തിരുവനന്തപുരം : ശബരിമല വിമാനത്താവളം പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം ഒത്തുതീര്‍പ്പാക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ ഒരുങ്ങുന്നു. വിമാനത്താവളത്തിനായുള്ള എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഒത്തു തീര്‍പ്പാക്കുന്നതിനായാണ് നിയമനം.
2262 ഏക്കര്‍ വരുന്ന എസ്റ്റേറ്റ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് കൗണ്‍സിലിനു കീഴിലാണ് ഉള്ളത്. എന്നാല്‍ വിമാനത്താവളം പണിയുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചര്‍ച്ചുമായി ഇതുവരെ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നം പരിഹരിക്കപ്പെടാതെ സ്തംഭിച്ചതിനെ തുടര്‍ന്നാണ് ഓഫീസറെ നിയമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന്റേതാണ് തീരുമാനം.
വിമാനത്താവളത്തിനായി സാധ്യതാപഠനം നടത്തിയ ലൂയി ബ്ഗര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോഴും നിയമവകുപ്പിന്റെ പരിഗണനയിലാണ്. ഭൂമി സര്‍ക്കാരിന്റെ ഉടമസ്ഥതയിലല്ലാത്തതിനാല്‍ മണ്ണുപരിശോധനയും പരിസ്ഥിതി ആഘാതപഠനവും നടത്താനായിട്ടില്ല. ഇതുകൂടി പൂര്‍ത്തിയായാല്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനു പദ്ധതി സമര്‍പ്പിക്കാനാവൂ.
അതിനിടെ കേരളത്തിലെ വ്യോമയാനമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനക്കമ്പനി മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 31നു തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്രവ്യോമയാന സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ഇതില്‍ പങ്കെടുക്കും. തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കു കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങണമെന്ന ആവശ്യവും സര്‍ക്കാര്‍ യോഗത്തില്‍ മുന്നോട്ടുവയ്‌ക്കും.
















