ഒരു സാധാരണ കാര്‍ ഡ്രൈവര്‍ ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ചു പിടിക്കപ്പെട്ടത് ഒരു അസാധാരണ നിമിത്തമായി മാറി. കാരണം ആ ഡ്രൈവറുടെ അറസ്റ്റ് വഴിതെളിച്ചത് ഷീന ബോറ എന്ന മകളെ ഇന്ദ്രാണി മുഖര്‍ജിയെന്ന അമ്മ കൊന്നുകളഞ്ഞ കൊലപാതകത്തിന്റെ രഹസ്യം ആണെങ്കില്‍ അതിന്റെ പിന്നണിയില്‍ തെളിഞ്ഞുവന്നത് ഇന്ത്യയെ ഞെട്ടിക്കുന്ന ഒരു സാമ്പത്തിക കുറ്റകൃത്യത്തിന്റെ കഥകൂടിയാണ്. അതില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ഇന്ത്യയുടെ മുന്‍ ധനകാര്യ മന്ത്രി തന്നെ. അവിടെനിന്ന് 12 വര്‍ഷംകൊണ്ട് ചുരുള്‍ അഴിഞ്ഞത് കള്ളപ്പണത്തിന്റെയും സാമ്പത്തിക കുംഭകോണത്തിന്റെയും നീണ്ടനിര. ക്ലാസ്സിക് കള്‍ട്ട് ഒരു ഉദാഹരണം മാത്രം. അതാണ് ചിദംബരത്തിന്റെയും മകന്റെയും പേരില്‍ ഇപ്പോള്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടിരിക്കുന്ന കേസ്.
വിദേശത്തും സ്വദേശത്തും ആയി കാര്‍ത്തി ചിദംബരം ബുദ്ധിപരമായി അനവധി പേപ്പര്‍ കമ്പനികള്‍/ഷെല്‍ കമ്പനികള്‍ എന്നിവയുടെ ഒരു ചിലന്തി വലയം തന്നെ തീര്‍ത്തു. ഏതൊരു കോര്‍പ്പറേറ്റ് ഭീമനോ പണമുള്ളവര്‍ക്കോ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയോ സഹായമോ ആവശ്യമുണ്ടെങ്കില്‍ ഉടനടി ഇത്തരം ഷെല്‍ കമ്പനികള്‍ അത് അറിയുന്നു. ഉടനെ അവരെ സമീപിക്കുന്നു. ഒരു കമ്മീഷന്‍ തുക നിശ്ചയിച്ചുറപ്പിച്ച ശേഷം അത് അവര്‍ പറയുന്ന കമ്പനികളിലേക്ക് പ്രതിഫലമായി ട്രാന്‍സ്ഫര്‍ ചെയ്യുന്നു. അതോടെ നോര്‍ത്ത് ബ്ലോക്കിലെ അനുമതിയും പരിഹാരവും അവര്‍ക്കുവേണ്ടി മലര്‍ക്കെ തുറക്കപ്പെടും. ഈ വാങ്ങുന്ന പണം വിദേശത്തുനിന്ന് നികുതി അടച്ച വിദേശ നിക്ഷേപമായി പിന്നീട് പല വഴികളിലൂടെ സഞ്ചരിച്ച് ടാക്‌സ് ഹാവന്‍സ് എന്നറിയപ്പെടുന്ന രാജ്യങ്ങളിലെ ഷെല്‍ കമ്പനി അക്കൗണ്ടുകളിലൂടെ ഇന്ത്യയില്‍തന്നെ തിരികെയെത്തും. അതില്‍ എഫ്‌ഐപിബിയുടെ അനുമതി മറികടന്നുകൊണ്ട് വന്ന രണ്ട് അനധികൃത വിദേശ നിക്ഷേപങ്ങളുടെ പേരിലാണ് ഇപ്പോള്‍ കേസ് നടക്കുന്നത്. ഐഎന്‍എക്‌സ് മീഡിയയുടെ 305 കോടിയുടെ തട്ടിപ്പും എയര്‍സെല്‍-മാര്‍ക്‌സിസ് കമ്പനിയിലേക്ക് വന്ന 5700 കോടിയുടെ വിദേശ നിക്ഷേപ തട്ടിപ്പുമാണിവ.
എഎസ്‌സിപിഎല്‍, സ്പാന്‍ ഫൈബര്‍, സത്യം ഫൈബേര്‍സ്. ഈ മൂന്നു കമ്പനികള്‍വഴി വാങ്ങിയ പണത്തിന്റെ കണക്കും തീയതിയും, പണം വന്ന വഴികളും ഈ കമ്പനികളിലേക്ക് പണം അയച്ച ഐഎന്‍എക്‌സ് മീഡിയയുടെ അനധികൃത അക്കൗണ്ടിലെ ഇടപാടും അവര്‍ക്ക് ലഭിച്ച എഫ്‌ഐപിബിയുടെ അനുമതിയുടെ തീയതികളും കൂട്ടിയോജിപ്പിച്ചു നടത്തിയ അന്വേഷണത്തിലാണ് കാര്‍ത്തി ചിദംബരത്തിന്റെ കൂടെ അച്ഛന്‍ ചിദംബരവും സംശയത്തിന്റെ നിഴലില്‍ വരുന്നത്. പിന്നീട് അതിന്റെ ചുവടുപിടിച്ച് സിബിഐ നടത്തിയ അന്വേഷണമാണ് ചിദംബരത്തെ കുടുക്കിയത്. പക്ഷെ ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ തക്ക മൊഴിയും തെളിവും സിബിഐയ്‌ക്ക് ലഭിക്കുന്നത് ഇന്ദ്രാണി മുഖര്‍ജി എന്ന ഐഎന്‍എക്‌സ് മീഡിയ ഉടമ മാപ്പുസാക്ഷിയാകാന്‍ കോടതി മുന്‍പാകെ തയ്യാറായതോടെയാണ്. ഇന്ദ്രാണി മുഖര്‍ജി ഇപ്പോള്‍ ജയിലില്‍ ആണ്. ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട കൊലപാതക കേസില്‍, സ്വന്തം മകളെ കൊലപ്പെടുത്തിയ കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണ്. ഇന്ന് ഇന്ത്യ ഭരിക്കുന്നത് നരേന്ദ്രമോദി സര്‍ക്കാരാണ്. പളനിയപ്പന്‍ ചിദംബരത്തിന്റെ പൊളിറ്റിക്കല്‍ കരിസ്മക്ക് മുന്നില്‍ തല കുമ്പിട്ടുനിന്ന മുന്‍ പ്രധാനമന്ത്രി അല്ല.
കടലാസ്സ് കമ്പനികളുടെ ഓഹരി ഇടപാടുകള്‍
ഐഎന്‍എക്‌സ് മീഡിയയുടെ കമ്മീഷന്‍ പണം എത്തിച്ചേര്‍ന്ന എഎസ്‌സിപിഎല്‍ എന്ന കമ്പനിയുമായി തനിക്ക് ഒരുബന്ധവും ഇല്ലെന്നാണ് കാര്‍ത്തി ചിദംബരം വാദിക്കുന്നതെങ്കിലും കാര്‍ത്തിയുമായുള്ള പരോക്ഷബന്ധം സിബിഐ കൃത്യമായി കണ്ടെത്തി. പിന്നീട് കാര്‍ത്തിയും കാര്‍ത്തിയുടെ സുഹൃത്തായ മോഹനന്‍ രാജേഷും ചേര്‍ന്ന് എഎച്ച്‌ഐപിഎല്‍ എന്ന ഒരു കമ്പനി തുടങ്ങുന്നു. ശേഷം എഎസ്‌സിപിഎല്‍ എന്ന കമ്പനിയുടെ 66% ഓഹരികള്‍ എഎച്ച്‌ഐപിഎല്‍ എന്ന കമ്പനിക്ക് വില്‍ക്കുന്നു. അപ്പോള്‍ ഐഎന്‍എക്‌സ് മീഡിയ അടക്കമുള്ളവരില്‍നിന്ന് പണം കൈപ്പറ്റുന്ന കമ്പനി ആയ എഎസ്‌സിപിഎല്ലിന്റെ ഉടമയും ഉടയോനും യഥാര്‍ത്ഥത്തില്‍ ആരാണ് എന്ന് മനസ്സിലാക്കാം. പക്ഷെ പണം വാങ്ങുന്ന കമ്പനിയില്‍ കാര്‍ത്തി ചിദംബരം ഇല്ല കേട്ടോ! പിന്നീട് നടന്ന സിബിഐ അന്വേഷണത്തില്‍ എഎസ്‌സിപിഎല്‍ എന്ന കമ്പനിയിലേക്കും കമ്പനിയില്‍നിന്നുമായി നടത്തിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും കാര്‍ത്തിയുടെ അനുമതിയോടെ ആണെന്ന് തെളിയിക്കുന്ന ഇമെയില്‍ രേഖകളും ഫോണ്‍ രേഖകളും പണം നല്‍കിയവര്‍, പണം കൈപ്പറ്റിയവര്‍ തുടങ്ങിയവരില്‍നിന്നും ലഭിക്കുന്നു. അവരെല്ലാം ഒരേസ്വരത്തില്‍ ഇടപാടുകള്‍ക്ക് പിന്നില്‍ കാര്‍ത്തിയായിരുന്നു എന്ന് ഉറപ്പിച്ചുപറഞ്ഞു. പക്ഷെ അവര്‍ പണം നല്‍കിയ എഎസ്‌സിപിഎല്‍ കമ്പനി ‘കാര്‍ത്തിയുടെ അല്ല’ എന്നുമാത്രം. അതായിരുന്നു കാര്‍ത്തിയുടെ പിടിവള്ളി. നിയമപരമായി തന്നെയാണ് നിയമലംഘനവും. ഈ കേസിലെ പല സുപ്രധാനമായ രേഖകളും ലഭിക്കുന്നത് ഈ കേസില്‍ നേരിട്ട് ബന്ധമില്ലാത്ത കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയ ഭാസ്‌കര രാമനെ ചോദ്യം ചെയ്യുന്നതോടെയാണ്. ഭാസ്‌കര രാമന്റെ കമ്പ്യൂട്ടറില്‍നിന്ന് ലഭിച്ച രേഖകളാണ് പിന്നീട് ശക്തമായ തെളിവുകളായി മാറിയത്.
വാസന്‍ ഐ കെയര്‍ – കണ്ണില്‍ പൊടിയിടാന്‍ കണ്ണാശുപത്രി
എയര്‍സെല്‍-മാര്‍ക്‌സിസ് കേസ് അന്വേഷിക്കുന്ന ഇഡിയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം മൗറീഷ്യസില്‍നിന്നുള്ള ഒരു സീഖോ ക്യാപ്പിറ്റല്‍ ഇന്ത്യ ഇന്‍വസ്റ്റ്‌മെന്റ്‌സ് ഹോള്‍ഡിങ്സ് എന്ന കമ്പനി, കാര്‍ത്തി ചിദംബരവും ആയി ‘നേരിട്ട് ഒരു ബന്ധവും ഇല്ലാത്ത’ കമ്പനി ആയ എഎസ്‌സിപിഎല്ലില്‍ നിന്ന്, വാസന്‍ ഐ കെയറിന്റെ 30,000 ഓഹരികള്‍ വാങ്ങുന്നു. ആ വഴിയില്‍ എഎസ്‌സിപിഎല്ലിന്റെ അക്കൗണ്ടിലേക്ക് 22 കോടി രൂപ എത്തിച്ചേരുന്നു. അതിലെ രസകരമായ വസ്തുത, ഓരോ ഓഹരിയും 7500 രൂപ വിലയില്‍ അധികം നല്‍കിയാണ് വാങ്ങിയത്. അതായത് വാസന്‍ ഐ കെയറിന്റെ മാര്‍ക്കറ്റ് വിലയേക്കാള്‍ ഓരോ ഓഹരിക്കും 7500 രൂപ അധികം നല്‍കി. ഓരോ പണമിടപാട് നടക്കുമ്പോഴും കള്ളപ്പണം ഇരട്ടിച്ച് ബാലന്‍സ് ഷീറ്റില്‍ വെള്ളപ്പണം ആവുന്ന സുന്ദരമായ ഒരു സംവിധാനമാണ് സിബിഐ പൂട്ടിക്കെട്ടിയത്.
നരേന്ദ്ര മോദിയെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി അധികാരം ഏല്‍ക്കും മുന്‍പ് വോട്ടുതേടിവരുമ്പോള്‍ ജനങ്ങളോട് ഒരു വാക്ക് പറഞ്ഞിരുന്നു. ‘മോഷ്ടിക്കില്ല, മോഷ്ടിക്കാന്‍ അനുവദിക്കുകയും ഇല്ല’. നിങ്ങളുടെ നാടിന്റെ, നിങ്ങളുടെ നികുതി പണത്തിന്റെ വിശ്വസ്തനായ ഒരു ‘ചൗക്കിദാര്‍ – കാവല്‍ക്കാരന്‍’ ആയിരിക്കും ഞാന്‍ എന്ന്. മോദി വാക്കുപറഞ്ഞത് ഒന്നൊന്നായി അദ്ദേഹം നിറവേറ്റി വരുന്നു. അത് ആര്‍ട്ടിക്കിള്‍ 370, ജിഎസ്ടി എന്നിവ മാത്രമല്ല, അഴിമതിയുടെ തമ്പുരാക്കന്മാരെ കടപുഴക്കി എറിഞ്ഞ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ശുദ്ധീകരിക്കുന്ന, മാലിന്യമുക്തമാക്കി എടുക്കുന്ന സാമ്പത്തിക രംഗത്തെ സ്വച്ഛ് ഭാരത് അഭിയാന്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഇനിയും വലിയ വിലയുള്ള തലകള്‍ ഉരുളും ദല്‍ഹിയില്‍. ഇത് ഐസ്മലയുടെ ഒരു അഗ്രം മാത്രമാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇനിയും പുത്രന്മാരും പുത്രികളും കഥാപാത്രങ്ങളായ കഥകള്‍ വരുന്നത് കാത്തിരിക്കുന്നു ഇന്ത്യ.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: