കോട്ടയം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും ജസ്റ്റിസ് കെ.ടി. തോമസുമായുള്ള ചര്‍ച്ചയില്‍ നിറഞ്ഞു നിന്നത് അരുണ്‍ ജെയ്റ്റ്‌ലി. ജെയ്റ്റ്‌ലിയെക്കുറിച്ചാണ് ഏറെ സമയവും സംസാരിച്ചതെന്ന് ജസ്റ്റിസ് തോമസ് പറഞ്ഞു. രാഷ്‌ട്രീയത്തിന് അതീതമായ ബന്ധങ്ങളായിരുന്നു ജെയ്റ്റ്‌ലിക്ക്. രാഷ്‌ട്രീയ എതിരാളികളുടെ കേസില്‍ പോലും കോടതികളില്‍ ഹാജരായി ജെയ്റ്റ്‌ലി മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
പ്രമുഖ അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ.ഒ.എം. മാത്യുവിനെയും മോഹന്‍ ഭാഗവത് സന്ദര്‍ശിച്ചു. പ്രമുഖ വ്യക്തികളെ സമ്പര്‍ക്കം ചെയ്യുന്നതിന്റെ ഭാഗമായി ജസ്റ്റിസ് കെ.ടി. തോമസിനെ സന്ദര്‍ശിച്ചപ്പോള്‍, മുതിര്‍ന്ന സ്വയംസേവകനെന്ന നിലയിലാണ് എംജി സര്‍വകലാശാലാ വിവേകാനന്ദ ചെയര്‍ മുന്‍ ചെയര്‍മാന്‍ പ്രൊഫ. ഒ.എം. മാത്യുവിനെ കണ്ടത്. വീടുകളിലെത്തിയായിരുന്നു കൂടിക്കാഴ്ച.
കഞ്ഞിക്കുഴിയിലെ കെ.ടി. തോമസിന്റെ വീട്ടില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ് സര്‍സംഘചാലക് എത്തിയത്. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. തന്റെ ന്യായാധിപ ജീവിതത്തിലെ വിവിധ മുഹൂര്‍ത്തങ്ങളുടെ ഫോട്ടോകളും പുസ്തക ശേഖരവും ജസ്റ്റിസ് തോമസ് അദ്ദേഹത്തിന് കാണിച്ച് കൊടുത്തു. മോഹന്‍ ഭാഗവതുമായി നേരത്തെ സൗഹൃദമുണ്ട്. മുമ്പ് ആര്‍എസ്എസ് ചടങ്ങില്‍ എത്തിയപ്പോള്‍ ഭാഗവത് തന്റെ വീട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. അതാണിപ്പോള്‍ നടന്നത്, ജസ്റ്റിസ് തോമസ് പറഞ്ഞു.
ഭാഗവതുമായി രാഷ്‌ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും ജസ്റ്റിസ് തോമസ് വ്യക്തമാക്കി. പ്രൊഫ. ഒ.എം. മാത്യുവിന്റെ വീട്ടിലെത്തിയ മോഹന്‍ ഭാഗവതിന് ഇന്റഗ്രല്‍ ഹ്യൂമനിസം; തിയറി ആന്‍ഡ് പ്രാക്ടീസ് എന്ന പുസ്തകം ഉപഹാരമായി നല്‍കി. മൂന്ന് മുന്‍ സംഘചാലകുമാരുമായി തനിക്കുണ്ടായിരുന്ന ബന്ധം പ്രൊഫ. മാത്യു പങ്കുവച്ചു.
ബാലാസാഹിബ് ദേവറസ്, രാജേന്ദ്ര സിങ്, കെ.എസ്. സുദര്‍ശന്‍ എന്നിവരുമായാണ് ബന്ധമുണ്ടായിരുന്നത്. താന്‍ പരിചയപ്പെടുന്നത് നാലാമത്തെ സര്‍സംഘചാലകിനെയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് അഖിലേന്ത്യാ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍, പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ക്ഷേത്രീയ സമ്പര്‍ക്ക വിഭാഗ് അംഗം എ. ജയകുമാര്‍, പ്രാന്തകാര്യകാരി സദസ്യന്‍ അഡ്വ. എന്‍. ശങ്കര്‍റാം, കോട്ടയം വിഭാഗ് സംഘചാലക് എം.എസ്. പദ്മനാഭന്‍, വിഭാഗ് പ്രചാരക് കിരണ്‍, സംഭാഗ് പ്രചാരക് ഉണ്ണികൃഷ്ണന്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു. ജസ്റ്റിസ് കെ.ടി. തോമസിന്റെയും പ്രൊഫ. മാത്യുവിന്റെയും കുടുംബാംഗങ്ങളെയും സര്‍സംഘചാലക് പരിചയപ്പെട്ടു.
















