കോട്ടയം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സുരക്ഷയില്‍ സംസ്ഥാന പോലീസ് വീഴ്ച വരുത്തി. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് നിന്ന് തീവണ്ടി മാര്‍ഗം കോട്ടയത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പമുള്ള സിഐഎസ്എഫ് കമാന്‍ഡോകള്‍ക്ക് സഞ്ചരിക്കാന്‍ വാഹനം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയില്ല.
കോഴിക്കോട് നിന്ന് പുറപ്പെട്ട അദ്ദേഹം പുലര്‍ച്ചെ 4.40നാണ് കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയത്. പന്ത്രണ്ട് സുരക്ഷാഭടന്മാരാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.
വാഹനമില്ലാത്തതിനെ തുടര്‍ന്ന് സര്‍സംഘചാലക് പത്ത് മിനിറ്റോളം റെയില്‍വേ സ്റ്റേഷനില്‍ കാത്ത് നിന്നു. അതീവ സുരക്ഷയുള്ള അദ്ദേഹത്തെ കോട്ടയത്ത് എത്തുന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പു തന്നെ അധികൃതര്‍ക്ക് ലഭിച്ചതാണ്. എന്നിട്ടും സുരക്ഷാകാര്യത്തില്‍ അലംഭാവമുണ്ടായി. കൂടാതെ സുരക്ഷാകാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിരുന്നില്ല.
സര്‍സംഘചാലകിന് മതിയായ സുരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ പോലീസ് ബോധപൂര്‍വം വീഴ്ച വരുത്തിയെന്ന ആക്ഷേപം ശക്തം.
















