തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചതുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസില്‍ ഉടലെടുത്ത പോര് ഫേയ്‌സ്ബുക്കിലേക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫേയ്‌സ്ബുക്ക് പേജിലെ പ്രൊഫൈല്‍ ചിത്രത്തിനു താഴെയാണു ഇപ്പോള്‍ അണികളുടെ ചേരിതിരഞ്ഞുള്ള തമ്മില്‍ തല്ല. തരൂരിനെ പിന്തുണച്ച് വലിയൊരു വിഭാഗം രംഗത്തെത്തിയതോടെ അതിനെ തടുക്കാന്‍ മറുവിഭാഗവും സജീവമായി. ഇതോടെ പരസ്പരം വിഴുപ്പലക്കലിനുള്ള ഇടമായി മാറിയിരിക്കുകയാണ് മുല്ലപ്പള്ളിയുടെ ഫേയ്‌സ്ബുക്ക് പേജ്. മോദിയെ എപ്പോഴും വിമര്‍ശിക്കേണ്ടതില്ലെന്ന പ്രസ്താവനയില്‍ ശശി തരൂരിനോട് വിശദീകരണം തേടിയതോടെയാണു മുല്ലപ്പള്ളിയെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയത്.
ഫേയ്‌സ്ബുക്കില്‍ മുല്ലപ്പള്ളിയുടെ പ്രൊഫൈല്‍ ചിത്രത്തിനു താഴെയാണ് തരൂര്‍ അനുകൂല കമന്റുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ശശി തരൂരിനെതിരെ പുറത്തെടുക്കുന്ന ഈ ഊര്‍ജ്ജത്തിന്റെ പത്തിലൊന്നെങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പുറത്തെടുക്കാമോ നേതൃത്വമേ..!കൂലിക്ക് ആളെ വെച്ച് തരൂര്‍ എഴുതിയ ബുക്കുകള്‍ ഒന്ന് വായിപ്പിക്ക് , എന്നിട്ട് അര്‍ത്ഥം പറഞ്ഞ് തരാന്‍ പറയെന്നതടക്കം കമന്റുകളാണു മുല്ലപ്പള്ളിക്കെതിരേ ഉള്ളത്.
ഇതിനു പിന്നാലെയാണ് പാര്‍ട്ടിയാണ് വലുതെന്ന സന്ദേശവുമായി മറ്റൊരു വിഭാഗം മുല്ലപ്പള്ളിക്ക് അനുകൂലമായി രംഗത്തെത്തിയത്. അതേസമയം മോദി സ്തുതി വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ചും വിമര്‍ശകരെ പരിഹസിച്ചും ശശി തരൂര്‍ എംപി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. നിലപാട് അംഗീകരിച്ചില്ലെങ്കിലും തന്റെ സമീപനത്തോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹുമാനം കാണിക്കണമെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
















