കോട്ടയം: കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദുരഭിമാനക്കൊലയായ കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്കെല്ലാം ഇരട്ട ജീവപര്യന്തം. പത്തു പ്രതിളാണ് കേസില്‍. ശിക്ഷ ഒരുമിച്ച അനുഭവിച്ചാല്‍ മതിയാകും. പ്രതികള്‍ക്കെല്ലാം 40000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പിഴയായി ഈടാക്കുന്ന തുകയിൽ നിന്നും ഒരു ലക്ഷം രൂപ പ്രധാന സാക്ഷിയായ അനീഷിനും ബാക്കി തുക നീനുവിനും കെവിന്റെ അച്ഛനും തുല്യമായി വീതിച്ച് നൽകും.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നു കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. കോടതി നിരീക്ഷണം കേട്ട പ്രതികള്‍ കോടതിയില്‍ പൊട്ടിക്കരയുകയും ചെയ്തു. കെവിന്റേത് ദുരഭിമാനക്കൊലെയാണെന്നും കേസിലെ പത്തു പ്രതികള്‍ കുറ്റക്കാരെന്നും കോട്ടയം ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കേസ് ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനുള്ള വാദത്തിനായി ആണു വിധി മാറ്റിയത്. കേസില്‍ കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ കുറ്റവിമുക്തനാക്കിയിരുന്നു. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ തുടങ്ങി 14 പ്രതികളാണു കേസിലുള്ളത്. ഇതില്‍ പത്തു പേരായിരുന്നു കുറ്റക്കാര്‍. ഏഴു പ്രതികള്‍ പതിന്നാലര മാസമായി ജാമ്യം ലഭിക്കാതെ റിമാന്‍ഡിലാണ്. രണ്ട് പ്രതികള്‍ ആറു മാസത്തിനു ശേഷം ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും വിസ്താരസമയത്തു സാക്ഷിയെ മര്‍ദിച്ചതായി കേസ് എടുത്തതോടെ ജാമ്യം റദ്ദാക്കിയിരുന്നു.
2018 മേയ് 28നായിരുന്നു സംഭവം. തെന്മലയ്‌ക്കു സമീപത്തെ ചാലിയക്കര പുഴയില്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു കേസ്. കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്നു കെവിനെയും ബന്ധു അനീഷിനെയും മേയ് 27ന് 13 അംഗ സംഘം തട്ടിക്കൊണ്ടുപോയി. അനീഷിനെ സംക്രാന്തിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി അവര്‍ കടന്നുകളഞ്ഞു. പിന്നീട് തെന്മലയില്‍നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.
ആകെ 113 സാക്ഷികളാണുള്ളത്. വിസ്താരത്തിനിടെ ആറു സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇവരില്‍ രഹസ്യമൊഴി നല്‍കിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ നടപടിയെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെവിന്റെ ഒപ്പം തട്ടിക്കൊണ്ടുപോയ ഇരയും പ്രധാന സാക്ഷിയുമായ അനീഷ് സെബാസ്റ്റ്യന്‍, കെവിന്റെ ഭാര്യ നീനു, കെവിന്റെ അച്ഛന്‍ ജോസഫ്, കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന സാനു ചാക്കോ സഞ്ചരിച്ച കാര്‍ പരിശോധിക്കുകയും പ്രതികളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ഇവരുമായി പല തവണ ഫോണില്‍ സംസാരിക്കുകയും ചെയ്ത എഎസ്‌ഐ ടി.എം.ബിജു തുടങ്ങിയവരെ കോടതിയില്‍ വിസ്തരിച്ചു. പ്രധാന സാക്ഷികള്‍ എല്ലാം പ്രതികള്‍ക്കെതെരേ മൊഴി നല്‍കിയ മൊഴി കേസില്‍ ഏറെ സുപ്രധാനമായിരുന്നു.
















