കൊച്ചി: സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് യാക്കോബായ സഭാ തലവന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ. ഏതു കോടതി വിധി ഉണ്ടെങ്കിലും യാക്കോബായ സഭയുടെ പള്ളികള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് പുത്തന്‍കുരിശില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബാവ പറഞ്ഞു.
ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു അനുകൂലമായി സുപ്രീം കോടതി വിധിവന്നതിനു പിന്നാലെയാണ് യാക്കോബായ സഭാ തലവന്റെ ഈ അഭിപ്രായം. അന്യന്റെ മുതല്‍ അപഹരിക്കുകയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ജോലിയെന്നും സഭയുടെ ഭരണഘടന അവര്‍ തിരുത്തിയെന്നും അദ്ദേഹം കുറ്റപെടുത്തി.
യാക്കോബായ സഭയെ തുരത്തുക എന്നതാണ് അവരുടെ ലക്ഷ്യം. ഞാനതുകൊണ്ട് ഒരു തീരുമാനമെടുത്തു. ഇനിയേത് കോടതിവിധി വന്നാലും നമ്മുടെ പള്ളികളൊന്നും വിട്ടുകൊടുക്കുകയില്ല. നമ്മള്‍ മാറിക്കൊടുക്കുകയുമില്ല. കട്ടച്ചിറ പള്ളിയില്‍ സംഭവിച്ചതുപോലെ എല്ലായിടത്തും സംഭവിക്കുമെന്ന് വിചാരിക്കേണ്ടന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പറഞ്ഞു.
















