കേരളത്തിന്റെ അധസ്ഥിത പിന്നാക്ക ജനവിഭാഗത്തിന്റെ മുന്നണി പോരാളി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പട്ടികജാതി വിഭാഗത്തിന്റെ അവകാശങ്ങള്‍ നേടിയെടുത്ത നവോത്ഥാന നായകന്, അവകാശ പോരാട്ടത്തിലൂടെ അധികാരവര്‍ഗ്ഗത്തിനെ വിറപ്പിച്ച കരുത്തനായ സാമുദായിക നേതാവ്, പിന്നാക്കവിഭാഗത്തില്‍നിന്ന് സാമാജികനായ ആദ്യ വ്യക്തി. ലോകത്തിലെ ആദ്യ കാര്‍ഷികവിപ്ലവത്തിന് നേതൃത്വം നല്കിയ വിപ്ലവനായകന് അങ്ങനെ ഒട്ടനവധി സവിശേഷതകളുള്ള മഹാത്മാ അയ്യങ്കാളിയുടെ 157-ാമത് ജന്മദിനമാണ് ഇന്ന്.
നാടുവാഴിത്വത്തിന്റെയും, ജന്മിത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെ അധികാരകാലഘട്ടത്തില്‍ ജാതീയതയും, അയിത്തവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങുതകര്‍ത്ത് വാണിരുന്ന ഒരു കാലഘട്ടം. അടിച്ചമര്‍ത്തപ്പെട്ട, സമൂഹത്തിന്റെ അവകാശങ്ങള്‍ നിഷേധിച്ചപ്പോള്‍ പൊതുനിരത്തുകളിലൂടെ നടക്കാനുള്ള സഞ്ചാരസ്വാതന്ത്ര്യം, പൊതുകിണറുകളില്‍നിന്ന് ഒരുതുള്ളിവെള്ളമെടുക്കാനുള്ള സ്വാതന്ത്ര്യം, മീശവെയ്ക്കാനും മാറുമറയ്ക്കാനുമുള്ള മാനുഷിക അവകാശങ്ങള്‍ ഒരു ജനതയ്ക്കുവേണ്ടി നേടിയെടുത്ത് ഒഴുക്കിനെതിരെ നീന്തി വിജയം വരിച്ച മഹാനായ അയ്യങ്കാളിയുടെ സ്മരണയ്ക്കുമുന്നില്‍ ഒരായിരം പ്രണാമം.
ദീര്‍ഘവീക്ഷണമായിരുന്നു അയ്യങ്കാളിയുടെ മുഖമുദ്ര. വിദ്യാഭ്യാസവും, കൃഷിയും അടിസ്ഥാനപ്പെടുത്തിയ ഒരു സംസ്ക്കാരത്തേയും ജനതയേയും വാര്‍ത്തെടുക്കലിനായിരുന്നു അയ്യങ്കാളി പ്രാധാന്യം നല്‍കിയത്. തന്റെ സമൂഹത്തില്‍നിന്ന് പത്ത് ബിഎക്കാരെ സൃഷ്ടിക്കലാണ് മുഖ്യലക്ഷ്യമെന്ന് വെങ്ങാനൂരില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ മഹാത്മാഗാന്ധിയോട് അയ്യങ്കാളി പറയുകയുണ്ടായി. വിദ്യാഭ്യാസം കൊണ്ട് മാത്രമേ ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാന്‍ സാധിക്കൂ എന്ന് അയ്യങ്കാളി ഉറച്ചുവിശ്വസിച്ചിരുന്നു. കര്‍ഷകരാണ് ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ എന്ന് മനസിലാക്കിയ അയ്യങ്കാളി തന്റെ സമൂഹം കാര്‍ഷിക മേഖലയിലേക്കും, കൃഷിയിലേക്കും ഇറങ്ങിത്തിരിക്കണം എന്ന് ആഹ്വാനം ചെയ്തു.
