കൊല്ലം: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പാക്കിസ്ഥാനില്‍ നിന്നും കൊല്ലം കളക്ടറേറ്റിലേക്ക് സന്ദേശം. ഇന്ത്യന്‍ സൈന്യം എത്രയും വേഗം കശ്മീര്‍ വിട്ടുപോകണമെന്നാണ് കൊല്ലം കളക്ട്രേറ്റിലേക്ക് സന്ദേശം എത്തിയിരിക്കുന്നത്. ജില്ലാ ദുരന്തനിവാരണ സമിതിയുടെ വാട്ട്‌സ് ആപ്പ് നമ്പറിലേക്കാണ് സന്ദേശമെത്തിയത്. ഭീഷണി സന്ദേശം ചൊവ്വാഴ്ച രാത്രി 10.30നാണ് എത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനയില്‍ കറാച്ചിയിലെ ഫോണില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞു.ഉറുദു ഭാഷയിലുള്ള സന്ദേശം ഇംഗ്ലീഷ് അക്ഷരങ്ങളുപയോഗിച്ചാണ് ടൈപ്പ് ചെയ്തിരിക്കുന്നത്.
ഹിന്ദുസ്ഥാന്‍ മൂര്‍ദ്ദാബാദ്, പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് തലക്കെട്ടിലാണ് സന്ദേശം നല്‍കിയിരിക്കുന്നത്. ”കാശ്മീരില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കുക. അല്ലെങ്കില്‍ എല്ലാ പട്ടികളെയും കൊന്നുകളയും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ഞങ്ങളുടെ ഹിറ്റ്‌ലിസ്റ്റിലുണ്ട്.” എന്നിങ്ങനെയാണ് സന്ദേശം. സന്ദേശത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചു. . ദുരന്തനിവാരണ സെല്ലിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കളക്ടര്‍ പോലീസിനെ വിവരമറിയിച്ച. പോലീസ് എത്തി ഫോണും നമ്പരും പരിശോധിച്ചു.ഐ ടി നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു.
2016ല്‍ കളക്ടറേറ്റ് സ്ഥതി ചെയ്യുന്ന കൊല്ലം സിവില്‍ സ്‌റ്റേഷന്‍ സമുച്ചയത്തില്‍ നേരത്തെ ഭീകരവാദികള്‍ ബോംബ് സ്‌ഫോടനം നടത്തിയിരുന്നു. രാജ്യത്ത് മുസ്ലീങ്ങളോട് വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് ബേസ് മൂവ്‌മെന്റ് എന്ന സംഘടനയാണ് ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തത്. 2016 ഏപ്രില്‍ ഏഴിനും നവംബര്‍ ഒന്നിനുമിടയ്‌ക്കുള്ള കാലയളവില്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണാടകയിലെ മൈസൂരു, കേരളത്തിലെ കൊല്ലം, മലപ്പുറം എന്നിവിടങ്ങളിലെ കോടതിവളപ്പുകളില്‍ സ്‌ഫോടനമുണ്ടാക്കിയതും ഇവരായിരുന്നു. ഈ വിഷയം നിലനില്‍ക്കുന്നതിനിടെയാണ് ജില്ലാ ദുരന്തനിവാരണ സമിതിയുടെ വാട്ട്‌സ് ആപ്പ് നമ്പര്‍ കൃത്യമാക്കി മനസിലാക്കി പാക്കിസ്ഥാനില്‍ നിന്നും സന്ദേശം എത്തിയത്.
















