ന്യൂദല്‍ഹി: മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥ് രാജിവച്ചത് അച്ചടക്ക നടപടി പുരോഗമിച്ചപ്പോള്‍. കശ്മീര്‍ കാര്യം പറയാന്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തതിനാലാണ് രാജിവച്ചതെന്നാണ് കണ്ണനും കണ്ണനെ അനുകൂലിക്കുന്നവരും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഏല്‍പ്പിച്ച ജോലിയില്‍ വീഴ്ചവരുത്തിയതിനും മറ്റും കണ്ണനെതിരെ നേരത്തെ തന്നെ അച്ചടക്ക നടപടി തുടങ്ങിയിരുന്നു. ജോലിയില്‍ നിന്ന് മുങ്ങുക, എവിടെയാണെന്നു പോലും അറിയിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് നടപടി തുടങ്ങിയിരുന്നത്.ആഗസ്ത് 21നാണ് കണ്ണന്‍ രാജിവച്ചത്. പക്ഷെ ജൂലൈയില്‍ തന്നെ ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. ഗുരുതരമായ കൃത്യവിലോപം, ജോലിയിലെ വീഴ്ച, മേലുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മെമ്മോയില്‍ ചൂണ്ടിക്കാട്ടിരുന്നത്.
2012ലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ദാദ്ര നഗര്‍ ഹവേലിയിലെ ഊര്‍ജ, പരാമ്പര്യേതര ഊര്‍ജസെക്രട്ടറിയായിരുന്നു. മഹാപ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി ചാക്ക് ചുമന്നതും മറ്റും വലിയ വാര്‍ത്തയായിരുന്നു. പക്ഷെ സ്വന്തം ജോലിയില്‍ വീഴ്ച വരുത്തുകയും മേലുദ്യോഗസ്ഥരെ മാനിക്കാതിരിക്കുകയും ചെയ്യുന്നതിനാണ് നോട്ടീസ്. ജൂലൈ എട്ടിനാണ് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചത്. ഇതിന് ജൂലൈ 31ന് കണ്ണന്‍ മറുപടി നല്‍കി. താന്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും മറ്റുമുള്ള പതിവു മറുപടി. തനിക്ക് 2018ലെ വിലയിരുത്തലില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പത്തില്‍ 9.95 മാര്‍ക്ക് നല്‍കിയതായും കണ്ണന്‍ പറയുന്നു. കേരളത്തില്‍ പ്രളയം വന്നപ്പോള്‍ എങ്ങനെ സഹായിക്കാമെന്ന് കണ്ടെത്തി പദ്ധതി തയ്യാറാക്കാനാണ് പോയത്. മടങ്ങി വന്നശേഷം പോലും ഒരു റിപ്പോര്‍ട്ടും നല്‍കിയില്ല. ഇതിന് കണ്ണന്‍ കൃത്യമായ മറുപടി നല്‍കുന്നുമില്ല. താന്‍ അച്ചടക്കം ലംഘിച്ചിട്ടില്ല, വീഴ്ച വരുത്തിയിട്ടില്ല. അതിനാല്‍ നടപടി ഉപേക്ഷിക്കണം എന്നും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു എന്നും മാത്രമാണ് മറുപടിയില്‍.
എന്നാല്‍ സര്‍ക്കാര്‍ നടപടി തുടരുന്ന സാഹചര്യത്തിലാണ് രാജിയെന്നാണ് സൂചന. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങളുമുണ്ട്. സര്‍ക്കാര്‍ നയത്തിനെതിരെ പ്രതികരിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകും. കശ്മീര്‍ വിഷയത്തില്‍ തെറ്റായ വാര്‍ത്തകളും അവിടെ അസ്വസ്ഥയുണ്ടാക്കുന്ന പ്രതികരണങ്ങളും എല്ലാം നിയന്ത്രിച്ചുവരികയാണ് സര്‍ക്കാര്‍. അതിനിടെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതും സര്‍ക്കാര്‍ വിരുദ്ധ നയം സ്വീകരിക്കുന്നതും. എന്നാല്‍ ഇതിന്റെ പേരിലല്ല സര്‍ക്കാര്‍ നടപടി എടുത്തിരിക്കുന്നത്. ജോലിയില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ്.
