തിരുവിതാംകൂറിന്റെ പ്രജാസഭയില്‍ അംഗമായ ആദ്യപട്ടികജാതിക്കാരന്‍, അധികാരത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്ന കാഴ്ച്ചപ്പാടിന് ശക്തി നല്‍കുന്നതായിരുന്നു. തന്റെ നിയമസഭാസാമാജികത്വം ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണലിപികളാല്‍ കുറിക്കാന്‍ അയ്യങ്കാളിക്ക് സാധിച്ചു. നിയമസഭാസാമാജികത്വം തന്റെ സമുദായത്തിന്റെ അവകാശസംരക്ഷണത്തിനും പുരോഗതിക്കുമാണ് അയ്യങ്കാളി വിനിയോഗിച്ചത്. കേരളത്തില്‍ കാലാകാലങ്ങളായി പട്ടികജാതി സംവരണസീറ്റുകളില്‍നിന്ന് വിജയിച്ചുവന്നിട്ടുള്ള എംഎല്‍എമാരും, എംപിമാരും മന്ത്രിമാരും ഈ സമൂഹത്തെ സഹായിക്കാനും സംരക്ഷിക്കാനും തയ്യാറാകാതെ അധികാരത്തിന്റെ ശീതളച്ചായയില്‍ മയങ്ങി കോടീശ്വരന്മാരായി മാറിയതും നാം സമകാലികത്വത്തില്‍ കണ്ടുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തിന്റെ മണ്ണ് ഉഴുതുമറിച്ച അയ്യങ്കാളിക്ക് കേരളം അര്‍ഹമായ പ്രാധാന്യം കൊടുത്തോ എന്നതും നാം പരിശോധിക്കേണ്ടതില്ലെ? റഷ്യന്‍ വിപ്ലവത്തിന് മുമ്പെ 1907ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന കാര്‍ഷികലഹള എന്തുകൊണ്ട് ചരിത്രത്തില്‍ ഇടംപിടിക്കാതെ പോയി. കേരളത്തിന്റെ ചരിത്രമെഴുതിയ ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടിന്റെ ചരിത്രപുസ്തകത്തില്‍ അയ്യന്‍കാളിയുടെ നാമധേയം ഒരിടത്തുപോലും സ്പര്‍ശിക്കപ്പെടാതിരുന്നത് എന്തുകൊണ്ട്? അയ്യങ്കാളിയുടെ നിയമസഭാസമാജികത്വത്തിന്റെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന അനന്തപുരിയിലെ വിജെടി ഹാളിന് അയ്യങ്കാളിയുടെ പേരിടണമെന്ന കേരളീയ പൊതുസമൂഹത്തിന്റെ ആവശ്യത്തെ നിരാകരിച്ചതിന് പിന്നില്‍ ആര്? ഇടതുപക്ഷത്തിന്റെ കൂലിയെഴുത്തുകാരായ ചരിത്രകാരന്മാരുടെ കറുത്ത കൈകളായിരുന്നു അയ്യങ്കാളിയുടെ ചരിത്രം പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാത്തതിന്റെ പിന്നിലെന്ന് കാണാന്‍ സാധിക്കും.
അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍ രാജ്യത്തെ അധസ്ഥിത-പിന്നോക്ക വിഭാഗങ്ങള്‍ക്ക് മാതൃകയായിരുന്നു എന്നിട്ടും എന്തുകൊണ്ട് കേരളത്തിന്റെ നാലതിരുകളില്‍ മാത്രം അയ്യങ്കാളിയെ ഒതുക്കിനിര്‍ത്തി എന്നത് ഒരു ചോദ്യംകൂടിയാണ്. പട്ടികജാതി സമൂഹത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെട്ട് ചോരയും, നീരും ഊറ്റിക്കുടിച്ച് ഈ സമൂഹത്തെ ഉപേക്ഷിച്ച സിപിഎം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അയ്യങ്കാളിയോട് കാണിച്ചത് കടുത്ത അവഗണനയായിരുന്നു. ഇന്ന് ബിജെപി ഉള്‍പ്പെടുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ മഹാത്മാ അയ്യങ്കാളിക്ക് അര്‍ഹമായ പരിഗണന നല്കി ആദരിച്ചുപോരുന്നതും ഇവിടെ ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: