കൊച്ചി: പിതാവിന്റെ അര്‍ബുദ ചികിത്സക്കായി പണം മുഴുവന്‍ ചെലവാക്കിയതിനെ തുടര്‍ന്ന് സെമസ്റ്റര്‍ ഫീസടക്കാന്‍ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിക്ക് കൈത്താങ്ങായി സംവിധായകന്‍ മേജര്‍ രവി. അച്ഛന്റെ ചികിത്സയ്‌ക്ക് പണം ചെലവഴിച്ചതിനാല്‍ സെമസ്റ്റര്‍ ഫീസടയ്‌ക്കാന്‍ തന്റെ കൈയില്‍ പണമില്ലെന്ന് കുട്ടി സുഹൃത്തുക്കള്‍ക്കയച്ച വാട്‌സാപ്പ് മെസ്സേജ് മേജര്‍ രവിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് ഇടപെടല്‍. തുടര്‍ന്ന് ഇന്നലെ കോളജില്‍ നേരിട്ടെത്തി ഫീസടയ്‌ക്കാനുള്ള പണം അദേഹം നല്‍കിയത്. തൃക്കാക്കര കെഎംഎം കോളജിലെ വിദ്യാര്‍ത്ഥിക്കാണ് മേജര്‍ രവി കൈത്താങ്ങായത്.
ഇന്നലെ പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തിയ അദേഹത്തിന്റെ ആവശ്യപ്രകാരം വിദ്യാര്‍ത്ഥിയെ റൂമിലേക്ക് വിളിച്ച് വരുത്തുകയും 18,000 രൂപ വിദ്യാര്‍ത്ഥിയെ കൊണ്ട് തന്നെ പ്രിന്‍സിപ്പലിന് കൊടുക്കുകയും ചെയ്തു. കടമായാണ് പണം തരുന്നതെന്നും പഠിച്ച് മിടുക്കനായി വലിയ നിലയിലെത്തുമ്പോള്‍ ആവശ്യക്കാരെ സഹായിച്ച് ആ കടം വീട്ടണമെന്നും മേജര്‍ രവി വിദ്യാര്‍ത്ഥിയോട് പറഞ്ഞു.
















