കൊല്ലം : സിപിഎം നല്‍കിയ പട്ടികയില്‍ നിന്ന് നിയമനം നടത്താത്തതിനാല്‍ പ്രതിഷേധിച്ച് ഡോക്ടറെ സ്ഥലംമാറ്റിയെന്ന് ആരോപണം. കൊല്ലം അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. എസ്. സജീവിനെയാണ് നീണ്ടകരയിലേക്ക് മാറ്റിയത്. നടപടിക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി കഴിഞ്ഞു.
ആശുപത്രിയിലേക്കുള്ള എക്‌സ് റേ, ഇസിജി ടെക്‌നീഷ്യന്മാരുടെ നിയമനം സിപിഎം നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നല്‍കിയ പട്ടികയില്‍ നിന്ന് വേണമെന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഡോക്ടര്‍ സജീവ് അത് അംഗീകരിച്ചില്ല. തുടര്‍ന്ന് ആശുപത്രി വികസന സമിതി അംഗീകരിച്ച് നല്‍കിയ പട്ടിക പ്രകാരം നിയമനം നടത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ബ്ലോക്ക് പഞ്ചായത്തും അംഗീകരിച്ചില്ല. വിഷയം തര്‍ക്കത്തിലേക്ക് നീണ്ടതോടെ ഡോക്ടറെ നീണ്ടകരയിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.
അതിനിടെ ഡോ. സജീവിനെതിരെയുള്ള നീക്കത്തിനെതിരെ ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരും അഞ്ചല്‍ സാമൂഹികരോഗ്യകേന്ദ്രത്തിലെ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. നടപടിക്കെതിരെ ഡോ. സജീവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.
അതേസമയം ഡോക്ടര്‍ രോഗികളോട് മോശമായി പെരുമാറുന്നതായി പരാതി കിട്ടിയിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റിയതെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരണം നല്‍കുന്നത്. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആരോഗ്യവകുപ്പിന് കത്തും നല്‍കിയിരുന്നു. എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
















