തിരുവനന്തപുരം: സാധാരണക്കാരന്റെ അടുക്കളയില്‍ ന്യായവിലയ്‌ക്ക് അരി എത്തിക്കുമെന്നത് പാഴ്‌വാക്കാവുന്നു. സപ്ലൈകോ ഷോപ്പുകളിലൂടെ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന അരി കിട്ടണമെങ്കില്‍ അന്യായവില നല്‍കി മറ്റ് സാധനങ്ങള്‍ കൂടി വാങ്ങണം.
സംസ്ഥാനത്ത് അരി വില കുതിച്ചുയരുമ്പോള്‍ വിലക്കുറവിന്റെ ആശ്വാസം തേടി സപ്ലൈകോ ക്യൂവിലെത്തുന്നവര്‍ അവിടത്തെ പിടിച്ചുപറിയില്‍ പൊറുതിമുട്ടുകയാണ്. സപ്ലൈകോ ഷോപ്പുകളില്‍ ജീവനക്കാരാണ് സബ്‌സിഡി അരിക്കായി വരുന്നവരോട് പുതിയ തന്ത്രം പയറ്റുന്നത്.
ഒരു റേഷന്‍ കാര്‍ഡിന് ആഴ്ചയില്‍ 25 രൂപ നിരക്കില്‍ അഞ്ച് കിലോ അരിയാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി നല്‍കുന്നത്. രാവിലെ മുതല്‍ ഈ ന്യായവില അരി വാങ്ങാന്‍ ഓരോ ഔട്ട്‌ലെറ്റിനു മുന്നിലും നീണ്ട ക്യൂവാണുള്ളത്. പൊരിവെയിലില്‍ ഉന്തുംതള്ളും കഴിഞ്ഞ് ഊഴമെത്തുമ്പോള്‍ സബ്‌സിഡിയില്ലാത്ത മൂന്ന് കിലോ അരിയും മറ്റ് സാധനങ്ങളും വാങ്ങിയാലെ സബ്‌സിഡി അരി കിട്ടൂവെന്ന് അറിയിപ്പ് വരും. ഇതോടെ ലാഭം പ്രതീക്ഷിച്ചെത്തിയവരുടെ കീശ കാലിയാവും.
സപ്ലൈകോയില്‍ നിന്ന് ഇതുസംബന്ധിച്ച് കര്‍ശനനിര്‍ദേശങ്ങളൊന്നുമില്ലെങ്കിലും ഔട്ട്‌ലെറ്റ് മാനേജര്‍മാരും ജീവനക്കാരുമാണ് പാവങ്ങളെ പിഴിയുന്നത്. ഓരോ ഔട്ട്‌ലെറ്റുകള്‍ക്കും പ്രതിമാസം കുറഞ്ഞത് 8 ലക്ഷം രൂപയുടെ വിറ്റുവരവ് കാണിക്കണമെന്നതാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. ഇതാണ് വിറ്റഴിക്കാനാവാതെ സൂക്ഷിച്ചിട്ടുള്ള സാധനങ്ങള്‍ അടിച്ചേല്‍പ്പിച്ച് സാധാരണക്കാരെ വലയ്‌ക്കുന്നത്.
ഇത്തരത്തില്‍ സബ്‌സിഡിയില്ലാത്ത സ്റ്റേഷണറി സാധനങ്ങളും പലവ്യജ്ഞനങ്ങളും വാങ്ങുന്നതോടെ സബ്‌സിഡി ആനുകൂല്യം ഫലത്തില്‍ നഷ്ടമാകും. സബ്‌സിഡി അരിമാത്രം ജനങ്ങള്‍ വാങ്ങിപ്പോയാല്‍ മറ്റ് സാധനങ്ങള്‍ വിറ്റഴിക്കാനാവാത്ത സാഹചര്യമുണ്ടാകുമെന്നാണ് ജീവനക്കാരുടെ ഭാഷ്യം.
















