കോഴിക്കോട്: അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാരന്‍ അറസ്റ്റില്‍. പുല്ലൂരാം പാറയില്‍ ആകാശപ്പറവകളെന്ന പേരില്‍ അഗതിമന്ദിരം നടത്തിയ ഡാനിയലാണ് അറസ്റ്റിലായത്. അന്തേവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവമ്പാടി പോലീസാണ് നടപടികള്‍ സ്വീകരിച്ചത്.
സാമൂഹ്യനീതി വകുപ്പിന്റെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തിലായിരുന്നു സ്ഥാപനത്തില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഇവിടുത്തെ അന്തേവാസികളായ 41 സ്ത്രീകളെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി അഗതിമന്ദിരം പൂട്ടി. വൃദ്ധമന്ദിരം നടത്താനുളള ലൈസന്‍സ് മാത്രമുളള സംഘടന മാനസീക വെല്ലുവിളി നേരിടുന്ന സ്ത്രീകളെയാണ് ഇവിടെ പാര്‍പ്പിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുളള 41 പേരെ ഇടുങ്ങിയ മുറികളില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.
കേന്ദ്രത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കിട്ടിയ പരാതിയെത്തുടര്‍ന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം സാമൂഹ്യനീതി വകുപ്പ് മെഡിക്കല്‍ സംഘത്തെ കഴിഞ്ഞയാഴ്ച പരിശോധനയ്‌ക്കയച്ചപ്പോഴാണ് ലൈംഗിക പീഡനം സംബന്ധിച്ച് അന്തേവാസികള്‍ വെളിപ്പെടുത്തിയത്.
















