ശിവാംശമായ ദുര്‍വാസാവു മഹര്‍ഷിയുടെ ശാപഫലമായി ദേവന്മാരെല്ലാവരും ശ്രീ നശിച്ചവരായി. അവര്‍ പലവിധ രോഗങ്ങളാല്‍ പീഡിതരായും ഏറെ അരിഷ്ടതകളാല്‍ വിഷമിച്ചും കാണപ്പെട്ടു. ഈ കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനത്തിന് മാര്‍ഗം തേടി ഇന്ദ്രാദികള്‍ ബ്രഹ്മാവിന്റെ മുമ്പിലെത്തി. പരമപുരുഷനായ ഭഗവാന് നാരായണനാണ് ഈ കഷ്ടാവസ്ഥയില്‍ ദേവന്മാരെ സഹായിക്കാന്‍ പ്രാപ്തനെന്ന് ബ്രഹ്മദേവന് വ്യക്തമാക്കി. മൂര്‍ത്തിത്രയത്തില്‍ സ്ഥിതിയുടെ ചുമതല നിര്‍വഹിക്കുന്ന ആ പരരമപുരുഷന് ഭക്തിയാല്‍ പ്രസാദിക്കും. ആ മഹാവിഷ്ണുവിനെ തന്നെ നമുക്ക് ആശ്രയിക്കാമെന്ന് ബ്രഹ്മദേവന് മറ്റു ദേവന്മാരെ അറിയിച്ചു.
ക്ഷീണിതരായിരുന്ന മറ്റു ദേവന്മാര്ക്ക് തുണയായി ബ്രഹ്മദേവന് സ്വയം നേതൃത്വമേറ്റെടുത്തു കൊണ്ട് പരമപുരുഷനെ ധ്യാനിച്ചു കൊണ്ട് ഭഗവന്നാമം ജപിച്ചു. ഭക്തന്മാരുടെ നാമജപസങ്കീര്ത്തനത്തില് ഭഗവാന് പ്രസാദിക്കുമെന്ന് ബ്രഹ്മദേവന് ഉറപ്പുണ്ടായിരുന്നു.
സര്‍വജ്ഞനായ ഭഗവാന് നാരായണന് പ്രത്യക്ഷനായി. ദേവന്മാരുടെ ക്ഷീണത്തിനും കഷ്ടത്തിനുമുള്ള പരിഹാരങ്ങള്‍ നിര്‍ദേശിച്ചു.
ആദ്യം വേണ്ടത് നയങ്ങളിലുള്ള വ്യത്യാസമാണ്. എന്തിനും ഏതിനും ഭേദം, ദണ്ഡം എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണം. സാമം, ദാനം ഇത്യാദി മാര്‍ഗങ്ങള്‍ക്ക് ആദ്യപ്രാധാന്യമുണ്ട് എന്ന് തിരിച്ചറിയണം. അസുരന്മാരുമായി സമാധാന കരാര്‍ ഉണ്ടാക്കണം. അവരെ മിത്രങ്ങളായി സ്വീകരിക്കണം. അതിനായി ദേവേന്ദ്രനും കൂട്ടരും അസുരരാജാവായ മഹാബലിയെ പോയി കാണണം.
എന്റെ ഭക്തനായ പ്രഹ്ലാദന്റെ പേരക്കുട്ടിയാണ് മഹാബലി. വിരോചനന്റെ മകന്. പ്രഹ്ലാദന് ഞാന്‍ വരം നല്‍കിയിട്ടുണ്ട്. ഇരുപത്തൊന്ന് തലമുറകളെ ഞാന്‍ രക്ഷ നല്കി ഉയര്‍ത്തുമെന്ന്.
അതും പോരാത്തതിന് മഹാബലി എന്റെ ഒരു ഉത്തമഭക്തനാണ്. കാലവും ഇപ്പോള്‍ അസുരന്മാര്ക്ക് അനുകൂലമാണ്. ദേവകളാവട്ടെ കര്‍മദോഷം കൊണ്ട് ശാപമേറ്റവരും. ഈ സമയത്ത് അല്പം ചിന്തിച്ചു പ്രവര്‍ത്തിക്കുന്നത് ഉചിതം.
അസുരന്മാരുമായി സന്ധി ചെയ്ത് എല്ലാരുമൊരുമിച്ച് പാലാഴിയെ മഥനം ചെയ്ത് കഠിന പരിശ്രമം നടത്തണം. പാലാഴി കടയുമ്പോള്‍ അതില്‍ നിന്ന് പലതും ഉയര്‍ന്നു വരും. അതിലൊന്നും ആഗ്രഹം വച്ച് കുടുങ്ങിപ്പോകരുത്.
ഒരു തപസ്സുപോലെ കര്‍മഫലങ്ങളില്‍ താല്പര്യമില്ലാതെ പ്രവൃത്തിയില്‍ മുഴുകണം. അന്തിമ ലക്ഷ്യത്തിനാണ് പ്രാധാന്യം. ഇടയ്ക്കു കാണപ്പെടുന്ന സിദ്ധികളില്‍ കണ്ണുവെയ്ക്കരുത്. അതൊക്കെ ആരുവേണമെങ്കിലും കൊണ്ടുപൊയ്ക്കോട്ടെ എന്നു കരുതണം. ഏറെ നേരത്തെ പാലാഴി കടയല്‍ കൊണ്ട് അമൃതം ഉയര്‍ന്നു വരും. അമൃതു സേവിക്കുന്നതിലൂടെ ദേവകള്‍ വീണ്ടും അമരന്മാരായി മാറും. പഴയ ഊര്‍ജസ്വലത വീണ്ടെടുക്കാനാകും.
ഇത്രയും നിര്‍ദേശങ്ങള്‍ നല്കി മഹാവിഷ്ണു അപ്രത്യക്ഷനായി. സൃഷ്ടി, സ്ഥിതി, സംഹാര കര്ത്താക്കന്മാര് മുന്നില്‍ നിന്ന് മറഞ്ഞശേഷം ദേവന്മാര് കൂടിയാലോചിച്ചു. എങ്ങനെയാണ് അസുരന്മാരുടെ മുന്നിലേക്ക് കടന്നു ചെല്ലുക? ഒരിക്കല്‍ ദേവേന്ദ്രന് മഹാബലിയെ യുദ്ധത്തില്‍ വധിച്ചതാണ്. അന്ന് ശുക്രാചാര്യര്‍ മൃതസഞ്ജീവനി മന്ത്രം ഉപയോഗിച്ച് മഹാബലിയെ പുനര്‍ജീവിപ്പിക്കുകയായിരുന്നു. ആ വൈരാഗ്യവും അതിന്റെ പ്രതികാര ബുദ്ധിയുമെല്ലാം മഹാബലിക്കുണ്ടാകില്ലേ. എന്നാല്‍ മഹാവിഷ്ണു പോലും മഹാബലിയെ കാണാന്‍ നിര്‍ദേശിച്ച സ്ഥിതിക്ക് ഇനി അത് അനുസരിക്കാതിരിക്കാന്‍ നിവൃത്തിയില്ലെന്ന് ഒടുവില്‍ ദേവകള്‍ വിലയിരുത്തി.
9447213643
പ്രതികരിക്കാൻ ഇവിടെ എഴുതുക: