികയിലെത്തുന്നത്. ഇതിനിടയില്‍ ഇന്ദ്രാണി മുഖര്‍ജി മകളെ കൊന്ന കേസില്‍ ജയിലിലാവുകയും ഐഎന്‍എക്സ് മീഡിയ കേസില്‍ ധനമന്ത്രിയെന്ന നിലയില്‍ ചിദംബരത്തിന്റെ ഇടപെടലുകള്‍ക്ക് കൂടുതല്‍ തെളിവുകള്‍ നല്‍കുകയും മാപ്പുസാക്ഷിയായി മാറുകയും ചെയ്തു.
ചിദംബരം കോടികളുടെ
അധിപന്
2004 മുതല്‍ 2014 വരെയുള്ള 10 വര്‍ഷത്തിനുള്ളില്‍ ചിദംബരവും മകന് കാര്‍ത്തിയും കരസ്ഥമാക്കിയിട്ടുള്ളത് ശതകോടികളുടെ സമ്പത്താണ്. മലേഷ്യയിലും ബ്രിട്ടനിലും സിങ്കപ്പൂരിലും ശ്രീലങ്കയിലും സ്പെയിനിലും അടക്കം കാര്‍ത്തി ചിദംബരത്തിന്റെ പേരിലുള്ള സ്വത്തുക്കള്‍ക്ക് കണക്കില്ല. ഈ കാലയളവില്‍ ഇന്ത്യയില്‍ 500 നേത്രചികിത്സാ കേന്ദ്രങ്ങളും നിരവധി മാളുകളും ആരംഭിച്ചു. ദല്‍ഹി കോടതിയുടെ ജാമ്യം റദ്ദാക്കല്‍ വിധിന്യായത്തിന്റെ വരികള്‍ക്കിടയിലെ നിരീക്ഷണം അനുസരിച്ച് ഐഎന്‍എക്സ് മീഡിയ സാമ്പത്തിക തട്ടിപ്പു കേസില്‍ ചിദംബരം പ്രധാന ആണിയായ സൂത്രധാരനാണെന്നും ചിദംബരത്തെ അറസ്റ്റുചെയ്ത് വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ തെളിവുകള്‍ നേടണമെന്നും വ്യക്തമാക്കുന്നുണ്ട്. ജാമ്യഹര്‍ജി ഉടന്‍ പരിഗണിക്കപ്പെടണമെന്നുള്ള അപേക്ഷ സുപ്രീംകോടതിയും തള്ളി. ഇതോടെയാണ് അറസ്റ്റിനു കളമൊരുങ്ങിയത്. കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മറ്റൊരു ചോദ്യം രണ്ട് മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന നോട്ടീസിനെ കുറിച്ചാണ്. ഈ വാദം പൊള്ളയാണ്. നിശ്ചിതസമയം വ്യക്തമാക്കാത്ത നിയമത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ സമയവും സൗകര്യവുമാണ് പ്രധാനം.
ജനാധിപത്യത്തിന്റെ വിശുദ്ധത
സുപ്രീംകോടതിയില്‍ കൊടുത്ത മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അഞ്ച് കാര്യങ്ങളാണ് ചിദംബരം ഇന്ന് സൂചിപ്പിച്ചിട്ടുള്ളത്. പത്തു വര്‍ഷത്തിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്തതും എഫ്ഐആറില്‍ ചിദംബരത്തിന്റെ പേരില്ല എന്നതുമാണ് പ്രധാനവാദം. ഇതുരണ്ടും ക്രിമിനല്‍ നിയമപ്രകാരം ദുര്‍ബ്ബലമായ വാദങ്ങളാണ്. ദല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിക്കാന്‍ പറഞ്ഞ 2 കാരണങ്ങളില്‍ ഒന്ന് കേസിന്റെ ഗ്രാവിറ്റിയും (ഗൗരവം), മറ്റൊന്ന് ഒഴിഞ്ഞുമാറുന്ന ചിദംബരത്തിന്റെ സമീപനവുമാണ്.
കാലും കൈയും ഒടിക്കാതെ, കൂട്ടിലിടാതെ അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമാക്കിയാല്‍ ഏതുമതിലും ചാടി അവര്‍ പ്രതികളെ പിടിക്കും. ചക്കരക്കുടത്തില്‍ കൈയിട്ടവരെ കൈയാമം വയ്ക്കും. അതാണ് ചിദംബരത്തിന്റെ അറസ്റ്റില്‍ കാണുന്നത്. 2011ല്‍ ചിദംബരം ആഭ്യന്ത്രരമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കൈകളാല്‍ ഉദ്ഘാടനം ചെയ്ത സിബിഐ ആസ്ഥാനകെട്ടിടത്തിലാണ് കൈയാമവുമായി പ്രതിസ്ഥാനത്ത് ചിദംബരം കഴിഞ്ഞത്. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശുദ്ധത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: