മലപ്പുറം: ക്ഷേത്രം തകര്‍ക്കാന്‍ സാമൂഹ്യവിരുദ്ധരുടെ ശ്രമം. എടയൂര്‍ പഞ്ചായത്തിലെ സി.കെ.പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ശ്രീധര്‍മ്മശാസ്താ ക്ഷേത്രമാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. തിങ്കളാഴച രാത്രി എട്ടു മണിക്കു ശേഷമാണ് സാമൂഹ്യവിരുദ്ധര്‍ ക്ഷേത്രത്തില്‍ കടന്നത്. ചുറ്റമ്പലത്തിനുള്ളില്‍ കയറാന്‍ സാധിക്കാത്തതിനാല്‍ പുറത്തെ നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകര്‍ക്കുകയും വിസര്‍ജ്യ വസ്തുക്കള്‍ പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിയുകയും ചെയ്തു.
ആസൂത്രിതമാണ് അക്രമമെന്ന് ട്രസ്റ്റിയും കമ്മറ്റി ഭാരവാഹികളും പറഞ്ഞു. തൊഴുവാനൂര്‍ വെള്ളാട്ട് ജാനകി അമ്മയുടെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം 45 വര്‍ഷം മുന്‍പാണ് നാട്ടുകാരുടെ ശ്രമഫലമായി പുനരുദ്ധരിച്ച് പൂജാകര്‍മ്മങ്ങള്‍ തുടങ്ങിയത്. ക്ഷേത്രം തകര്‍ത്ത് ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്താന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര കമ്മറ്റിയും നാട്ടുകാരും ആവശ്യപ്പെട്ടു.
















